സൈക്കിളിന് വേണ്ടി ‘യാദവ പോര്’; മുലായത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അഖിലേഷും; സമാജ്‌വാദി പാര്‍ട്ടി ചിഹ്നത്തില്‍ ഇനി നിയമയുദ്ധം



timely news image

ന്യൂ ഡല്‍ഹി: അച്ഛന് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിച്ച് പാര്‍ട്ടി പിടിച്ചടക്കി സ്വയം ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ച അഖിലേഷ് യാദവ് പാര്‍ട്ടി ചിഹ്നത്തിനായും യുദ്ധത്തിന് ഒരുങ്ങുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ താന്‍ തന്നെയാണെന്നും പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ തന്റേതാണെന്നും പ്രഖ്യാപിച്ച് മുലായം സിങ് യാദവ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ അഖിലേഷ് യാദവും പാര്‍ട്ടി ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചു. അഖിലേഷിന്റെ ഒപ്പം നില്‍ക്കുന്ന അമ്മാവന്‍ രാം ഗോപാല്‍ യാദവ് തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ചിഹ്നത്തിന് അവകാശമുന്നയിച്ച് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ കലഹം മൂര്‍ച്ഛിച്ചതോടെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കായി യാദവപോര്. പാര്‍ട്ടി ചിഹ്നത്തിനായി ഡല്‍ഹിയില്‍ നിയമയുദ്ധത്തിനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ ഭരണപക്ഷമായ സമാജ്‌വാദി പാര്‍ട്ടി. അച്ഛനും മകനും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ പാര്‍ട്ടി ഭിന്നിച്ചതോടെ ഇരുപക്ഷത്തുമായി നേതാക്കള്‍ നിലയുറപ്പിച്ചു. പാര്‍ട്ടി അധ്യക്ഷനായ മുലായം സിങ് യാദവിനൊപ്പം സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും മുതിര്‍ന്ന നേതാവ് അമര്‍സിങും അണിനിരക്കുമ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം മുലായത്തിന്റെ സഹോദരന്‍ രാം ഗോപാല്‍ യാദവും മറ്റ് പ്രമുഖ നേതാക്കളും എംഎല്‍എമാരും അണിനിരക്കുന്നു. ഞായറാഴ്ച 5000ല്‍ അധികം വരുന്ന പാര്‍ട്ടി അണികളെ സാക്ഷി നിര്‍ത്തിയാണ് സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി അഖിലേഷ് സ്വയം പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷനായിരുന്ന മുലായത്തിനെ മുഖ്യ മാര്‍ഗദര്‍ശിയായി പ്രഖ്യാപിച്ച് അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ശിവ്പാല്‍ യാദവിനേയും അമര്‍ സിങിനേയും പുറത്താക്കുകയും ചെയ്തു. തിരിച്ച് മുലായം സിങ് യാദവ് രാം ഗോപാല്‍ യാദവിനെ വീണ്ടും പുറത്താക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും അഖിലേഷിനെ തൊട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ചു 77 വയസുകാരനായ മുലായം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് പാര്‍ട്ടി ചിഹ്നത്തിനായി അവകാശം ഉന്നയിച്ചെത്തുകയും ചെയ്തു.



Kerala

Gulf


National

International