അഫ്ഗാനിലെ ആശുപത്രിയിൽ താലിബാന്‍റെ ചാവേറാക്രമണം; 20 മരണംtimely news image

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 95 പേർക്ക് പരുക്കേറ്റു. തെക്കൻ അഫ്ഗാനിസ്ഥാനിലുള്ള സബൂൽ പ്രവിശ്യയുടെ തലസ്ഥാനമായ ഖലാത്ത് നഗരത്തിലെ ആശുപത്രിക്ക് സമീപത്ത് വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.  ആശുപത്രിയിലെ ഡോക്റ്റർമാരും രോഗികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ചികിത്സയിലുണ്ടായിരുന്ന രോഗികളും അടക്കമുള്ളവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ആശുപത്രി കെട്ടിടം പൂർണമായി തകർന്നു. ചെറിയ ട്രക്കിൽ വലിയ അളവിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, സർക്കാറിന്‍റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ പ്രതികരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസിഡന്‍റ് അഷ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.Kerala

Gulf


National

International