മധ്യകേരളത്തില്‍ മഴ ചതിച്ചില്ല, ത്രികോണ മത്സരം നടന്ന ഇടങ്ങളില്‍ കനത്ത പോളിങ്, കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ കുറവ്; കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് കുറവ്‌timely news image

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഒടുവിലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 73.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളായ കണ്ണൂര്‍ കോഴിക്കോട്, ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത്. ഇവിടെ 77 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തു. 65.5 ശതമാനം പോളിംഗോടെ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് ഇത്തവണത്തേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77.10 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.04 ശതമാനവുമായിരുന്നു പോളിംഗ്. മധ്യകേരളത്തില്‍ മഴപെയ്തത് കോട്ടയം ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പിനെ മന്ദഗതിയില്‍ എത്തിച്ചെങ്കിലും പിന്നീട് പോളിംഗ് ശതമാനം കൂടുന്ന സ്ഥിതി വിശേഷമായിരുന്നു ഉണ്ടായത്. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ താരതമ്യേനേ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ കനത്തപോളിംഗാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും സമധാനപരമായി തന്നെയായിരുന്നു വോട്ടെടുപ്പ് നടന്നത്. എങ്കിലും അവിടിവിടങ്ങളിലാണ് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു. കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം ഉണ്ടാവുകയും വിഷയത്തി ല്‍ പൊലീസിനെതിരെ മന്ത്രി കടകംപള്ളി സരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. ഇടതുപക്ഷക്കാരെ പൊലീസ് തെരഞ്ഞെടുത്ത് പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും ഇടതുപക്ഷം ലീഡ് ചെയ്യുന്ന വാര്‍ഡായ കടകംപള്ളിയില്‍ വോട്ടിങ്ങ് സ്തംഭിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. പൊലീസ് ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചെന്നുമായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്ന ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊല്ലം ഇടുക്കി കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായും ആരോപണം ഉയര്‍ന്നു. ഇരട്ടവോട്ട് ആരോപണം ഉയര്‍ത്തി തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ നെടുങ്കണ്ടത്ത് വെച്ച് തടഞ്ഞതായും പരാതിയുണ്ട്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തിയെന്ന് ആരോപിച്ചാണ് തടഞ്ഞതെന്നും വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ട് താമര ചിഹ്നത്തിന് പോകുന്നതായും പരാതി ഉയര്‍ന്നിരുന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. ബാലുശേരി മണ്ഡലത്തില്‍ ബൂത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞുവെന്നും പരാതിയുണ്ടായിരുന്നു. ബൂത്ത് സന്ദര്‍ശനത്തിന്റെ പേരില്‍ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടാവുകയും ചെയ്തിരുന്നു.Kerala

Gulf


National

International