ഹെല്‍ത്ത് സര്‍ചാര്‍ജ്: വിദേശ നഴ്‌സുമാര്‍ക്ക് ഇളവില്ലെന്ന് ബ്രിട്ടന്‍timely news image

ലണ്ടന്‍: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം വിദേശ കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നു. ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ മൂന്നാഴ്ച മുന്‍പാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടു വച്ചിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെയാണ് അങ്ങനെയൊരു ഇളവ് നല്‍കാനാവില്ലെന്ന പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രഖ്യാപനം ആഴ്ചകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെടാന്‍ കാരണം തീര്‍ത്തും രാഷ്ട്രീയമാണെന്നാണ് വിലയിരുത്തല്‍. കുടിയേറ്റ സമൂഹം വ്യാപകമായി സ്വാഗതം ചെയ്ത പ്രഖ്യാപനമായിരുന്നിട്ടും, കുടിയേറ്റ വിരുദ്ധരായ ഒരു വിഭാഗം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അഹിതമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീകത്തില്‍ നിന്നു പിന്നോട്ടു പോകുന്നതെന്ന് സൂചന. പ്രീതി പട്ടേല്‍ അടക്കം മന്ത്രിമാര്‍ വരെ കുടിയേറ്റ പാരമ്പര്യമുള്ളവരായുണ്ടെങ്കിലും വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മറന്ന് ഒന്നും ചെയ്യരുതെന്ന അനൗദ്യോഗിക നിര്‍ദേശമാണ് ലഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട്. കൊറോണ കാലത്ത് വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും എന്‍എച്ച്എസുകളിലെ കടുത്ത ആള്‍ക്ഷാമത്തെ പോലും മറികടക്കാന്‍ സഹായിക്കുന്ന രീതിയില്‍ അഹോരാത്രം നല്‍കിയ സേവനങ്ങളാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത്. ജോലി ചെയ്യാന്‍ യുകെയില്‍ വരുന്ന എല്ലാ വിദേശികള്‍ക്കും ബാധകമായ ഒരു നയത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ന്യായമല്ലെന്ന് ചില മന്ത്രിമാര്‍ തന്നെ അഭിപ്രായം ഉന്നയിച്ചിരുന്നു.Kerala

Gulf


National

International