ആഴത്തിലുള്ള ശ്വസനം: വിട്ടുമാറാത്ത വേദനയൽനിന്നുളള സൗഖ്യത്തിന്.*/ആൻ്റെണി പുത്തൻപുരയ്ക്കൽtimely news image

    ലോകജനസംഖ്യയിൽ അറുപതു ദശലക്ഷം (പത്തു ശതമാനം) ആളുകൾ വിട്ടുമാറാത്ത ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവിക്കുന്നവരാണ്.  ഇവരുടെ കൂട്ടത്തിൽ ഒരുപക്ഷേ നമ്മിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടാകാം.  ഇപ്രകാരമുള്ള വേദനയുടെയോ, രോഗത്തിൻറെയോ അടിസ്ഥാന കാരണം മാനസ്സികസമ്മർദ്ദമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാനോ, അംഗീകരിക്കാനോ, ചികിത്സ തേടാനോ, രോഗികളിൽ ഭൂരിപക്ഷം പേർക്കും കഴിയാതെ പോകുന്നുവെന്നത് മറ്റൊരു വസ്തുത.    ശാരീരിക അപകടം മനസിലാക്കി  പോരാട്ടത്തിനോ, പലായനത്തിനോ തയ്യാറെടുക്കുന്നതിനുള്ള ശരീരത്തിന്റെ ഒരാന്തരീകതന്ത്രമാണ് സമ്മർദ്ദം (stress).  ഈ  സമ്മർദ്ദം സചേതങ്ങളായ എല്ലാ ജീവികളിലും  കാണപ്പെടുന്നു.  ഇത്  അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.  ജീവന്റെ നിലനില്പ് ഉറപ്പാക്കുന്ന ഈ ആന്തരിക പ്രതികരണം ദ്രുതവും സ്വാഭാവികവും തീവ്രവുമാണ്.  സമ്മർദ്ദം നമ്മുടെ ശരീരത്തെ അതിവേഗമുളള ജൈവശാസ്ത്രപരമായ പൊരുത്തപ്പെടുത്തലുകൾക്ക് പ്രേരിപ്പിക്കുന്ന ഒരു (നിഷേധാത്മക) വൈകാരിക അനുഭവമാണ്.  ഉദാഹരണത്തിന്, അതിജീവനത്തിനു അത്യന്താപേക്ഷിതമായ സന്ദർഭം ഉണ്ടായാൽ, നമ്മുടെ അഡ്രീനൽ ഗ്രന്ഥികൾ നമ്മുടെ ശരീരാവയവങ്ങളെ വേഗത്തിലാക്കുന്ന പ്രതിബലഹോർമോണുകളെ പുറപ്പെടുവിക്കുന്നു.  ഈ സമയത്ത് നമ്മുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും ചെയ്യുന്നതിലൂടെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നോടിപ്പോകേണ്ടിവന്നാൽ നമ്മുടെ അവയവങ്ങൾക്കു ശക്തിപകരാൻ ഗ്ലൂക്കോസ് പേശികളിലേക്ക് തിരിച്ചുവിടും.  ഇങ്ങനെ നമുക്ക് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.   അനേകം ശരീരാവയവങ്ങളിൽ ഒരുമിച്ചു സംഭവിക്കുന്ന ഈ ശാരീരിക മാറ്റങ്ങളെ പോരാട്ടം അല്ലെങ്കിൽ പലായനപ്രതികരണം എന്ന് വിളിക്കാം.      കാലം മാറിയപ്പോൾ സമ്മർദത്തിൻ്റെ വിഷയവും സ്വഭാവവും ശാരീരിക അപകടത്തിൽ നിന്നും ഒരു സാങ്കൽപ്പിക  അപകടത്തിലേക്കും  പ്രതിസന്ധിയിലേക്കും വഴിമാറി. ഇന്നു പ്രതികരണഹോർമോണുകൾ കൂടുതലായും നമ്മുടെ ശരീരത്തിൽ  നിർമ്മിക്കപ്പെടുന്നത് ശാരീരികപോരാട്ടത്തിനോ, പലായനത്തിനോ വേണ്ടിയല്ല.  മാനസ്സികസംഘട്ടനം വ്യക്തിബന്ധങ്ങൾ എന്നിവയിൽനിന്നും ഒളിച്ചോടുവാൻ വേണ്ടിയാണ്.   മറ്റൊരു വാക്കിൽ, ഇന്നത്തെ നമ്മുടെ വൈകാരികവും ശാരീരികവുമായ ആയാസങ്ങൾക്കു പ്രധാന കാരണം, നമ്മുടെ സാങ്കല്പിക ഭയമാണ്.  ഇങ്ങനെയുള്ള നമ്മുടെ ഭാവനജന്യമായ മാനസ്സിക സമ്മർദ്ദങ്ങൾ വ്യക്തമായ  ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ടെന്നുളളത് യാഥാർത്ഥ്യമാണ്.     തുടർച്ചയായി  പ്രതിപ്രവർത്തനഹോർമോണുകളുടെ ഉല്പാദനം ശാരീരിത്തിൽ നടക്കുകയാണെങ്കിൽ കോശങ്ങൾ എപ്പോഴും  സമ്മർദ്ദത്തിലായിരിക്കും.  ശരീരം എപ്പോഴും ഒരു അപകടഘട്ടത്തിലെന്നപോലെ ജാഗ്രതയിലാണ്.  ഇതുവഴി രോഗത്തോടുള്ള നമ്മുടെ പ്രതിരോധം കുറയും.  തുടക്കത്തിൽ,  പ്രതിപ്രവർത്തനഹോർമോണുകൾ നമ്മുടെ രോഗപ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുമെങ്കിലും, സമ്മർദ്ദകരമായ സാഹചര്യം ദീർഘകാലം തുടർന്നാൽ അവ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഗണ്യമായി കുറയ്ക്കും.   ഇതു പലതരം രോഗങ്ങൾക്കും ശാരീരിക ബലക്ഷയത്തിനും കാരണമാക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പഠനങ്ങൾ അനുസരിച്ച് മനുഷ്യരിൽ ഉണ്ടാകുന്ന വിവിധ അലർജികൾ, ആസ്മ, പുറം വേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, ദന്ത, ആർവത്തവ അസ്വസ്ഥതകൾ, വിഷാദം, വൈകാരിക പ്രകോപനങ്ങൾ, ക്ഷീണം, ദഹന സംബന്ധമായ തകരാറുകൾ, തലവേദന, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള അനവധി രോഗങ്ങളുടെ മൂലകാരണം മാനസ്സിക സമ്മർദ്ദമാണ്.   ആധുനിക വൈദ്യശാസ്ത്രത്തിൽ അതിവേഗം വളരുന്ന ശാഖയാണ് മാനസ്സികജന്യരോഗവൈദ്യശാസ്ത്രം.  നമ്മുടെ ശരീരത്തിൽ നിരന്തരം നിലകൊള്ളുന്ന ആയസകരമായ അവസ്ഥയും അതുവഴി അവയവങ്ങളിലുണ്ടാകുന്ന പ്രതികരണസമ്മർദ്ദത്തെയും രോഗങ്ങളെയും കുറിച്ച് നടത്തിയ പഠനമനുസരിച്ച്, നമുക്കുണ്ടാകുന്ന വിട്ടുമാറാത്ത വേദനയുടെ ഉറവിടം മാനസ്സികസമ്മർദ്ദമാണ്.  ഒരുപക്ഷേ, രോഗി ഇത് അംഗീകരിക്കണമെന്നോ, ഇതേക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നോ നിർബന്ധമില്ല.     വിട്ടുമാറാത്ത രോഗങ്ങളിൽനിന്നും മോചനം നേടാൻ ആഴത്തിലുള്ള ശ്വസനം സഹായിക്കുമെന്നാണ് ആധുനിക ആരോഗ്യശാസ്ത്രപഠനങ്ങളുടെ കണ്ടെത്തെലുകൾ.  ലളിതമായ ഭാഷയിൽ, ഒരാളെ സദാ വേട്ടയാടുന്ന ഉത്കണ്ഠ, ക്ഷോഭം, വെറുപ്പ് മുതലായ വികാരങ്ങൾ മനസ്സിൽ കത്തിക്കാളുമ്പോൾ  അയാളുടെ ശരീരകോശങ്ങളിൽ ആവശ്യമായ പ്രാണവായുവിൻ്റെ ലഭ്യത കുറയുകയും കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്യും.  ഇങ്ങനെയുള്ള ഒരാൾ ആഴത്തിലുള്ള ശ്വസനരീതികൾ, യോഗശ്വസനവ്യായാമങ്ങൾ തുടങ്ങിയവ പതിവായി ചെയ്താൽ നാഡീവ്യവസ്ഥ ശാന്തമാകുകയും ചെറുധമനികൾക്ക് വിശ്രമം ലഭിക്കുകയും ചെയ്യും.  ഇതിലൂടെ ശാരീരിക സൗഖ്യം വീണ്ടെടുക്കുവാൻ കഴിയുമെന്ന് പുതിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും തെളിയിക്കുന്നത്.   ഇതിനുപുറമെ, മറ്റ് നിരവധിയായ നമ്മുടെ ശരീരകക്ഷമതയെ ആഴത്തിലുള്ള ശ്വാസനം വർദ്ധിക്കും.  ഉദാഹരണത്തിന്, നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ഹൃദയമിടിപ്പിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുക, സാധാരണമായ  ഉറക്കചക്രം പുനഃസ്ഥാപിക്കുക, സമ്മർദ്ദ പ്രതികരണം കുറയ്ക്കുക, ദഹനപ്രക്രിയയെ സുഗമമാക്കുക, ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നിങ്ങനെയുള്ള അനവധി പ്രയോജനങ്ങൾ ഈ ശ്വാസനരീതി കൊണ്ടുണ്ട്.   ആഴത്തിലുള്ള ശ്വസന രീതിയോടൊപ്പം ലളിതവും ശാന്തവുമായ ഒരു ജീവിതം നയിക്കുവാൻ ധ്യാനനിഷ്ഠാ പരിശീലനം ഉത്തമമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.  ഒരാളുടെ ചിന്ത തന്നെയാണ് അയാളുടെ മനസ്സും ശരീരവും.  ചിന്തകൾ ഒരാളുടെ ശരീരത്തിനുള്ളിൽ അനേകം  പ്രതിപ്രവർത്തനങ്ങളുടെ ശൃംഖലയെ സൃഷ്ടിക്കുന്നു.  ദൈനംദിന ജീവിതത്തിൽ ദുഷ്ചിന്തകളുടെ എണ്ണം കുറയ്ക്കുവാനും സദ്ചിന്തകൾ മനസ്സിൽ ഉടലെടുക്കുവാനും, അവ കൂടുതൽ സമയം നിലനിർത്തുവാനും ധ്യാനം നമ്മെ സഹായിക്കും.   ദിവസവും നടത്തത്തിനായി പോകുക, ഉല്ലാസകരമായ കളികളിൽ ഏർപ്പെടുക, സംഗീതം കേൾക്കുക, പ്രചോദനാത്മകമായ കവിതകൾ അല്ലെങ്കിൽ ഗദ്യം വായിക്കുക, പൂന്തോട്ടപരിപാലനത്തിനായി സമയം കണ്ടെത്തുക, ആന്തരിക നിശബ്ദത ശീലിക്കുക എന്നിവയെല്ലാം ധ്യാനത്തിന്റെ വിവിധ രൂപങ്ങളുമാണ്.    ആഴത്തിലുള്ള ശ്വസനം സമ്മർദ്ദപ്രതികരണത്തെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കാം.  ഈ  ശ്വസനരീതി വിട്ടുമാറാത്ത വേദനയോടുള്ള നമ്മുടെ പ്രതികരണത്തിൽ തന്നെ മാറ്റം വരുത്തും.  ഇത് സമ്മർദ്ദത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിയാനും അംഗീകാരിക്കാനുമുളള ഉൾക്കാഴ്ച  നമ്മിൽ  വർദ്ധിക്കും.   ഇത് വേദനയുടെ സമയത്ത്   നമ്മുടെ നാഡീവ്യവസ്ഥയുടെ  സമ്മർദ്ദപ്രതികരണത്തെ പ്രതിരോധിക്കുവാൻ പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ കൂടുതൽ സജീവമാക്കും.  വിട്ടുമാറാത്ത വേദന നമ്മുടെ അമിതമായി ക്ഷോഭിക്കുന്ന അനുഭാവമുള്ള നാഡീവ്യവസ്ഥയുടെ പ്രതികരണമാണെന്ന് ചില വിദഗ്ദ്ധർ വിശ്വസിക്കുന്നു.  അതിനാൽ, പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നതിലൂടെ ഈ പ്രതികരണത്തെ  സംവേദനഹരിക്കാൻ  സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  സമ്മർദ്ദപ്രതികരണമുളളവർ ആഴത്തിലുള്ള ശ്വാസനം പരിശീലിക്കുക വഴി  അവരുടെ  ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ കഴിയുമെന്നും സ്ഥിരികരിച്ചു കഴിഞ്ഞു.   എങ്ങനെയാണ് ആഴത്തിലുള്ള ശ്വാസനം അഭ്യസിക്കുക?  ശ്വസന പ്രവർത്തനം യാന്ത്രികമാണെന്ന് നമുക്കറിയാം.  അതുകൊണ്ട് ഓരോ ശ്വസനവും ബോധപൂർവ്വമായിരിക്കാൻ ശ്രദ്ധിക്കണം. ശ്വാസത്തോടൊപ്പം ശ്വാസനാളത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുമ്പോൾ മാത്രമേ ആഴത്തിലുള്ള ശ്വസനത്തിന്റെ സാങ്കേതികത പ്രവർത്തിക്കൂ.  ഇതിനെ ശ്വസനാവബോധപരിശീലനം എന്നു വിളിക്കാം.  വേദനയെക്കുറിച്ചുളള നമ്മുടെ ചിന്തകളെ മനസ്സിൽ നിന്നും മാറ്റാൻ ശ്വാസത്തിന്റെ താളത്തിലും ശ്രദ്ധിക്കുക.  രണ്ടാമതായി, ആഴത്തിൽ ശ്വസിക്കുന്നതുകൊണ്ട് പ്രാണവായുവിൻ്റെ അളവു നമ്മുടെ കോശങ്ങളിലും തലച്ചോറിലും കൂടുകയും, ശരീരത്തിന്, പ്രത്യേകിച്ചും  മസ്തിഷ്ക്കത്തിന് വിശ്രമിക്കാൻ കഴിയുകയും ചെയ്യും.  നമ്മുടെ  ശ്വാസോച്ഛ്വാസത്തിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിലൂടെ, സമ്മർദ്ദപ്രതികരണത്തെ നേരിടുന്ന പാരസിംപതിറ്റിക് സംവിധാനം നമുക്ക് സജീവമാക്കാം.  മൂന്നാമതായി, സാവധാനത്തിലും  ആഴത്തിലുള്ള ശ്വാസനം വഴി നമുക്ക്  ശ്വസനനിരക്ക് കുറയ്ക്കുവാനും, വേദനയെക്കുറിച്ചുളള ഭയം കൂടുതൽ ലഘുകരിക്കുവാനും കഴിയും.  നാലാമതായി, മാനസിക ദൃശ്യവൽക്കരണമാണ്.  നമുക്ക് ഇഷ്ടമുള്ളതും മനസ്സിന് സുഖം പകരുന്നതുമായ സ്ഥലങ്ങളോ, സന്ദർഭങ്ങളോ മനസ്സിൽ കാണുക.  നമ്മുടെ ശ്വാസോച്ഛ്വാസവുമായി ബന്ധിപ്പിച്ച് കുറച്ചു സമയം ഇങ്ങനെ ചെലവഴിക്കുന്നത് സമ്മർദ്ദപ്രതികരണവും വേദന കേന്ദ്രീകൃതചിന്തകളും  കുറയ്ക്കുന്നതിന് ഫലപ്രദമാണ്.    Kerala

Gulf


National

International