കറുവപ്പട്ടയും ആരോഗ്യവുംtimely news image

കറുവപ്പട്ടയും ആരോഗ്യവും   ലീലാമ്മ ജെയിംസ്‌ നന്തലത്ത്‌, കരിമണ്ണൂര്‍  ഗരംമസാലയില്ലാതെ രുചികരമായ മാസംഭക്ഷണം തയ്യാറാക്കുവാന്‍ പറ്റുകയില്ലല്ലോ. ഇത്‌ പലപ്പോഴും കടയില്‍ നിന്നും വാങ്ങാറാണ്‌ പതിവ്‌. എന്നാല്‍ മസാലപ്പൊടികള്‍ നാം വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നതാണ്‌ ആരോഗ്യകരം. ഇറച്ചിക്കറികളില്‍ ചേര്‍ക്കുന്ന മസാലകളില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ കറുവപ്പട്ടയാണ്‌. ബിരിയാണിയ്‌ക്കും കറുവപ്പട്ടയുടെ രുചി ഗുണമേന്മ വര്‍ദ്ധിപ്പിക്കും. ഇംഗ്ലീഷില്‍ സിനമണ്‍ എന്നറിയപ്പെടുന്ന കറുവപ്പട്ട വിവിധ സ്‌പീഷീസുകളിലുണ്ട്‌. പ്രധാനമായും അഞ്ചു തരമാണുള്ളത്‌. ചൈനീസ്‌ കാസിയ അഥവാ ബോംബെ കറുവ, ഇന്‍ഡോനേഷ്യന്‍ കാസിയ, വിയറ്റ്‌നാമീസ്‌ കാസിയ, ശ്രീലങ്കന്‍ സിനമണ്‍ അഥവാ ഇലവര്‍ങ്‌ഗം, ഇന്ത്യന്‍ സിനമണ്‍ അഥവാ ഇടനയില എന്നിവയാണ്‌ അവ. ഇതില്‍ വന്‍തോതില്‍ ഉത്‌പ്പാദിപ്പിക്കപ്പെടുടന്നതും ഉപയോഗിക്കപ്പെടുന്നതും കാസിയ ഇനങ്ങളാണ്‌. കാരണം ലഭ്യതയും വിലക്കുറവും തന്നെ. ശ്രീലങ്കന്‍ സിനമണ്‍ വളരെ കുറച്ചു മാത്രമേ ഉത്‌പാദിപ്പിക്കപ്പെടുന്നുള്ളൂ. ഗുണമേന്മയില്‍ ഒന്നാമതെങ്കില്‍ വില കൂടുതലും ആണ്‌. രുചിയിലും സുഗന്ധത്തിലും ശ്രീലങ്കന്‍ കറുവപ്പട്ട മുന്നിട്ടു നില്‍ക്കുന്നു. സിനിമാല്‍ഡി ഹൈഡ്‌ എന്ന രാസവസ്‌തുവാണ്‌ കറുവപ്പട്ടകളുടെ രുചി വൈവിധ്യത്തിനു കാരണം. കാസിയ ഇനങ്ങളില്‍ കൗമറിന്‍ എന്ന വിഷാംശം കൂടുതലുണ്ട്‌. ചെറി, സ്‌ട്രോബറി, വാനില തുടങ്ങിയവയില്‍ കൗമറിന്‍ വളരെ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുണ്ട്‌. കാസിയായില്‍ കൗമറിന്‍ ഉള്ളപ്പോള്‍ ശ്രീലങ്കന്‍ സിനമണില്‍ അത്‌ വെറും 0.4 ശതമാനമാണ്‌. ഇന്ത്യന്‍ സിനമണില്‍ ഇല ചൂടാക്കുമ്പോളാണ്‌ സുഗന്ധമുണ്ടാകുന്നത്‌. കേരളീയര്‍ അതിന്റെ ഇലയില്‍ പൊതിഞ്ഞ്‌ ചക്കയട രുചികരമായി പാകം ചെയ്യുന്നു. പക്ഷെ കറികളില്‍ ചേര്‍ത്താല്‍ വഴുവഴുപ്പും നേരിയ കയ്‌പ്പും അനുഭവപ്പെടുന്നു. ശ്രീലങ്കന്‍ സിനമണിനെ അപേക്ഷിച്ച്‌ കാസിയ ഇനങ്ങളുടെ ഇലകള്‍ ചെറുതെങ്കിലും രുചിച്ചാല്‍ സുഗന്ധവും എരിവും വളരെ കൂടുതലാണ്‌. അതിനാല്‍ത്തന്നെ ഇത്തരം കറുവപ്പട്ടകള്‍ ഗുണമേന്മയുള്ളതാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്നു. കൗമറിന്‍ കൂടുതലുള്ളതിനാല്‍ ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്‌. 2008-ല്‍ യൂറോപ്യന്‍ ഫുഡ്‌ സേഫ്‌റ്റി അതോറിറ്റി കാസിയ നിരോധിച്ചിട്ടുമുണ്ട്‌. പല വിദേശരാജ്യങ്ങളിലും ഇത്‌ നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. കൗമറിന്‍ രക്തത്തില്‍ ജലാംശം കൂട്ടുകയും കിഡ്‌നി, കരള്‍ തുടങ്ങിയവയ്‌ക്ക്‌ കേടു വരുത്തുകയും ചെയ്യുന്നു. രുചിക്കുമ്പോള്‍ എരിവും പുകച്ചിലും സുഗന്ധവും കുറഞ്ഞ ശ്രീലങ്കന്‍ സിനമണ്‍ അഥവാ ഇലവര്‍ങ്‌ഗം നമ്മുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുതന്നെ രുചി വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കറുവപ്പട്ടയുടെ ഇലകള്‍ കാസിയ ഇനങ്ങളെക്കാള്‍ വലിപ്പമുള്ളതും ഇടനയിലയെക്കാള്‍ ചെറുതുമായിരിക്കും. ഉണങ്ങിയ തൊലി അടുക്കുകളായി കാണപ്പെടുന്നതും എളുപ്പം പൊടിയുന്നതുമായിരിക്കും. ഇളംചുവപ്പു കലര്‍ന്ന തവിട്ടു നിറവുമായിരിക്കും. ഗരം മസാലയില്ലെങ്കിലും ശ്രീലങ്കന്‍ കറുവയുടെ ഇലയും തൊലിയും ചേര്‍ത്താല്‍ ഏറ്റവും രുചികരമായ ഇറച്ചിക്കറികള്‍ ഉണ്ടാക്കാം. വീട്ടുവളപ്പില്‍ ഒരു കറുവ നട്ടുവളര്‍ത്തുന്നത്‌ എല്ലാംകൊണ്ടും നല്ലതുതന്നെ. അധികം സ്ഥലസൗകര്യങ്ങളില്ലാത്തവര്‍ക്കും ഈ വൃക്ഷം നട്ടുപിടിപ്പിക്കാം. കമ്പുകള്‍ കോതിയൊതുക്കി കുറ്റിച്ചെടിയായും വളര്‍ത്താം. സ്വന്തം മുറ്റത്തു നിന്ന്‌ കറിവേപ്പില എടുക്കുന്നതുപോലെ തന്നെ കറുവത്തൊലിയും ഇലയും ഉപയോഗിക്കുകയും ചെയ്യാം. മുന്തിയ രുചിയില്‍ ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യുകയും ചെയ്യാം. നല്ലയിനമായ ശ്രീലങ്കന്‍ കറുവപ്പട്ടയെ തിരിച്ചറിയാം. കാസിയ (ചൈനീസ്‌ സിനമണ്‍) ശാസ്‌ത്രനാമം - സിനമോമം കാസിയ നീളം - 8 സെ.മീ. - 11 സെ.മീ. വീതി - 5 സെ.മീ - 7 സെ.മീ. മഞ്ഞകലര്‍ന്ന പച്ചനിറം, കട്ടി വളരെ കൂടുതല്‍ ഇല - രുചിക്കുമ്പോള്‍ എരിവും പുകച്ചിലും, സുഗന്ധം വളരെ കൂടുതല്‍ ഉണങ്ങിയ തൊലി - ഇരുണ്ട തവിട്ടുനിറം, കട്ടി വളരെ കൂടുതല്‍, എളുപ്പത്തില്‍ പൊടിയുന്നില്ല, പല പ്രാവശ്യം ഉപയോഗിച്ചാലും സുഗന്ധം നിലനില്‍ക്കും. വിഷാംശമായ കൗമറിന്റെ അളവ്‌ - 5 %   ശ്രീലങ്കന്‍ സിനമണ്‍ (ഇലവര്‍ങ്‌ഗം) നീളം - 16 സെ.മീ. - 20 സെ.മീ. വീതി - 6 സെ.മീ - 9 സെ.മീ. മഞ്ഞകലര്‍ന്ന പച്ചനിറം, കട്ടി കുറവ്‌ ഇല - രുചിക്കുമ്പോള്‍ സുഗന്ധമധുരം, സുഗന്ധം കുറവ്‌ ഉണങ്ങിയ തൊലി - ഇളംചുവപ്പു കലര്‍ന്ന തവിട്ടു നിറം, കട്ടി കുറഞ്ഞ്‌ അടുക്കുകളായി കാണപ്പെടുന്നു, എളുപ്പം പൊടിയുന്നു, ആദ്യ ഉപയോഗത്തില്‍ തന്നെ രുചി മുഴുവന്‍ അലിഞ്ഞു ചേരുന്നു. വിഷാംശമായ കൗമറിന്റെ അളവ്‌ - 0.4 %   ഇന്ത്യന്‍ സിനമണ്‍ (ഇടന) നീളം - 30 സെ.മീ. - 33 സെ.മീ. വീതി - 11 സെ.മീ - 14 സെ.മീ. കടും പച്ചനിറം, സാമാന്യം കട്ടിയുള്ള ഇല ഇല - പ്രത്യേക രുചിയില്ല, ചൂടാക്കുമ്പോള്‍ സുഗന്ധം ഉണങ്ങിയ തൊലി - ചാരനിറം കലര്‍ന്ന തവിട്ടു നിറം, ഇടത്തരം കട്ടി, രുചിച്ചാല്‍ വഴുവഴുപ്പും നേരിയ കയ്‌പ്പും അനുഭവപ്പെടുന്നു.  Kerala

Gulf


National

International