കൊലക്കേസില്‍ പ്രതിക്ക്‌കഠിന തടവും പിഴയുംtimely news image

തൊടുപുഴ: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ യുവാവിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ചിത്തണ്ണി അമ്പഴച്ചാല്‍ മറ്റത്തില്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ കറുത്തമുത്ത്‌ എന്നു വിളിക്കുന്ന സേവ്യറെ കൊലപ്പെടുത്തിയ കേസിലാണ്‌ വിധി. കേസിലെ ഏക പ്രതിയായ ഉടുമ്പന്നൂര്‍ ചീനിക്കുഴി ഉറുമ്പിക്കുന്നേല്‍ അഭിലാഷിനെ (39)യാണ്‌ തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി വി ജി ശ്രീദേവി ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. തൊടുപുഴയില്‍ റോഡ്‌ ടാറിംഗ്‌ ജോലികള്‍ക്കും ഇതര കൂലിപ്പണികള്‍ക്കും പോയിരുന്ന ആളാണ്‌ സേവ്യര്‍. പ്രതിയുമായി സേവ്യറിന്‌ മുന്‍ പരിചയമുണ്ടായിരുന്നു. പ്രതിയും സമാനമായ ജോലികളുമായി തൊടുപുഴയില്‍ ചുറ്റിത്തിരിഞ്ഞിരുന്ന ആളാണ്‌. 2015 നവംബര്‍ 15 ന്‌ തൊടുപുഴ ടൗണിലെ ഒരു ഇടവഴിയില്‍ വച്ചാണ്‌ കൊലപാതകം നടന്നത്‌. സംഭവത്തിന്‌ അല്‌പം മുമ്പ്‌ മരണമടഞ്ഞ സേവ്യറും പ്രതിയും തമ്മില്‍ മദ്യക്കുപ്പിയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ വിരോധം മനസില്‍ വച്ച്‌ പ്രതി ഇടവഴിയിലെ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന സേവ്യറെ പട്ടികക്കഷണം കൊണ്ട്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. ഒറ്റ അടിയില്‍ തന്നെ മരണം സംഭവിച്ചു. സേവ്യര്‍ക്കൊപ്പമുണ്ടായിരുന്ന വെള്ളിയാമറ്റം സ്വദേശിനി സെലീനയെയും പ്രതി ആക്രമിച്ചിരുന്നു. ഇവര്‍ കേസില്‍ 11-ാം സാക്ഷിയാണ്‌. ഇവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക്‌ മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷയുണ്ട്‌. തൊടുപുഴ സി ഐയുടെ ചുമതലയുണ്ടായിരുന്ന ഇ പി റെജിയുടെനേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ കേസന്വേഷിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി കോലോത്ത്‌ ഹാജരായി.  Kerala

Gulf


National

International