നോട്ട് അസാധുവാക്കാൻ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ രാജിവച്ചേനെ: പി. ചിദംബരംtimely news image

രാജ്കോട്ട്∙ നോട്ട് അസാധുവാക്കൽ നടപ്പിലാക്കാൻ തനിക്കുമേലാണ് സമ്മർദം ചെലുത്തുന്നതെങ്കിൽ താൻ ധനമന്ത്രി സ്ഥാനം രാജിവച്ചേനെയെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. നോട്ട് അസാധുവാക്കൽ നടപ്പാക്കാൻ എന്റെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിൽ ആദ്യം ഞാൻ എതിർക്കുമായിരുന്നു. തുടർന്നും സമ്മർദം ചെലുത്തിയാൽ രാജിവയ്ക്കുന്നതിനും തയാറാകുമായിരുന്നു – ചിദംബരം പറഞ്ഞു. ‘സമ്പദ്‍വ്യവസ്ഥയുടെ ഇപ്പോഴത്തെ സ്ഥിതി’യെന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ മാധ്യമങ്ങളോടായാണ് അദ്ദേഹത്തിന്റെ പ്രതികരണം. നോട്ട് അസാധുവാക്കലും പെട്ടെന്നുള്ള ജിഎസ്ടി നടപ്പാക്കലുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ അബദ്ധങ്ങൾ. നോട്ട് അസാധുവാക്കൽ വളരെ മോശം ആശയമായിരുന്നു. ജിഎസ്ടി നല്ല പദ്ധതിയായിരുന്നെങ്കിൽ അതിന്റെ നടപ്പാക്കൽ എടുത്തുചാട്ടമായിരുന്നു. കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും വേണമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മോഹപദ്ധതിയായ അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ അത്ര പ്രധാന്യം അർഹിക്കുന്ന ഒന്നല്ല. ട്രെയിനുകളിലെ സുരക്ഷ, ശുചിത്വം എന്നിവയും കൂടുതൽ നല്ല കംപാർട്ട്മെന്റുകളും സ്റ്റേഷനുകളും അനുവദിക്കുക, സിഗ്നലിങ് സിസ്റ്റം മെച്ചപ്പെടുത്തുക, സബേർബൻ ഗതാഗതം മെച്ചപ്പെടുത്തുക എന്നിവയുമാണ് പ്രധാന്യം അർഹിക്കുന്നവ. ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയായാൽ അതിന്റെ ഉപയോഗം അറുന്നൂറു പേർക്കു പോലും ലഭിക്കില്ല. ഇതിനായി ജപ്പാനിൽനിന്ന് വലിയ തുക കേന്ദ്രം കടമെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന് ഈ പണം ഉപയോഗിക്കാം. ഇപ്പോഴല്ല, പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം മാത്രമേ ബുള്ളറ്റ് ട്രെയിനുകൾക്ക് പ്രധാന്യം വർധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International