പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പൊലീസ്



timely news image

തിരുവനന്തപുരം: പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ കോപ്പിയടി നടത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാനായി ഒന്നരവര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ കേരളാ പൊലീസ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ പ്രതികളായ കേസിലാണ് പൊലീസിന്റെ ഒളിച്ചുകളി. കേസിലെ പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന കാരണം നിരത്തിയാണ് ഒളിച്ചുകളി.  കോപ്പിയടി കേസിനെ തുടര്‍ന്ന് നിയമനം വൈകിയ ഈ റാങ്ക് പട്ടിക നീട്ടിക്കൊടുക്കാതെ വഞ്ചിച്ചതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഇപ്പോഴും സമരം തുടരുകയാണ്. കോപ്പിയടിച്ച് പിഎസ്‌സി പരീക്ഷയില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഇടംപിടിച്ചത് സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറുമായി ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. അതേസമയം, സിപിഒ റാങ്ക് ലിസ്റ്റ് നീട്ടണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സിപിഎം നേതാക്കളെ സമീപിച്ചപ്പോള്‍, മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ ജീവിതം തകര്‍ത്ത റാങ്ക് പട്ടികയില്‍ നിന്ന് നിങ്ങളങ്ങനെ ജീവിതം ഉണ്ടാക്കേണ്ടെന്നായിരുന്നത്രെ മറുപടി. 



Kerala

Gulf


National

International