ട്രംപിന്‍റെ നയങ്ങൾ തിരുത്തി ബൈഡന്‍റെ ഉത്തരവുകൾtimely news image

വാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച് ആദ്യ ദിവസം തന്നെ പുതിയ പ്രസിഡന്‍റ് ജോ ബൈഡൻ. പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരുന്നത്, ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം റദ്ദാക്കുന്നത്, നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്ക് പിൻവലിക്കുന്നത്, മെക്സിക്കോ അതിർത്തിയിലുള്ള മതിൽ നിർമാണം ഉടനടി നിർത്തിവയ്ക്കുന്നത് തുടങ്ങിയവ ഇതിലുൾപ്പെടും. 100 ദിവസം മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിലാണ് ആദ്യം ബൈഡൻ ഒപ്പുവച്ചത്. ഫെഡറൽ കെട്ടിടങ്ങളിലും ഫെഡറൽ ഭൂമിയിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിച്ചു മാത്രമേ പ്രവേശിക്കാവൂ എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. തന്‍റെ ആദ്യ വാർത്താസമ്മേളനത്തിൽ സാക്കി തന്നെയാണ് ബൈഡൻ 15 ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ചതായി വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉത്തരവാദപ്പെട്ട കോ ഓർഡിനേറ്ററെ ബൈഡൻ നിയമിച്ചു. ഫെഡറൽ വിദ്യാർഥികളുടെ വായ്പകളിന്മേലുള്ള തിരിച്ചടവ് വീണ്ടും ദീർഘിപ്പിച്ചു.  മാതാപിതാക്കളോടൊപ്പം അമെരിക്കയിലേക്കു കുടിയേറിയ കുട്ടികൾക്കുള്ള പരിരക്ഷ ട്രംപ് ഭരണകൂടം അസ്ഥിരപ്പെടുത്തിയതിന്മേൽ നടപടികളെടുക്കാൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയോടു നിർദേശിച്ചു. അറ്റോർണി ജനറലുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കാനാണു നിർദേശം. ഇന്ത്യയിൽ നിന്നടക്കം ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്ക് ആശ്വാസമാണ് ഈ നടപടി. കുടിയേറ്റ നിയമം പരിഷ്കരിക്കാനുള്ള ബിൽ അമെരിക്കൻ പാർലമെന്‍റിന് അയയ്ക്കുകയും ചെയ്തു ബൈഡൻ. ഇതെല്ലാം ഒരു തുടക്കം മാത്രമാണെന്ന് പ്രസിഡന്‍റ് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, വർണ വിവേചനം എന്നിവയിലാണ് ആദ്യം തന്‍റെ ഊന്നലെന്നും അദ്ദേഹം. കുടിയേറ്റ- അഭയാർഥി വിഷ‍യങ്ങളിൽ ബൈഡന്‍റെ ആദ്യ നടപടികൾ സ്വാഗതാർഹമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പ്രതികരിച്ചു. Kerala

Gulf


National

International