എതിര്‍ക്കുന്നവരെ പുറത്താക്കി ട്രംപ്, നേരിടാനുറച്ച് പ്രതിപക്ഷംtimely news image

വാഷിങ്ടണ്‍: സ്വന്തം ചെയ്തികളെയും സഹപ്രവര്‍ത്തകരെയും വിമര്‍ശിക്കുന്ന ഓരോരുത്തരെയായി പുറത്താക്കി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആരോഗ്യപരമായും സാമ്പത്തികമായും തകര്‍ന്നു തരിപ്പണമായ യുഎസിനെ പിടിച്ചു നിര്‍ത്താനുള്ള പതിനെട്ടടവും പരീക്ഷിക്കുന്ന ട്രംപിന് വിശ്വസ്തര്‍ കൈവിടുന്നതാണു പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏറ്റവുമൊടുവില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍സ്പെക്റ്റര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിന്‍റെ കസേര തെറിച്ചതാണ് യുഎസില്‍ ഒടുവില്‍ ഉരുണ്ടുകൂടുന്ന രാഷ്ട്രീയ ചര്‍ച്ച.  അമെരിക്കന്‍ ഭരണകൂടത്തിലെ അഴിമതികള്‍ അന്വേഷിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. അതിന്‍റെ മേധാവിയാണ് ഇന്‍സ്പെക്റ്റര്‍ ജനറല്‍. സാധാരണ നിലയില്‍ രാഷ്ട്രീയമുക്തമായ നിയമനമാണ് ഈ തസ്തികയിലേക്കുള്ളത്. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയാണ് സ്റ്റീവ് ലിനിക്കിനെ ഇന്‍സ്പെക്റ്റര്‍ ജനറലായി നിയമിച്ചത്. വൈറ്റ് ഹൗസില്‍ ട്രംപ് എത്തിയ ശേഷവും ഇദ്ദേഹം തുടര്‍ന്നു. എന്നാല്‍ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നീക്കത്തിന് ആധാരമായ പല വിവരങ്ങളും പുറത്താക്കിയത് സ്റ്റീവ് ലിനിക്ക് ആണെന്നാണു കരുതുന്നത്. അതുകൊണ്ടു തന്നെ ട്രംപിന്‍റെ കണ്ണിലെ കരടാണ് ലിനിക്ക്. അടുത്ത നാളുകളില്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പാംപിയോയ്ക്കെതിരേ ലിനിക്കിനു ചില പരാതികള്‍ ലഭിച്ചിരുന്നു. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് സെനറ്റര്‍മാരാണു പരാതി ഉന്നയിച്ചത്. അതിന്മേല്‍ വിശദമായ അന്വേഷണത്തിന് സ്റ്റീവ് ലിനിക് നിര്‍ദേശം നല്‍കിയതാണ് അദ്ദേഹത്തെ പുറത്താക്കാനുണ്ടായ കാരണമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലിനിക്കിനെ ഉടന്‍ പുറത്താക്കണമെന്ന് പോംപിയോ പ്രസിഡന്‍റ് ട്രംപിനോട് ഏതാനും ദിവസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു.  തകര്‍ന്നു പോയ യുഎസ് സാമ്പത്തിക മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ നല്‍കാന്‍ ട്രംപ് എടുത്ത തീരുമാനത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുന്ന കൊവിഡ് പ്രതിരോധ വിഭാഗത്തിന്‍റെ പ്രധാന വക്താവ് ഡോ. ആന്‍റണി ഫൗസിയുമായി ട്രംപ് വലിയ യുദ്ധത്തിലാണ്. കൊവിഡിന്‍റെ പേരില്‍ യുഎസിന് 87,000 പേരുടെ ജീവന്‍ നല്‍കേണ്ടി വന്നു. എന്നാല്‍ തൊഴില്‍ നഷ്ടം സംഭവിച്ച മുപ്പതു ലക്ഷത്തില്‍പ്പരം ചെറുപ്പക്കാരുടെ ജീവിതത്തിന്‍റെ വിലയാണ് അതിലും പ്രധാനമെന്നാണ് ട്രംപിന്‍റെ നിലപാട്.   ശാസ്ത്ര ഉപദേശകരില്‍ നിന്നു താന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല അവര്‍ പറയുന്നതെന്നും ട്രംപ്. തന്‍റെ നിലപാടുകള്‍ പരസ്യമായി തള്ളുന്ന ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഡോ. ആന്‍റണി ഫൗസി ദുഃഖിതനാണ്. അദ്ദേഹത്തിന്‍റെ വഴിയും പുറത്തേക്കാണെന്നാണു റിപ്പോര്‍ട്ടുകള്‍.  ഇന്‍റലിജന്‍സ് കമ്യൂണിറ്റി ഇന്‍സ്പക്റ്റര്‍ ജനറല്‍ മൈക്കല്‍ അറ്റ്ക്കിറ്റ്സണെ നേരത്തേ ട്രംപ് പുറത്താക്കിയിരുന്നു. ഇതും യുഎസിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്. Kerala

Gulf


National

International