റഫാലില്‍ അഴിമതി കണ്ടെത്തിയെന്ന പരാമർശം: രാഹുലിന് സുപ്രീം കോടതി നോട്ടീസ്timely news image

ഡൽഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരമാർശത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. റഫാൽ ഇടപാടിൽ സുപ്രീം കോടതി അഴമിതി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചതിനെ ചൂണ്ടിക്കാട്ടി ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം. കേസ് വീണ്ടും ഏപ്രിൽ 22ന് പരിഗണിക്കും. ''റഫാൽ ഇടപാടിൽ അഴിമതി നടത്തിയെന്ന തരത്തിൽ‌ ഞങ്ങൾ നീരീക്ഷണം നടത്തിയിട്ടില്ല. ഞങ്ങളുടെ ഉത്തരവ് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ തെറ്റായി വ്യാഖ്യാനം ചെയ്യരുത്. മൂന്ന് രേഖകൾ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കണമോയെന്ന വിഷയം മാത്രമാ‌ണ് കോടതി പരിശോധിച്ചതെന്നും'' ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. രഹസ്യസ്വഭാവമുള്ളതെന്നും മോഷ്ടിക്കപ്പെട്ടതെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ട രേഖകൾ പുനഃപരിശോധന ഹർജികൾക്കൊപ്പം തെളിവായി സ്വീകരിക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയായിരുന്നു പരാതിക്കിടയാക്കിയ രാഹുലിന്‍റെ പ്രസംഗം. 'ചൗക്കിദാർ ചോർ ഹെ' എന്ന തന്‍റെ നിലപാട് സുപ്രീം കോടതി ശരിവച്ചു എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.Kerala

Gulf


National

International