കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനാവും; പ്രഖ്യാപനം രണ്ട് ദിവസങ്ങള്‍ക്കകം, മുല്ലപ്പള്ളി കണ്ണൂരിലേക്ക്timely news image

തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷനാവും. രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടന്നേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക. കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസ് സംവിധാനം കൂടുതല്‍ ചടുലമാവും എന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പല പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി ആവശ്യപ്പെട്ടിരുന്നു. നിലവിലെ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അനായാസേന ജയിക്കാമെന്ന മോഹമൊന്നും ബിജെപിക്ക് വേണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതിയാണ് ഇന്ന് വൈകീട്ട് 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുക. കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ധാരണയിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അവിടെ അങ്ങനെ നടക്കാനാണ് സാധ്യത.Kerala

Gulf


National

International