വന്യജീവികളുള്ള കൊടുംകാട്ടില്‍ അകപ്പെട്ട ഒരു വയസ്സുകാരിക്ക്‌ അത്ഭുത പുനര്‍ജന്മം.timely news image

മൂന്നാര്‍ : വന്യജീവികള്‍ ഏറെയുള്ള കാട്ടില്‍ അബദ്ധത്തില്‍ അകപ്പെട്ട ഒരു വയസ്സുകാരിക്ക്‌ അത്ഭുത പുനര്‍ജന്മം. വനംവകുപ്പ്‌ ജീവനക്കാരുടെ നിരീക്ഷണമാണ്‌ കുട്ടിയെ രക്ഷപ്പെടുത്തിയത്‌. സംഭവം ഇങ്ങനെ. കമ്പളികണ്ടത്തു നിന്നും ഒരു കുടുംബം കഴിഞ്ഞദിവസം പളനിയ്‌ക്ക്‌ ജീപ്പില്‍ തീര്‍ത്ഥയാത്ര പോയി. ഞായറാഴ്‌ച മടക്കയാത്രയില്‍ മറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തി രാത്രി വൈകിയാണ്‌ ഇവര്‍ കമ്പിളികണ്ടത്തെത്തിയത്‌. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ വീടുകളിലേയ്‌ക്ക്‌ മടങ്ങുവാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുകാരിയെ കാണുന്നില്ലെന്ന്‌ അറിയുന്നത്‌. നേര്‍ച്ചസമര്‍പ്പണത്തിന്‌ പളനിയില്‍ കൊണ്ടുപോയി തല മൊട്ടയടിച്ച കുട്ടിയെയാണ്‌ കാണാതായത്‌. പരിഭ്രാന്തരായ മാതാപിതാക്കളും ബന്ധുക്കളും നിലവിളിയായി. ഈ സമയം വെള്ളത്തൂവല്‍ പോലീസ്‌ സംഘം നൈറ്റ്‌ പട്രോളിംഗുമായി അവിടെയുണ്ടായിരുന്നു. ഇവര്‍ ഉടന്‍തന്നെ വയര്‍ലെസ്സിലൂടെ സന്ദേശം നല്‍കി. ഇതേതുടര്‍ന്ന്‌ കുട്ടിയെ രാജമലയിലെ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ആശുപത്രിയിലാക്കിയ വിവരം ലഭിച്ചു. രാജമലയിലെ കൊടുംകാട്ടില്‍ നിന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്‌. ഒറ്റയാനും പുലിയും ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ഏറെയുള്ള ഭാഗത്തു നിന്നാണ്‌ ഒരു പോറല്‍പോലും ഏല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തിയത്‌. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ക്യാമറ നിരീക്ഷണം നടത്തിയപ്പോള്‍ ഒരു ജീവി ഇഴഞ്ഞു പോകുന്നതുപോലെ കണ്ടെത്തി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ പാമ്പേഴ്‌സ്‌ ധരിച്ച രീതിയിലാണ്‌ ജീവിയെ കാണുന്നത്‌. സംശയം തോന്നിയ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തുകയായിരുന്നു. വെളിച്ചം കാണുന്ന ഭാഗത്തേയ്‌ക്ക്‌ കുട്ടി ഇഴഞ്ഞ്‌ വരുന്നതാണ്‌ ക്യാമറയില്‍ ദൃശ്യമായത്‌. ജീപ്പില്‍ നിന്നും കുട്ടി അബദ്ധത്തില്‍ കാട്ടിലേയ്‌ക്ക്‌ തെറിച്ചു വീഴുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഒപ്പമുള്ളവര്‍ ഇതറിഞ്ഞുമില്ല. പെണ്‍കുട്ടിയായതിനാല്‍ ആരോ കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന സംശയവും ഇതിനിടെ ഉയര്‍ന്നിരുന്നു. എന്തായാലും കുട്ടിയെ തിരികെ കിട്ടിയ ആശ്വാസത്തില്‍ ബന്ധുക്കളും രക്ഷിച്ച സന്തോഷത്തില്‍ വനംവകുപ്പ്‌ ജീവനക്കാരും ദൈവത്തിന്‌ നന്ദി പറഞ്ഞു.  Kerala

Gulf


National

International