മറാക്കായ്ക്കു കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്timely news image

  ഇരിഞ്ഞാലക്കുട :മികച്ച ഉപഭോക്തൃ സേവനത്തിനു ആർ .ടി ഐ .കൗൺസിലും  കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് 2020  മറാക്ക  ഫുഡ് പ്രോസസ്സിംഗ് കമ്പനിക്കു ലഭിച്ചു .ബിഷപ്പ് ഡോ.മാർ .അപ്രേമിൽ നിന്നും കമ്പനി ഡയറക്ടർമാരായ  ഇ .ആർ .ജോണി ,പി ജെ ഡെന്നി എന്നിവർ അവാർഡ് സ്വീകരിച്ചു .ഗവ .മുൻ ചീഫ് വിപ്  അഡ്വ .തോമസ് ഉണ്ണിയാടൻ ,മുനിസിപ്പൽ ചെയർപേഴ്സൺ  നിമ്യ ഷിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു . മറാക്കയുടെ' ജൈത്രയാത്ര ...............     വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, അത് വന്‍കിട രീതിയിലായാലും ചെറുകിട രീതിയിലായാലും അതെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ പാടുള്ളൂ എന്ന പക്ഷക്കാരനാണ് കോതമംഗലം സ്വദേശിയായ ജോണി എന്ന പൈലി റാഫേല്‍. ഊണിലും ഉറക്കത്തിലും പാഷന്‍ ഫ്രൂട്ട് കൃഷിയെയും അതിന്റെ വളര്‍ച്ചയെയും കുറിച്ചു മാത്രമേ ഇദ്ദേഹം ചിന്തിച്ചിരുന്നുള്ളൂ. മുന്‍പൊക്കെ ക്ലബ്ബില്‍ പോവുകയോ സുഹൃത്തുക്കളുമായി യാത്രയോ ഒക്കെയായി ഇടവേളകള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ പാഷന്‍ ഫ്രൂട്ട് കൃഷിയെക്കുറിച്ചും പിന്നീടതിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നമായ സ്‌ക്വാഷ് ഉണ്ടാക്കുകയും അതിനായി കമ്പനി രൂപീകരിക്കണം എന്ന ആലോചനയിലും എത്തിയപ്പോള്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. എവിടെയൊക്കെ പോകണമോ എന്തെല്ലാം പരിശീലനം നേടണോ ഇതിന്റെ മെഷീനുകള്‍ എവിടെക്കിട്ടും ഇത്തരം അന്വേഷണങ്ങളും ചിന്തകളും മാത്രമായി ജോണിക്ക്. ആ ചിന്ത അതേ രീതിയില്‍ മനസിലാക്കാനും ഏറ്റെടുക്കാനും കൂടെ നില്‍ക്കാനും സമാന ചിന്താഗതിക്കാരായ മൂന്നു പേര്‍ കൂടിചേര്‍ന്നപ്പോള്‍ ഈ ചിന്ത യാഥാര്‍ത്ഥ്യമായി. ഇതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ഒക്ടോബറില്‍ സ്വാദിഷ്ടമായ മറാക്കാ പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് വിപണിയിലെത്തിക്കഴിഞ്ഞു. മറാക്കാ സ്‌ക്വാഷിന്റെ പിറവി 2016 നാടാകെ ഡങ്കുപ്പനി പടര്‍ന്ന് പിടിച്ച സമയത്താണ് വീട്ടിലെ പാഷന്‍ ഫ്രൂട്ട് അന്വേഷിച്ച് ധാരാളം ആളുകള്‍ വന്നുതുടങ്ങിയത്. ബ്ലഡ് കൗണ്ട് കൂടാന്‍ പാഷന്‍ ഫ്രൂട്ട് നല്ലതാണ് എന്നോ മറ്റോ ആണ് ആളുകള്‍ കാരണം പറഞ്ഞത്. ആ സമയത്ത് ആശുപത്രികളില്‍ നിന്നും പാഷന്‍ ഫ്രൂട്ട് ആവശ്യപ്പെട്ട് വിളികള്‍ വന്നു. അപ്പോഴാണ് വീട്ടില്‍ നിറയെ വളര്‍ന്നു നില്‍ക്കുന്ന, പാഴായിപ്പോകുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗപ്രദമല്ലോ എന്ന ആലോചന വരുന്നത്. അങ്ങനെ അത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാം എന്ന് തീരുമാനിച്ചു. അത് ബന്ധുകൂടിയായ നോബിളുമായി പങ്കുവച്ചു. ഫ്രൂട്ട് കൂടുതല്‍ ഉല്പാദിപ്പിച്ച് വില്‍ക്കുക എന്ന ചിന്തയാണുണ്ടായിരുന്നത്. നോബിളും ആ തീരുമാനം അംഗീകരിച്ചു. പാഷന്‍ ഫ്രൂട്ട് സമൃദ്ധമായി ഉണ്ടാകുന്നത് ഹൈറേഞ്ചിലാണെന്നറിഞ്ഞു. അങ്ങനെ ഹൈറേഞ്ചില്‍ പതിനഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കാരെ കൊണ്ടുവന്ന് കാര്യമായി കൃഷിയിറക്കി. ആദ്യം പഴങ്ങള്‍ വില്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഫ്രൂട്ട് മാത്രം വിറ്റുകൊണ്ടിരുന്ന സമയത്ത് അതിന്റെ വിളവ് കൂടിയപ്പോള്‍ വില്‍പ്പന കഴിഞ്ഞ് ധാരാളം മിച്ചം വന്ന് തുടങ്ങി. പതിനഞ്ചേക്കറിലെ പഴങ്ങള്‍ മുഴുവന്‍ വില്ക്കാനാവാതെ വന്നപ്പോഴാണ് ഇതിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നം ഉണ്ടാക്കിയാലോ എന്ന ആലോചന തുടങ്ങിയത്. പിന്നീട് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഏവ, അല്ലെങ്കില്‍ അതിന്റെ യന്ത്രസാമഗ്രികള്‍ എവിടെ കിട്ടും ഇത്തരം കാര്യങ്ങള്‍ക്കുള്ള അന്വേഷണമായി. ഇതിന് നെല്ലിയാമ്പതിയിലെ കൃഷി വകുപ്പിന്റെ ഓറഞ്ച് ഫാമില്‍ പോയി. അവിടെ പാഷന്‍ ഫ്രൂട്ടിന്റെ പ്രോസസ്സിംഗ് യൂണിറ്റ് ഉണ്ട്. അവിടെ പോയി കണ്ടു പഠിച്ചു. പക്ഷേ അവിടെ മെഷിനറി ഉപയോഗിച്ചല്ല ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. മെഷിനറി ഉണ്ടെങ്കില്‍ കൂടി ഉല്പന്നങ്ങള്‍ അതിലല്ല തയ്യാറാക്കുന്നത്. അങ്ങനെ വീണ്ടും ഇതിനെക്കുറിച്ചുള്ള അന്വേഷണം ചെന്ന് നില്‍ക്കുന്നത് പിറവം അഗ്രോ പാര്‍ക്കിലാണ്. അവരുടെ പരിശീലനത്തില്‍ പങ്കെടുത്തു. മറ്റെവിടെല്ലാം ഇതിന്റെ പരിശീലനങ്ങള്‍ ലഭിക്കുന്നുണ്ടോ അവിടെയെല്ലാം പോയി അറിവു നേടി. പാഷന്‍ ഫ്രൂട്ടിന്റെ ഉപോല്പന്നങ്ങള്‍ എങ്ങനെ തയാറാക്കാം എന്ന് ഏകദേശ ധാരണയായി. നോബിളിനൊപ്പം മറ്റു കൃഷികളിലും പങ്കാളിയായിരുന്നു. അതിനാല്‍ ഈ പാഷന്‍ ഫ്രൂട്ട് വില്പനയിലും നോബിളിനെ കൂട്ടി. നോബിളിന്റെ നിര്‍ദ്ദേശത്തില്‍ ഒരു കമ്പനി തുടങ്ങാം എന്ന തീരുമാനിച്ചു. കൂടാതെ ജോണിയുടെ നാട്ടുകാരനായ ഡെന്നിസ്, പഞ്ചായത്തു മെമ്പര്‍, ടോമി എന്നിവരുമായി ചേര്‍ന്ന് ഒരു കമ്പനി ആരംഭിച്ചു. തുടര്‍ന്ന് മടക്കത്താനത്ത് ഒരു കെട്ടിടം നിര്‍മിച്ച് ഉല്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള മെഷിനറി വാങ്ങി. കമ്പനി തുടങ്ങി മെഷിനറിയും വാങ്ങിയപ്പോള്‍ കൃഷി കുറച്ചു കൂടെ വ്യാപിപ്പിക്കാം എന്ന ആലോചനയായി. ഇതിന് തമിഴ്‌നാട് ഏരിയയിലും രാമക്കല്‍മേട്ടിലുമൊക്കെയായി അറുപതേക്കറില്‍ കൃഷി വ്യാപിപ്പിച്ചു. അങ്ങനെ കഴിഞ്ഞ ഒക്ടോബര്‍ മാസം ഇന്ന് മാര്‍ക്കറ്റില്‍ സുലഭമായ മറാക്കാ പാഷന്‍ ഫ്രൂട്ട് എന്ന പേരില്‍ സ്‌ക്വാഷ് രൂപത്തില്‍ പുറത്തിറക്കി. വിപണിയിലേക്ക് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മറാക്കാ പാഷന്‍ ഫ്രൂട്ട് ഇന്ന് ലഭ്യമാണ്. കൂടുതല്‍ വിപണി പ്രതീക്ഷിച്ച് അതിനാവശ്യമായ നിരവധി കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. അഞ്ച് ലിറ്ററിന്റെ ബോട്ടിലിന് കൂടുതലും കാറ്ററിംഗ് ആവശ്യങ്ങള്‍ക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നു. ഫ്രൂട്ടിനം മാത്രം ധാരാളം ആവശ്യക്കാരുമുണ്ട്. 750 മി. ലി. 500 മി. ലി. ബോട്ടിലിനും ആവശ്യക്കാരുണ്ട്. മാര്‍ക്കറ്റിംഗിന്റെ ചുമതല മുഴുവന്‍ ജോണിക്കാണ്. തോട്ടത്തില്‍ ഡെന്നിസും ടോമിയും മേല്‍നോട്ടം വഹിക്കുന്നു. കമ്പനിയുടെ ചുമതലയും മറ്റു മേല്‍നോട്ടവും നോബിള്‍ ചെയ്ത് വരുന്നു. എല്ലാവരും ചേര്‍ന്ന പൊതുവായ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇവരുടെയെല്ലാം കൂട്ടായ്മയിലൂടെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും ഏറെക്കുറെ മെച്ചമായി നടക്കുന്നു.   സംരഭത്തിന്റെ സാദ്ധ്യതകള്‍ 'പാഷന്‍ ഫ്രൂട്ട് മൂല്യവര്‍ദ്ധിത ഉല്പന്നം ഉണ്ടാക്കാനായതുവഴി കുറച്ച് ആളുകള്‍ക്ക് തൊഴിലും നല്‍കാനായി എന്നത് ഒരു വലിയ കാര്യമായാണ് ഞങ്ങള്‍ കരുതുന്നത്. തോട്ടത്തില്‍ എല്ലാം കൂടി എഴുപതോളം തൊഴിലാളികള്‍ ഉണ്ട്. ഫാക്ടറിയില്‍ ഇരുപത്താറോളം പേര്‍ തൊഴിലെടുക്കുന്നു. കൂടുതല്‍ ഉപ ഉല്പന്നങ്ങള്‍ ഉണ്ടാക്കണമെന്നാണ് കരുതുന്നത്' ജോണി പറയുന്നു. ഷുഗര്‍ ഫ്രീ ഉല്പന്നം ഉണ്ടാക്കാന്‍ ഉള്ള ആലോചനയുണ്ട്. പുരോഗമിക്കുന്നുണ്ട്. ഉല്പാദനം വര്‍ദ്ധിക്കുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ഇവിടെ അറുപത് ഏക്കറിലെ പഴങ്ങള്‍ തികയാതെ വരികയും പുറത്തു നിന്ന് പഴങ്ങള്‍ വാങ്ങുകയും പുറത്തു നിന്ന് പഴങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യേണ്ടി വരും. എന്നാല്‍ അത് ഇന്നത്തെ നിലയില്‍ പ്രായോഗികമല്ല. അതിനാല്‍ തങ്ങളുടെ പക്കല്‍ നിന്ന് ഇവര്‍ വിത്ത് ശേഖരിച്ച് കൃഷി ചെയ്യുന്നവരുടെ കയ്യില്‍ നിന്ന് ഇവര്‍ ഫ്രൂട്ട് വാങ്ങുന്നു. ഇത് അവര്‍ക്കും ഒരു സഹായകമാണ്. എന്നാല്‍ അതില്‍ നേരിടുന്ന ഒരു പ്രശ്‌നം ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു പോരാന്‍ പ്രയാസം എന്നതാണ്. കാരണം പഴങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നവര്‍ മൂത്തതും മൂക്കാത്തതുമായവ ഒരുമിച്ച് കൊണ്ടുവരും. അത് തിരഞ്ഞെടുക്കുക ശ്രമകരമാണ്. അതിനാല്‍ ഗുണനിലവാരം ഉറപ്പാക്കേണ്ടതിനാല്‍ പരിചയക്കാരില്‍ നിന്ന് മാത്രമേ ഫ്രൂട്‌സ് വാങ്ങാനാവൂ. പത്ത് സെന്റ് സ്ഥലത്തുപോലും സീസണില്‍ രണ്ട് മൂന്ന് ചെടി നട്ടാല്‍ അതില്‍ നിന്ന് പത്തുനൂറ് കിലോ കായ് വിളവെടുക്കാം. ആര്‍ക്കും ഇത് കൃഷി ചെയ്യാം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നമ്മുടെ നാട്ടില്‍ പാഷന്‍ ഫ്രൂട്ടിന്റെ സീസണാണ്. വലിയ പരിചരണത്തിന്റെ ആവശ്യവും ഇല്ല. വലിയ മരത്തില്‍ പടര്‍ന്നു പോയാല്‍ മാത്രമേ പറിച്ചെടുക്കാന്‍ പ്രയാസമുളളൂ. മറാക്കാ സ്‌ക്വാഷ് ഇത്തരമൊരു സംരഭം തുടങ്ങുമ്പോള്‍ പാഷന്‍ ഫ്രൂട്ടിന്റെ ഉപോല്‍പന്നങ്ങള്‍ അധികമൊന്നും വിപണിയില്‍ ഉണ്ടായിരുന്നില്ല. കൂടാതെ പൈനാപ്പിള്‍ കൃഷിയിലാണ് ജോണിക്കും കൂടെയുള്ള മറ്റു മൂന്നു പേര്‍ക്കും പരിചയമുള്ളത്. എന്നാല്‍ പൈനാപ്പിളിന്റെ വില സ്ഥിരതയില്ലായ്മയാണ് ഇവരെ മറ്റൊരു കൃഷിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പാഷന്‍ ഫ്രൂട്ട് ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലസ്ഥിരതയുമുണ്ട്. മറ്റു കമ്പനികളുടെ ഉല്പന്നങ്ങള്‍ വന്നാലും വിപണിയില്‍ ഒരു മത്സരം ഉണ്ടാകും അത് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നമ്മെ സഹായിക്കും. ജോണിയാണ് ഈ സംരഭത്തിന് തുടക്കമിട്ടതും വിപണനമുള്‍പ്പെടെയുള്ള ഇതിന്റെ എല്ലാ ചുമതലകളും എല്ലാ കാര്യങ്ങളും നോക്കുന്നതും. കൂടെ മൂത്ത മകന്‍ അനൂപും ഉണ്ട്. അനൂപ് കമ്പനിയിലെ ദൈനംദിനപ്രവര്‍ത്തനങ്ങളും ഓഫീസ് കാര്യങ്ങളും നോക്കുന്നതിനാല്‍ ജോണി മുഴുവന്‍ സമയം വിപണിയില്‍ ചെലവഴിക്കുന്നു. നോബിള്‍ ജോണ്‍ പൈനാപ്പിള്‍ കൃഷിയിലും റൂഫിംഗ് ടൈല്‍ ബിസിനസിലും തിരക്കുള്ളവരാകുമ്പോഴും മറാക്കാ പാഷന്‍ ഫ്രൂട്ടിന്റെ ദൈനംദിന മേല്‍നോട്ടം നിര്‍വ്വഹിക്കുന്നു. പി.ജെ. ഡെന്നി യാണ് മറ്റൊരു പങ്കാളി. ഇദ്ദേഹം കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള വ്യക്തി ആണ്. ഇനിയൊരാള്‍ ടോമി തന്നിട്ടാമ്മാക്കൽ . ഇദ്ദേഹം നോബിള്‍ ജോണിന്റെ പൈനാപ്പിള്‍ കൃഷിയിലെ പങ്കാളിയാണ്. ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായി ഇദ്ദേഹം പൈനാപ്പിള്‍ മേഖലയിലുണ്ട്. കൂടാതെ ഇരുപത് വര്‍ഷമായി പഞ്ചായത്ത് മെമ്പറും. ഇങ്ങനെ അവരവരുടെ മേഖലയില്‍ തിരക്കുള്ളപ്പോഴും മറ്റൊരു കൂട്ടായ്മയില്‍ പുതിയൊരു സംരംഭം തുടങ്ങുകയും അതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കി ഈ കൂട്ടായ്മ വന്‍ വിജയകരമാക്കുവാനും ഇവര്‍ സദാ ശ്രദ്ധിക്കുന്നു. ഏതൊരു വിജയത്തിന്റെ പിന്നിലും കാണുമല്ലോ ഇത്തരമൊരു കൂട്ടുത്തരവാദിത്തം.Kerala

Gulf


National

International