വൈറസും കലാപവും: പ്രതിസന്ധി നടുവിൽ ട്രംപ്timely news image

വാഷിങ്ടൺ: നവംബർ മൂന്നിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് എതിരാളി ജോ ബൈഡൻ സർവസജ്ജനായി രംഗത്തുനിൽക്കുമ്പോൾ പ്രതിസന്ധികളുടെ നടുവിലാണ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അതിവേഗം പടർന്നു പിടിച്ച കൊവിഡ്. രോഗവ്യാപനം പരമാവധിയിൽ നിൽക്കെ കറുത്തവർഗക്കാരുടെ കലാപതുല്യമായ പ്രക്ഷോഭങ്ങൾ. കൊവിഡിൽ വിറങ്ങലിച്ച രാജ്യത്ത് കലാപക്കനൽ കത്തിയാളുന്നു. പ്രമുഖ നഗരങ്ങളിലെല്ലാം ആയിരങ്ങളാണ് ട്രംപിനെതിരേ തെരുവിലിറങ്ങുന്നത്. വൈറ്റ് ഹൗസിനു പുറത്തുകടക്കാൻ പോലും പ്രസിഡന്‍റിന് സൂക്ഷിക്കണം! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് ബാധിച്ച രാജ്യമാണ് അമെരിക്ക. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഇവിടെത്തന്നെ. ഒരാഴ്ചയായിട്ടും ഇപ്പോഴത്തെ കലാപം നിയന്ത്രിക്കാനും കഴിഞ്ഞിട്ടില്ല ട്രംപിനും കൂട്ടർക്കും. മിനിയപൊലീസിൽ പൊലീസ് ഓഫിസർ ഡെറക് ചോവിൻ കാൽമുട്ടുകൾ കൊണ്ട് ഞെരിച്ചു ശ്വാസം മുട്ടിച്ച് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ കൊല്ലുന്നതിന്‍റെ വിഡിയോ ലോകമെങ്ങും പ്രചരിച്ചു. വർണവിവേചനമാണ് ഈ ക്രൂരതയ്ക്കു പിന്നിലെന്ന് കറുത്തവർഗക്കാർ ഒന്നടങ്കം പറയുന്നു. അമെരിക്കയിൽ മാത്രമല്ല ലോകത്തു പലയിടത്തും ഇതിനെതിരേ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. കലാപകാരികൾ ഭീകരപ്രവർത്തകരാണെന്നാണ് ട്രംപ് തുറന്നടിച്ചത്. യുഎസിലെ പ്രക്ഷോഭം ആളിക്കത്തിക്കുന്നത് മാധ്യമങ്ങളാണെന്നു പറഞ്ഞ് അവരെയും പ്രകോപിപ്പിച്ചു ട്രംപ്. അടിച്ചമർത്തുമെന്നും സൈന്യത്തെ ഇറക്കുമെന്നുമൊക്കെയാണ് ട്രംപ് ഭീഷ‍ണിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിൽ കൊവിഡിനൊപ്പം വർണവിവേചനവും ആളിക്കത്തുമെന്നുറപ്പ്. കൊറോണയെയും ഇപ്പോൾ പ്രക്ഷോഭത്തെയും ട്രംപ് നേരിട്ട രീതി പരക്കെ വിമർശന വിധേയമാണ്. രാഷ്ട്രീയ എതിരാളികൾ അതാണ് ആയുധമാക്കുന്നതും. പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കാനുള്ള ശേഷിയില്ല ട്രംപിനെന്നാണ് ആരോപണം. ""വിദ്വേഷം ജനിപ്പിക്കുന്ന ട്വീറ്റുകളല്ല ഇപ്പോൾ വേണ്ടത്. അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റിയ സമയമല്ല ഇത്. ഇതൊരു ദേശീയ പ്രതിസന്ധി ഘട്ടമാണ്. ശക്തമായ നേതൃത്വാണ് ആവശ്യം''- മുൻ വൈസ് പ്രസിഡന്‍റ് കൂടിയായ ഡെമൊക്രറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ട്വീറ്റ് ചെയ്തു. കൊവിഡ് ലോക് ഡൗൺ മൂലം തകർന്നു കിടക്കുന്ന സാമ്പത്തിക വ്യവസ്ഥയെ ഒന്നുകൂടി ഉലയ്ക്കുന്നതാണ് ഇപ്പോഴത്തെ കലാപം. കൊവിഡിനെ നേരിടാൻ സ്വീകരിച്ച സാമൂഹിക ഒരുക്കങ്ങൾ എല്ലാം തകിടം മറിയുന്നു. രോഗം വ്യാപനം തടയാൻ അമെരിക്കയെ ഒറ്റക്കെട്ടായി നിർത്താൻ ട്രംപിനു കഴിഞ്ഞില്ലെന്ന ആരോപണം നേരത്തേയുണ്ട്. അതുവഴി ആരോഗ്യ സംവിധാനങ്ങൾ തളർന്നു. സാമ്പത്തിക, വർണ, ആശയ വേർതിരിവുകൾ രൂപപ്പെട്ടു. ഇത്തരം വിഭജനങ്ങളിൽ നിന്ന് ട്രംപ് പക്ഷം നേട്ടം പ്രതീക്ഷിച്ചു എന്നുമുണ്ട് ആരോപണം. എന്നാൽ, രണ്ടു പ്രതിസന്ധികളും കൈവിട്ടുപോകുമ്പോൾ രാഷ്ട്രീയ നേട്ടം എങ്ങനെയുണ്ടാവുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പക്ഷേ, നിർദയനായ ക്യാംപെയ്നറാണ് ട്രംപ്. രണ്ടു ദുരന്തങ്ങളും തനിക്ക് അനുകൂലമായി തിരിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നു വാദിക്കുന്നവരുണ്ട്. കൊറോണ വൈറസ് കൊണ്ടുവന്നത് ട്രംപ് അല്ല. അത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സൃഷ്ടിയാണ്. അതിനെ ചെറുക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ട്. തന്‍റെ സർക്കാർ തുടക്കം മുതലേ ശക്തമായ നടപടിയെടുത്തു- ഇതു ബോധ്യപ്പെടുത്താനാണ് ട്രംപിന്‍റെ ശ്രമം. അതിനാണ് ചൈനയെയും ലോകാരോഗ്യ സംഘടനയെയും നിരന്തരം വിമർശിക്കുന്നതും പ്രതിക്കൂട്ടിൽ നിർത്തുന്നതും. മുൻപ് ഡെട്രോയിറ്റിലും ലോസ് ആഞ്ചലസിലും ഫെർഗൂസനിലും മിസോറിയിലുമൊക്കെ വർണവിവേചനത്തിനെതിരായ ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആഭ്യന്തര കലാപങ്ങളിൽ ഏഴരലക്ഷം അമെരിക്കക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. വർ‍ണവിവേചനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ അമെരിക്കയിൽ പുത്തരിയല്ല. അതും കൊണ്ടുവന്നത് ട്രംപല്ല- ഇതാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പ്രശ്നങ്ങൾക്കു താനല്ല ഉത്തരവാദിയെന്നും പ്രശ്നപരിഹാരമാണു താൻ തേടുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ട്രംപിന്‍റെ നീക്കമെന്നു വ്യക്തം. ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട മിനിയപൊലീസ് നഗരം മിനിസോട്ട സംസ്ഥാനത്താണ്. അവിടുത്തെ ഗവർണർ ടിം വാൽസ് ഡെമൊക്രറ്റാണ്. നാഷണൽ ഗാർഡ് മുൻ അംഗം കൂടിയാണ് ഇദ്ദേഹം. ഡെമൊക്രറ്റുകൾക്ക് സ്വാധീനമുള്ള മേഖലകളിൽ അവർ കറുത്തവർഗക്കാർക്കു വേണ്ടി എന്തുചെയ്തു എന്നാണ് ട്രംപിന്‍റെ ചോദ്യം. പ്രശ്നം വഷളാക്കിയത് മിനിസോട്ടയിലെ ഡെമൊക്രറ്റുകളാണ് എന്നാണ് ആരോപണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗവർണർമാർക്കു കഴിയുന്നില്ലെങ്കിൽ താൻ അതു ചെയ്യുമെന്ന് ട്രംപ് പറയുമ്പോൾ ലക്ഷ്യമിടുന്നതും മിനിസോട്ടയിലേക്കാണ്. ഒബാമ യുഎസ് ഭരിച്ച എട്ടു വർഷമടക്കം മിനിസോട്ടയിലെ ഡെമൊക്രറ്റുകളുടെ നടപടികളാണ് വർണവിവേചനം ആളിക്കത്തിച്ചതെന്ന് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നു. രാജ്യത്ത് വർണവിവേചനം ഏറ്റവും കൂടുതലുള്ള നഗരമായി മിനിയപൊലീസിനെ മാറ്റിയത് ഡെമൊക്രറ്റുകളാണത്രേ. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഡെമൊക്രറ്റുകൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നാണ് 2016ൽ ട്രംപ് ചോദിച്ചത്. ഈ തെരഞ്ഞെടുപ്പിലും അതേ ചോദ്യം ആവർത്തിക്കും അദ്ദേഹം. റിപ്പബ്ലിക്കൻ വോട്ടർമാർ ഒരു കാരണവശാലും ട്രംപിന് വോട്ടു ചെയ്യാതിരിക്കില്ല എന്ന ഉറച്ച വിശ്വാസവും പാർട്ടിക്കുണ്ട്. എന്നാൽ, ട്രംപിനെക്കാൾ മികച്ച നേതാവാണു താനെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബൈഡന്‍റെ മുന്നിലുള്ള ലക്ഷ്യം. എന്നാൽ, ഇപ്പോഴത്തെ വർണവിവേചന പ്രക്ഷോഭം ബൈഡനെ തിരിഞ്ഞുകൊത്താനും മതി. ആഫ്രിക്കൻ- അമെരിക്കക്കാരിൽ നിന്ന് ഡെമൊക്രറ്റുകൾക്കു ലഭിക്കാറുള്ള വലിയ പിന്തുണ നഷ്ടമായാൽ അതു ബൈഡനെ ബാധിക്കും. 1960കൾക്കു ശേഷം ആഫ്രിക്കൻ അമെരിക്കക്കാരിൽ ബഹുഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് ഡെമൊക്രറ്റുകളെയാണ്. മിനിയപൊലീസ് പോലുള്ള നഗരങ്ങളിൽ കറുത്ത വർഗക്കാർ നേരിടുന്ന വിവേചനം ഇനിയും അവസാനിപ്പിക്കാൻ ഡെമൊക്രറ്റുകൾക്കു കഴിഞ്ഞില്ല എന്ന പ്രചാരണം ശക്തമായാൽ ബരാക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്‍റായിരുന്ന ബൈഡന് ഉത്തരം പറയാൻ എളുപ്പമാവില്ല.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ