ജൂൺ ഒന്നു മുതൽ 200 നോൺ-എസി ട്രെയിനുകൾtimely news image

ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ ദിവസം 200 നോൺ- എസി, സെക്കൻഡ് ക്ലാസ് യാത്രാ ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ. മിനിമം സ്ലീപ്പർ നിരക്കാകും ഇതിന് ഈടാക്കുക. എല്ലാ വിഭാഗം ആളുകൾക്കും ഇവയിൽ യാത്രചെയ്യാം. ഇപ്പോൾ ഓടുന്ന ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾക്കും രാജധാനി റൂട്ടുകളിൽ ഓടുന്ന എസി സ്പെഷ്യൽ ട്രെയിനുകൾക്കും പുറമേയാണിത്. ഓൺലൈൻ വഴിയാണു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടൈം ടേബിൾ വച്ചാണ് ഈ സർവീസെന്നും റെ‍യിൽവേ. രാജ്യത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിന്‍റെ പ്രധാന ചുവടാണിത്. ബുക്കിങ് ഉടൻ തുടങ്ങുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. ഏതു റൂട്ടുകളിലൊക്കെയാണ് ട്രെയിൻ ഓടുകയെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. ചെറിയ നഗരങ്ങളെ ഉദ്ദേശിച്ചാണ് ഈ ട്രെയിനുകൾ എന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ജൂൺ 30 വരെ സാധാരണ യാത്രാ ട്രെയിനുകൾ നിർത്തിവയ്ക്കുകയാണെന്നാണ് റെയിൽവേ നേരത്തേ വ്യക്തമാക്കിയിരുന്നത്. കുടിയേറ്റ തൊഴിലാളികൾക്കു കൂടി ഗുണകരമാകുമെന്നു കണ്ടാണ് പുതിയ തീരുമാനമെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമില്ലെന്ന് റെയിൽവേ ഇന്നലെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികളുമായി എത്തുന്ന ട്രെയിനുകൾ അനുവദിക്കാൻ പല സംസ്ഥാനങ്ങളും വിസമ്മതിക്കുന്ന സാഹചര്യത്തിലാണിത്. പുറപ്പെടുന്ന സംസ്ഥാനങ്ങളുടെ മാത്രം അനുമതി മതി എന്നാണു റെയിൽവേയുടെ പ്രഖ്യാപനം. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ വരുംദിവസങ്ങളിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടുതൽ ശ്രമിക് ട്രെയിനുകൾ ഓടിക്കാനും റെയിൽവേ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് എല്ലാ ദിവസവും കൃത്യം ഷെഡ്യൂളിൽ 200 ട്രെയിനുകൾ ഓടാനുള്ള തീരുമാനംKerala

Gulf


National

International