മാലിന്യമില്ലാത്ത മംഗല്യം ഗ്രീന്‍പ്രോട്ടോക്കോള്‍ വിവാഹ സല്‍ക്കാരത്തിലും ; മാതൃക സമ്മാനിച്ച് രണ്ട് കുടുംബങ്ങള്‍timely news image

തൊടുപുഴ : പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് അനുകരണീയമായ ഗ്രീന്‍പ്രോട്ടോക്കോള്‍ വിവാഹ മാതൃക സമ്മാനിച്ചിരിക്കുകയാണ് തൊടുപുഴയ്ക്ക് സമീപം രണ്ട് കുടുംബങ്ങള്‍.യാതോരു മാലിന്യവും അവശേഷിപ്പിക്കാതെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചാണ് ഈ കുടുംബങ്ങള്‍ മാതൃകയായത്. ദീര്‍ഘകാലം നിലനില്‍ക്കേണ്ട വിവാഹമെന്ന മംഗളകര്‍മ്മത്തിന്റെ പേരില്‍ പ്രകൃതിയെ യാതോരു തരത്തിലും ക്ഷീണിപ്പിക്കില്ലെന്ന ഈ കുടുംബങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് സമ്പൂര്‍ണ മാലിന്യ രഹിത മംഗല്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. കുമാരമംഗലം കാഞ്ഞിരക്കാട്ട് റിട്ട. കൃഷി ഓഫിസര്‍ കെ കെ ശ്രീകുമാറിന്റെയും ഉഷയുടെയും മകന്‍ ശ്രീജേഷിന്റെ വിവാഹ സല്‍ക്കാരമാണ് ശുചിത്വ മാതൃകയായി സംഘടിപ്പിച്ചത്. മാറാഞ്ചേമ്പിന്റെ ഇലയും കുടപ്പനയുമൊക്കെ ഉപയോഗിച്ചാണ് വീട്ടിലെ വിവാഹ സല്‍ക്കാരവേദിയാകെ അലങ്കരിച്ചത്.ഇലകളില്‍ മനോഹരമായ വര്‍ണ്ണച്ചിത്രങ്ങളും അണിയിച്ചൊരുക്കിയിരുന്നു.1500പേരാണ് വധുവരന്മാരെ ആശീര്‍വദിക്കാന്‍ വീട്ടിലെത്തിയത്. അവരെയെല്ലാം നല്ല നിലയില്‍ സല്‍ക്കരിച്ചു യാത്രയാക്കിയപ്പോഴും അവശേഷിച്ചത് ഭക്ഷണാവശിഷ്ടം മാത്രമായിരുന്നു. ഭക്ഷ്യാവശിഷ്ടം ജൈവ വളമാക്കുന്നതിന് കമ്പോസ്റ്റ് പിറ്റും നിര്‍മ്മിച്ചിരുന്നു. പേപ്പര്‍ ഗ്ലാസോ, ന്യൂസ്പ്രിന്റോ, പേപ്പര്‍കപ്പുകളോ ലെഡ് ഉള്‍പ്പടെയുള്ള മാരകമായ വിഷം മണ്ണിലെത്തിക്കുന്ന ടിഷ്യു പേപ്പറുകളോ ഉപയോഗിച്ചില്ല.ശ്രീകുമാര്‍ സ്വന്തം നിലയിലും സുഹൃത്തുക്കളുടെ സഹായത്തോടെയും പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം തേടിപ്പിടിച്ച് വിവാഹത്തിന് കണ്ടെത്തുകയായിരുന്നു.'നോ കോസ്റ്റ് നോ വേസ്റ്റ് ' വിവാഹമായിരുന്നു നടത്തിയതെന്ന് ശ്രീകുമാര്‍ വിശദീകരിക്കുന്നു. ഈ കല്യാണത്തെക്കുറിച്ചറിഞ്ഞ് 300ഓളം പേര്‍ ഫോണില്‍ ബന്ധപ്പെട്ടു.എല്ലാവരും അനുമോദിച്ചു. അത് വലിയ സന്തോഷമാണ് നല്‍കിയതെന്നും ശ്രീകുമാര്‍ പറഞ്ഞു.  അതിഥികള്‍ക്ക് കുടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനു പകരം ചില്ലുഗ്ലാസില്‍ നല്ല ചൂട് ചുക്ക് വെള്ളം.400 ഗ്ലാസുകള്‍ ഇതിനായി വിലയ്ക്കു വാങ്ങുകയായിരുന്നു.ഈ ഗ്ലാസുകള്‍ സൗജന്യമായി വിവാഹത്തിനും മറ്റും നല്‍കുന്നതിന് തയ്യാറാണെന്ന് ശ്രീകുമാര്‍ അറിയിച്ചു.ഭക്ഷണം വിളമ്പിയത് പോഴ്‌സലീന്‍ പാത്രത്തില്‍,കഴുകിയശേഷം കൈ തുടയ്ക്കാന്‍ എല്ലാവര്‍ക്കും തുണി തുവാലകള്‍,ഐസ്‌ക്രീമുകള്‍ സ്റ്റീല്‍ കപ്പുകള്‍, സ്പൂണുകള്‍... ഇങ്ങനെ നീളുകയാണ് ഈ ഹരിത മാംഗല്യത്തിന്റെ പ്രത്യേകതകള്‍.1000 തുണിത്തുവാലകളാണ് ഈ ആവശ്യത്തിനായി വാങ്ങിച്ചത്.തുവാലകള്‍ ശീലമാക്കണമെന്ന സൂചകങ്ങളും വേദിക്ക് സമീപം ഒരുക്കിയിരുന്നു.ഇത്തരത്തില്‍ സംവിധാനങ്ങളൊരുക്കിയതിനാല്‍ വിവാഹശേഷം മിച്ചം വന്ന ഭക്ഷണവും പ്ലാസ്റ്റിക്ക്-ഡിസ്‌പോസിബിളുകളടക്കമുള്ള മാലിന്യവും ഒഴിവാക്കാന്‍ ക്വട്ടേഷന്‍കാരെ തേടേണ്ട സ്ഥിതിയുണ്ടായില്ല ശ്രീകുമാറിന്. ഗ്രീന്‍പ്രോട്ടോക്കോളിലൂടെ പൂര്‍ണ്ണ മാലിന്യമുക്തമായി വിവാഹസല്‍ക്കാരം നടത്തണമെന്ന ശ്രീകുമാറിന്റെ ആഗ്രഹം ജില്ലാ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി എസ് മധുവിനോട് സാന്ദര്‍ഭികമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ് പ്രകൃതി സൗഹൃദ വിവാഹത്തിന് അരങ്ങൊരുങ്ങിയത്.ഹരിതകേരളം മിഷന്റെ ശുചിത്വ മികവ് എന്ന പ്രോഗ്രാമില്‍ കേരളത്തിനാകെ മാതൃകയാക്കാവുന്ന ഈ ഹരിതമാംഗല്യം ഇടം പിടിച്ചതായി ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു പറഞ്ഞു.ഇത്തരം വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും.ജില്ലയില്‍ ആദ്യമായാണ് ഹരിത ചട്ടം പൂര്‍ണ്ണമായും പാലിച്ച് വിവാഹങ്ങള്‍ നടക്കുന്നതെന്ന് ഇദ്ദേഹം അറിയിച്ചു രണ്ടാമത്തെ ഹരിതവിവാഹം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റിന്റെ മകളുടേത് ജില്ലയിലെ മിക്കവാറും ജനപ്രതിനിധികള്‍ ഉള്‍പ്പടെ രണ്ടായിരത്തിലേറെ അതിഥികള്‍ പങ്കെടുത്ത വിവാഹം സമ്പൂര്‍ണ്ണ 'ഹരിതാഭ'മാക്കിയാണ് കോടിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണിയും കുടുംബവും വേറിട്ട മാതൃക കാട്ടിയത്.കിഴക്കേ കോടിക്കുളം സെന്റ് ആന്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്തിയ മകള്‍ മീനുവിന്റെ വിവാഹമാണ് മാലിന്യമില്ലാതെ അണിയിച്ചൊരുക്കിയത്. ഡിസ്‌പോസിബിളുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കാറ്ററിംഗ് ടീമിനോട് ആവശ്യപ്പെടുകയായിരുന്നു ഇവര്‍.വെല്‍ക്കം ഡ്രിങ്കും കരിങ്ങാലിവെള്ളവും ചില്ലു ഗ്ലാസുകളിലാണ് നല്‍കിയത്.നോണ്‍ വെജ് ഐറ്റംസുകളെല്ലാം തന്നെ വിഭവങ്ങളായി ഒരുക്കിയിരുന്നെങ്കിലും അവയെല്ലാം വിളമ്പിയത് നല്ല പോഴ്‌സലീന്‍ പാത്രങ്ങളിലായിരുന്നു.ഐസ്‌ക്രീമും പുഡ്ഡിംഗും ഉള്‍പ്പടെയുള്ള ഡെസേര്‍ട്ടുകളും വിളമ്പിയത് പ്രകൃതിസൗഹൃദമായിത്തന്നെ. പി ജെ ജോസഫ് എംഎല്‍എ ഇരുവിവാഹങ്ങളിലും പങ്കെടുത്ത് വധുവരന്മാരെയും ഹരിത വിവാഹത്തിന്റെ സംഘാടകരെയും പ്രത്യേകം അനുമോദിച്ചു.ഈ വിവാഹമാതൃക കേരള സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International