ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നുണ്ട്: ട്രംപ്timely news image

വാഷിങ്ടൺ: മലേറിയക്കെതിരായ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിൻ താൻ കഴിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കൊറോണക്കെതിരായ പ്രതിരോധ മരുന്ന് എന്ന നിലയിലാണിത്. ഒന്നര ആഴ്ചയോളമായി ഇതു കഴിച്ചുതുടങ്ങിയിട്ട്- ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. എന്നാൽ, തനിക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ലെന്നും അദ്ദേഹം. ഞാൻ വൈറ്റ്ഹൗസിലെ ഡോക്റ്റർമാരോടു ചോദിച്ചു. അവർ ഹൈഡ്രോക്സി ക്ലോറോക്വിൻ ശുപാർശ ചെയ്തില്ല. ഞാൻ കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് അഭിപ്രായമെന്ന് ഡോക്റ്ററോടു ചോദിച്ചു. നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നോ എന്നു ഡോക്റ്റർ തിരിച്ചുചോദിച്ചു. എനിക്കിഷ്ടമാണ്, ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നു ഡോക്റ്ററോടു പറഞ്ഞു. ദിവസം ഒരു ഗുളിക വീതമാണ് താൻ കഴിക്കുന്നതെന്നും ട്രംപ്. ഒരു ഘട്ടത്തിലെത്തിയാൽ താൻ ഗുളിക കഴിക്കുന്നതു നിർത്തുമെന്നും അദ്ദേഹം.  ട്രംപ് ഗുളിക കഴിക്കുന്നു എന്ന റിപ്പോർട്ട് ലോകമെമ്പാടും ചർച്ചാവിഷയമായിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ യാതൊരു പ്രശ്നവുമില്ല എന്ന വിശദീകരണവുമായി വൈറ്റ്ഹൗസ് ഡോക്റ്റർ രംഗത്തുവന്നു. പ്രസിഡന്‍റിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. യാതൊരു രോഗലക്ഷണവുമില്ല. ദിവസവും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതുവരെ നെഗറ്റീവാണ്- വൈറ്റ്ഹൗസ് ഫിസിഷ്യൻ ഡോ. സീൻ പി കോൺലി പറഞ്ഞു.  തുടക്കത്തിൽ തന്നെ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളിക കഴിച്ചാൽ രോഗപ്രതിരോധത്തിനു സഹായകമാവുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ ‍അടക്കം നിരവധി പേർ ഈ ഗുളിക കഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രോക്സി ക്ലോറോക്വിൻ കമ്പനിയുടെ ഉടമയൊന്നുമല്ല ഞാൻ. ചിലർ അങ്ങനെ സംശയിക്കുന്നുണ്ട്. എന്‍റെ ലക്ഷ്യം ജനങ്ങളെ രോഗത്തിൽ നിന്നു രക്ഷിക്കുക എന്നതു മാത്രമാണ്- പ്രസിഡന്‍റ് പറയുന്നു. ഗുളികയെക്കുറിച്ച് വളരെ നല്ല ചില കാര്യങ്ങൾ കേട്ടതുകൊണ്ടാണ് അതു കഴിക്കുന്നതെന്നും അദ്ദേഹം.Kerala

Gulf


National

International