ഹര്‍ത്താല്‍ സമാധാനപരമായിരിക്കും, സ്വമേധയായുള്ള പങ്കാളിത്തമാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നിത്തലtimely news image

തിരുവനന്തപുരം: യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബര്‍ 16-ലെ ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും തുടരെയുള്ള ഇന്ധനവില വര്‍ദ്ധനയിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഹര്‍ത്താലിന്റെ വിജയത്തിനായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്താന്‍ പാടില്ല. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന യാതൊരു അവകാശവും തടസപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തനവും നടത്തരുതെന്നും ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കാതെയും ഈ സമാധാന സമരം വിജയിപ്പിക്കണമെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാണകവെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബി.ജെ.പിയുടെ വികൃതമായ ദളിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നത്. ബി.ജെ.പിക്കാരില്‍ സവര്‍ണ ജാതി ചിന്ത ഇപ്പോഴും കട്ടപിടിച്ചിരിക്കുകയാണെന്ന് ഇത് തെളിയിക്കുന്നു. കൊല്ലം-ചെങ്കോട്ട പാത നവീകരണം വൈകുന്നതിനെതിരെയാണ് സ്ഥലം എം.പി കൂടിയായ കൊടിക്കുന്നില്‍ സമരം നടത്തിയത്. സത്യാഗ്രഹ സമരം പോലും ദഹിക്കാത്ത ഫാസിസ്റ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരില്‍ പട്ടികജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.Kerala

Gulf


National

International