താഴ്‌വര ശാന്തമാകുന്നു, ഇതു പുതിയ കശ്മീർtimely news image

ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ താഴ്‌വരയിൽ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടു. എക്കാലത്തെയും മികച്ച അന്തരീക്ഷമാണ് ഇപ്പോൾ കശ്മീരിലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് നീക്കിയതും ലഡാഖിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതും. ആദ്യ വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കെയാണു താഴ്‌വരയിലെ സുരക്ഷാ സ്ഥിതി വിലയിരുത്തുന്ന റിപ്പോർട്ട്. കഴിഞ്ഞ 11 മാസങ്ങളിൽ കശ്മീരിലെ ഭീകരപ്രവർത്തനത്തിന്‍റെ തോത് 36 ശതമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു, 2019 ജൂൺ മുതൽ ജൂലൈ 15 വരെ 188 ഭീകരാക്രമണങ്ങളുണ്ടായിരുന്നു. ഇക്കൊല്ലം 120 ഭീകരാക്രമണങ്ങൾ മാത്രമാണുണ്ടായത്. 2019ൽ ഈ കാലയളവിൽ 120 ഭീകരരെ വധിച്ചു. ഇക്കൊല്ലം 136 ഭീകരരെയാണ് ഉന്മൂലനം ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 15 വരെ 51 ഗ്രനേഡ് ആക്രമണങ്ങൾ നേരിട്ട സംസ്ഥാനത്ത് ഈ വർഷം 21 ആക്രമണങ്ങളേ നേരിടേണ്ടി വന്നുള്ളൂ. സാധാരണക്കാരുടെയും സൈനികരുടെയും ജീവാപായവും കുറഞ്ഞു. 2019ൽ ജൂലൈ വരെയുള്ള കാലത്ത് ഭീകരാക്രമണങ്ങളിൽ 23 ഗ്രാമീണർക്കും 75 സൈനികർക്കും ഭീകരാക്രമണങ്ങളിൽ ജീവൻ ബലി നൽകേണ്ടി വന്നു. ഈ വർഷം 22 ഗ്രാമീണരും 35 സൈനികരും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തു. ഈ വർഷം വധിച്ച ഭീകരരിൽ 110 പേർ കശ്മീരികളും അവശേഷിക്കുന്നവർ പാക്കിസ്ഥാനികളുമാണ്. അമ്പതോളം ഭീകരർ ഹിസ്ബുൾ മുജാഹിദീനിൽ നിന്നുള്ളവരാണ്. ലഷ്കർ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് 20 പേർ. 14 പേർ മറ്റു ഭീകര സംഘടനകളിൽ നിന്നുള്ളവർ. ഒരു വർഷത്തിനിടെ ഹിസ്ബുൾ കമാൻഡർ റിയാസ് നായ്ക്കു, ലഷ്കർ കമാൻഡർ ഹൈദർ, ജയ്ഷ് കമാൻഡർ ഖ്വാരി യാസിർ, അൻസാർ ഘസ്‌വാത്ത് ഉൾ ഹിന്ദ് കമാൻഡർ ബുർഹാൻ കോക്ക തുടങ്ങി ഒട്ടേറെ കൊടുംഭീകരരെയാണ് സൈന്യം വധിച്ചത്. 22 ഭീകരരെയും അവരെ സഹായിച്ച 300 പേരെയും അറസ്റ്റ് ചെയ്തു. ഭീകരരുടെ 22 ഒളിത്താവളങ്ങൾ തകർത്തു. എകെ 47 തോക്ക് ഉൾപ്പെടെ 190 തോക്കുകൾ പിടിച്ചെടുത്തു. സംസ്ഥാനത്ത് ഭീകരപ്രവർത്തനത്തിലേക്കു തിരിയുന്ന യുവാക്കളുടെ എണ്ണം 40 ശതമാനം കുറയ്ക്കാനായി എന്നതാണ് മറ്റൊരു നേട്ടം. 67 പേർ മാത്രമാണ് ഈ കാലയളവിൽ ഭീകരസംഘടനകളിലേക്കു പോയത്. ഭീകരതയും അക്രമവും പ്രോത്സാഹിപ്പിച്ചിരുന്ന ഹുറിയത്ത് കോൺഫറൻസിന്‍റെ തകർച്ചയാണ് ശ്രദ്ധേയം. ഹുറിയത്ത് ആഭ്യന്തരക്കുഴപ്പങ്ങൾ മൂലം പലതട്ടിലായി. ഇതിന്‍റെ തുടർച്ചയായി ഹുറിയത്തിന്‍റെ മുതിർന്ന നേതാവ് സയ്യിദ് അലി ഷാ ഗീലാനി രാജിവയ്ക്കുകയും ചെയ്തു.Kerala

Gulf


National

International