മണക്കാട്‌ പഞ്ചായത്തില്‍ അശാസ്‌ത്രീയമായി നല്‍കിയ ഇന്റര്‍കണക്ഷന്‍ നീക്കം ചെയ്യണം : കോണ്‍ഗ്രസ്സ്‌timely news image

തൊടുപുഴ : മണക്കാട്‌ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 18 കോടി രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയ വാട്ടര്‍ അതോറിറ്റിയുടെ സമ്പൂര്‍ണ്ണ ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്നും താല്‍ക്കാലിക ലാഭത്തിനായി പഞ്ചായത്ത്‌ അധികൃതരുടെ നിര്‍ഗദ്ദേശപ്രകാരം പഴയ പദ്ധതിയുടെ ലൈനുകളുമായി ഇന്റര്‍ലിങ്ക്‌ ചെയ്‌തതുവഴി നിരന്തരം പൈപ്പുകള്‍ പൊട്ടി ജലം പാഴായി പോകുകയും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയുമുണ്ടായി. പഞ്ചായത്തിലെ പുതുപ്പരിയാരം, മൈലാടുംപാറ, കുടുക്കാമറ്റം, മണക്കാട്‌, വള്ളിമലക്കുന്ന്‌, പെരുംഞ്ചിറക്കുന്ന്‌ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ദുരിതമനുഭവിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട്‌ സത്വരനടപടി ആവശ്യപ്പെട്ട്‌ നിരവധി തവണ പഞ്ചായത്ത്‌ അധികാരികളെ സമീപിച്ചെങ്കിലും അനങ്ങാപ്പാറനയം ,സ്വീകരിക്കുകയാണുണ്ടായത്‌. പുതിയ പദ്ധതിയും പഴയപദ്ധതിയുമായി ഇന്റര്‍കണക്ഷന്‍ നല്‍കേണ്ടി വന്നത്‌ പഞ്ചായത്ത്‌ അധികൃതരുടെ സമ്മര്‍ദ്ദം മൂലമാണെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതരും പറയുന്നു. നിരന്തരമായി പൈപ്പുകള്‍ പൊട്ടി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട ഘട്ടത്തില്‍ തദ്ദേശവാസികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട്‌ പരാതി ഉന്നയിച്ചതിന്റെ വെളിച്ചത്തില്‍ ബന്ധപ്പെട്ട അസി. എഞ്ചിനീയര്‍ സ്ഥലസന്ദര്‍ശനം നടത്തി കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത ബോധ്യപ്പെടുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അസി. എഞ്ചിനീയറുമായി കൂടിക്കാഴ്‌ച നടത്തി ചര്‍ച്ച ചെയ്യുകയും പരിഹാരനിര്‍ദ്ദേശമായി ഉന്നക്കാട്ടുമല വാട്ടര്‍ ടാങ്കില്‍ നിന്നും വരുന്ന വിതരണലൈന്‍ രണ്ടായി തിരിയുന്ന പുതുപ്പരിയാരം-ചിറ്റൂര്‍ റോഡില്‍ ഒരു വാല്‍വ്‌ ഘടിപ്പിച്ച്‌ കൂടുതല്‍ ജലക്ഷാമം നേരിടുന്ന ഭാഗത്തേയ്‌ക്ക്‌ കൂടുതല്‍ വെള്ളം ലഭിക്കത്തക്ക രീതിയില്‍ ക്രമീകരണം നടത്തുവാനും ധാരണയായി. ഇതിനാവശ്യമായ വാല്‍വ്‌ പൊതുവിപണിയില്‍ ലഭ്യമല്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ പ്രത്യേക ഓര്‍ഡര്‍ നല്‍കി ഒരാഴ്‌ചക്കകം ലഭ്യമാക്കാമെന്നും തീരുമാനിച്ചു. ഒരാഴ്‌ചക്കുശേഷം ലഭിച്ച വാല്‍വ്‌ ഘടിപ്പിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചതറിഞ്ഞ്‌ പഞ്ചായത്ത്‌ ഭരണക്കാരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഉപരോധിച്ചെന്നും അങ്ങനെ ഉപരോധിച്ചപ്പോള്‍ പെട്ടെന്ന്‌ വാല്‍വ്‌ ലഭ്യമായെന്നും ഇന്നുതന്നെ ലൈനില്‍ ഘടിപ്പിച്ച്‌ ജലവിതരണം കാര്യക്ഷമമാക്കുമെന്നും പ്രചരിപ്പിച്ച്‌ പത്രങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടത്തിയ കപടനാടകം ഇന്‍ര്‍കണക്ഷന്‍ നല്‍കാന്‍ കൂട്ടു നിന്നതുവഴി പൊതുജനങ്ങളിലുണ്ടായ അവമതിപ്പില്‍ നിന്നും രക്ഷനേടുവാനാണെന്ന വസ്‌തുത ഏവര്‍ക്കും മനസ്സിലായി. മണക്കാട്‌ പഞ്ചായത്തില്‍ നടപ്പാക്കിയ ശുദ്ധജലവിതരണ പദ്ധതിയിലെ മുഴുവന്‍ ഇന്റര്‍കണക്ഷനുകളും നീക്കം ചെയ്‌ത്‌ പഴയപദ്ധതിയിലെ മുഴുവന്‍ ഉപഭോക്താക്കളുടെയും കണക്ഷനുകള്‍ പുതിയ സ്‌കീമിലെ ലൈനിലേയ്‌ക്ക്‌ മാറ്റി നല്‍കുവാനും അപ്രകാരം ചെയ്യുന്നതിന്‌ സാമ്പത്തികമായി പ്രയാസമുള്ളവര്‍ക്ക്‌ പഞ്ചായത്തിന്റെ 2020 വര്‍ഷത്തെ പദ്ധതിയില്‍ ആവശ്യമായ ഫണ്ട്‌ വകയിരുത്തി ജലവിതരണസംവിധാനം കാര്യക്ഷമമാക്കണമെന്നും ചിറ്റൂരില്‍ ചേര്‍ന്ന മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ജനറല്‍ ബോഡിയോഗം ആവശസ്യപ്പെട്ടു. പ്രസിഡന്റ്‌ ബി. സജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്‌.ജേക്കബ്ബ്‌, പി.പൗലോസ്‌, വി.ജി. സന്തോഷ്‌കുമാര്‍, ടോണി കുര്യാക്കോസ്‌, ജിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.Kerala

Gulf


National

International