സർക്കാരിനുണ്ടായ തിരിച്ചടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ്: ഉമ്മൻ ചാണ്ടിtimely news image

തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിനെ ബലിയാടാക്കി ജനങ്ങളുടെ മനസിൽ സംശയം ജനിപ്പിക്കാനും സർക്കാരിനുണ്ടായ തിരിച്ചടികളിൽനിന്ന് രക്ഷപ്പെടാനുമാണ് ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരിനുണ്ടാകുന്ന തിരിച്ചടികളിൽനിന്ന് ഒളിച്ചോടാനുള്ള അവസരമൊരുക്കാനുള്ള അറസ്റ്റാണ് ഇത്. ഇതുകൊണ്ടൊന്നും ഈ സർക്കാരിന്റെ ഗുരുതരമായ കുറ്റങ്ങൾ ഒളിച്ചുവെക്കാൻ സാധിക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ എഴുപത് ശതമാനം നിർമാണം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നത്. ഈ സർക്കാർ വന്നിട്ട് 30 ശതമാനം നിർമാണം നടത്തി. പാലത്തിന്റെ ഉദ്ഘാടന സമയത്ത് സർക്കാരിന്റെ ഭരണനേട്ടമായാണ് പാലം നിർമാണത്തെക്കുറിച്ച് പറഞ്ഞത്. ഈ സർക്കാരിന്റെ കാലത്ത് നടന്ന 30 ശതമാനം നിർമാണപ്രവൃത്തികളിലെ അപാകതകൾക്ക് ആര് മറുപടി പറയും? പാലത്തിന്റെ മുകളിലെ ടാറിങ് ഇളകിയെന്നതാണ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആദ്യത്തെ പരാതി. ആ നിർമാണ പ്രവൃത്തി നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. അതിന്റെ ഉത്തരവാദി ഇബ്രാഹിം കുഞ്ഞാണോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തു എന്നതാണ് ഇബ്രാഹിം കുഞ്ഞിന്റെ പേരിലുള്ള പരാതി. കരാറിന്റെ കാര്യത്തിലോ തുകയുടെ കാര്യത്തിലോ ഏതെങ്കിലും ഇടപെടൽ നടത്തിയെന്നോ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നോ ഉള്ള പരാതി അദ്ദേഹത്തിനെതിരെയില്ല. മൊബിലൈസേഷൻ അഡ്വാൻസിന്റെ പലിശ സഹിതം സർക്കാരിന് തിരിച്ചുകിട്ടിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.Kerala

Gulf


National

International