നാദാപുരത്തെ 16കാരന്റെ മരണത്തില്‍ ദുരൂഹത; സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, തുടരന്വേഷണം ‌timely news image

കോഴിക്കോട്: നാദാപുരത്തെ പതിനാറുകാരന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. അസീസിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമാണ് നിലവില്‍ ഉയരുന്നത്. സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മരണത്തിന്റെ ദുരൂഹത ഏറിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഷാജി ജോസഫിന്റെ നേതൃത്വത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. അസീസിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചുകൊണ്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന വീഡിയോയാണ് നിലവില്‍ പുറത്തുവന്നത്. വീട്ടുകാര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്‌ നാട്ടുകാര്‍. സംഭവം നടക്കുമ്പോള്‍ അസീസിന്റെ സഹോദരന്‍, പിതാവ്, രണ്ടാനമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.‌ തനിക്ക് വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സൃഹൃത്തുക്കളേയും മറ്റും വിളിച്ചറിയിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് അസീസ് മരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം കുട്ടിയുടെ പിതാവിനെ ഉള്‍പ്പെടെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി യാതൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അവരും ഇതൊരു ആത്മഹത്യയാണെന്ന സ്ഥിരീകരണത്തിലായിരുന്നു എത്തിയത്. സംഭവമുണ്ടായി ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാകവെയാണ് സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. 2020 മെയ് പതിനേഴിനാണ് അസീസ് മരിച്ചത്. നേരത്തെ ലോക്കല്‍ പൊലീസും ക്രൈബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയായിരുന്നു എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.Kerala

Gulf


National

International