പുകയിലയെ വെറുക്കാൻ കാരണങ്ങൾ ഏറെtimely news image

ലോക പുകയില വിരുദ്ധ ദിനമാണിന്ന്‌. ആരോഗ്യത്തിന്‌ ഇത്രമേല്‍ കുഴപ്പം വരുത്തുന്ന മറ്റൊരു വസ്‌തു ഭൂമിയില്‍ ഇല്ലെന്ന കാര്യം വീണ്ടും ഓര്‍മിപ്പിക്കാന്‍ കൂടിയാണ്‌ ഈ ദിവസം. പുകവലിക്കുന്ന ഒരു പുരുഷന്റെ ആയുസ്സ്‌ 12 വര്‍ഷവും സ്‌ത്രീയുടെ ആയുസ്സ്‌ 11 വര്‍ഷവും കുറയുന്നു എന്നാണ്‌ കണക്ക്‌. പുകവലി കാന്‍സര്‍ മാത്രമല്ല ഉണ്ടാക്കുന്നത്‌. ശരീരത്തിലെ ഓരോ അവയവത്തേയും അതു ബാധിക്കുന്നു. ശ്വാസകോശവും ഹൃദയവും രക്തക്കുഴലുകളും പ്രത്യുത്‌പാദന അവയവങ്ങളും വായ,ത്വക്ക്‌, കണ്ണുകള്‍, എല്ലുകള്‍ അങ്ങനെ സര്‍വത്ര അവയവങ്ങള്‍ക്കും കുഴപ്പം .  ചികിത്സിക്കാന്‍ ഏറെ പ്രയാസമുള്ള ശ്വാസകോശ കാന്‍സറിന്റെ മുഖ്യ കാരണമാണ്‌ പുകവലി.ശ്വാസകോശത്തിനു പുറമേ വായിലും സ്വനപേടകത്തിലും തൊണ്ടയിലും അന്നനാളത്തിലും കിഡ്‌നിയിലും ഗര്‍ഭാശയമുഖത്തും കരളിലും മൂത്രാശയത്തിലും പാന്‍ക്രിയാസിലും ആമാശയത്തിലും കുടലിലും മലദ്വാരത്തിലും ഒക്കെ കാന്‍സര്‍ ഉണ്ടാക്കാന്‍ പുകവലി ഇടയാക്കും. ഒപ്പം മൈലോയിഡ്‌ ലുക്കീമിയ എന്ന രക്താര്‍ബുദത്തിനും കാരണമാകാം. പുകയിലയുടെ ഏതു രൂപത്തിലുള്ള ഉപയോഗവും കാന്‍സറിന്‌ ഇടയാക്കുന്നു. സുരക്ഷിതമായ ഉപയോഗം എന്നത്‌ പുകയിലയുടെ കാര്യത്തില്‍ അസാധ്യമാണ്‌. പുകവലിക്കാരന്‍ ആ പുക ഉള്ളിലേക്ക്‌ എടുക്കുന്നില്ലെങ്കില്‍ കൂടി പുറത്തേക്കു തള്ളുന്ന പുക അയാള്‍ ശ്വസിക്കുന്നുണ്ട്‌. ആ പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും അയാളെ പോലെ തന്നെ അപകട സാധ്യത ഉണ്ട്‌. പുക ജീവനുള്ള കോശങ്ങളില്‍ നാശം സൃഷ്ടിക്കുന്നു. സ്വയം വലിച്ചിട്ടായാലും മറ്റുള്ളവരുടെ പുക ഏറ്റിട്ടായാലും ദോഷം തന്നെ. ശ്വാസകോശങ്ങളിലെ കൊച്ചു കൊച്ചു വായു അറകളും നാളികളും പുകവലിയുടെ തുടക്ക കാലം മുതലേ നശിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടേ ശ്വാസകോശ രോഗം ആയി തിരിച്ചറിയാന്‍ പറ്റുന്നത്ര ദോഷം സംഭവിക്കുള്ളൂ. ന്യൂമോണിയയും ആസ്‌ത്‌മയും പുകവലി മൂലം ഗുരുതരമാകാം. ശ്വാസകോശ കാന്‍സര്‍ പോലെ ഗുരുതരമായ മറ്റു ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കാനും പുകവലി കാരണമാകാം. സി.ഒ.പി.ഡി എന്ന കടുത്ത ശ്വാസകോശ രോഗത്തിനും പുകവലി കാരണമാകുന്നു. കൂടുതല്‍ വലിക്കുംതോറും പ്രതിവിധി ഇല്ലാത്ത അവസ്ഥയില്‍ എത്തുകയും ചെയ്യും. നെഞ്ചില്‍ നിന്നുള്ള ശബ്ദങ്ങള്‍, എന്തെങ്കിലും ശാരീരിക അധ്വാനമുള്ളപ്പോള്‍ ശ്വാസം മുട്ട്‌ , കഫക്കെട്ട്‌, ഇതൊക്കെ സിഒപിഡിയുടെ ആദ്യ ലക്ഷണങ്ങള്‍ ആണ്‌. അസുഖം കൂടുംതോറും വെറുതെയിരിക്കുമ്പോള്‍ പോലും ശ്വാസംമുട്ട്‌ അനുഭവപ്പെടുന്ന അവസ്ഥയാകും. ഒടുവില്‍ ശ്വാസം കിട്ടാതെ വിഷമിക്കുന്ന പോലെയോ വെള്ളത്തില്‍ മുങ്ങുന്ന പോലെയോ ഒക്കെയുള്ള വിഷമാവസ്ഥയാണ്‌ ഈ അസുഖക്കാരെ കാത്തിരിക്കുന്നത്‌.Kerala

Gulf


National

International