കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിtimely news image

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടെ, കോതമംഗലം ചെറിയ പള്ളി സർക്കാർ  ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റിന്‍റെ അധികാരം ഉപയോഗിച്ച് ജില്ലാ കലക്റ്റർ അടിയന്തരമായി പള്ളി ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്‍റെ ബെഞ്ച് നിർദേശിച്ചു. മലങ്കരസഭയിലെ പള്ളികളുടെ ഭരണാവകാശം ഓർത്തഡോക്സ് വിഭാഗത്തിനു നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ സുപ്രീം കോടതി വിധി അനുസരിച്ച് കോതമംഗലം പള്ളിയിൽ പ്രാർഥന നടത്തുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരക്ഷ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും യാക്കോബായ വിഭാഗം പ്രതിഷേധിച്ചു രംഗത്തെത്തിയതോടെ ഇതു നടപ്പാക്കാനായില്ല. ഇതിനെത്തുടർന്നാണ് വീണ്ടും ഹർജിയുമായി റമ്പാൻ ഹൈക്കോടതിയിൽ എത്തിയത്. പള്ളിയുടെ ഭരണം ഉടൻ തന്നെ ജില്ലാ കലക്റ്റർ ഏറ്റെടുക്കണമെന്ന് കോടതി നിർദേശിച്ചു. പള്ളിയിലുള്ള എല്ലാവരെയും നീക്കം ചെയ്യണം. സ്ഥിതിഗതികൾ ശാന്തമായ ശേഷം പള്ളി മതപരമായ ചടങ്ങുകൾക്കായി ഓർത്തോഡക്സ് പക്ഷത്തിനു കൈമാറണം. ക്രമസാധാന പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാവണം പള്ളി കൈമാറുന്നതെന്ന് കോടതി നിർദേശിച്ചു.Kerala

Gulf


National

International