ദുബൈയില്‍ സൈബര്‍കൊള്ള; ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി 1 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചു; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട നൈജീരിയന്‍ സംഘം പിടിയില്‍



timely news image

ദുബൈ: ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി ലെബനന്‍ സ്വദേശിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി 1 ലക്ഷം ദിര്‍ഹം കൊള്ളയടിച്ച നൈജീരിയന്‍ സംഘം ദുബൈ പൊലീസിന്റെ പിടിയില്‍. രണ്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പടെ 5 പേരാണ്‌ ഈ സൈബര്‍കൊള്ളയ്‌ക്ക്‌ പിന്നില്‍. ഇതില്‍ നാല്‌ പേരെ പൊലീസ്‌ പിടികൂടി. 42കാരനായ പരാതിക്കാരനെ കത്തിമുനയില്‍ നിര്‍ത്തിയാണ്‌ സംഘം പണം തട്ടിയത്‌. ബാങ്ക്‌ കാര്‍ഡുകളും പാസ്‌വേര്‍ഡും ഇയാളില്‍ നിന്ന്‌ തട്ടിയെടുത്തു. ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ഒരു യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി 42കാരനുമായി പരിചയം ഉണ്ടാക്കി എടുക്കുകയും പിന്നീട്‌ ഇയാളെ മസാജ്‌ ഡേറ്റ്‌ ചെയ്‌തുതരാമെന്ന പേരില്‍ ഫ്‌ളാറ്റിലേക്ക്‌ ക്ഷണിക്കുകയുമായിരുന്നു സംഘം ചെയ്‌തതെന്ന്‌ കേസില്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ പറഞ്ഞു. ഫ്‌ളാറ്റിലെത്തിയ ഇയാളെ നൈജീരിയന്‍ സംഘം ആക്രമിക്കുകയും മൊബൈല്‍ ഫോണും പണവും പിടിച്ചെടുക്കുകയും ചെയ്‌തു. കത്തി കാണിച്ച്‌ വധഭീഷണി മുഴക്കിയാണ്‌ സംഘം ഇയാളെ കൊള്ളയടിച്ചത്‌. കാറിന്റെ താക്കോല്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത്‌ കാറിലുണ്ടായിരുന്ന പഴ്‌സും അതിലെ ബാങ്ക്‌ കാര്‍ഡുകളും തട്ടിയെടുത്തു. ഭീഷണിപ്പെടുത്തിയാണ്‌ ബാങ്ക്‌ കാര്‍ഡിന്റെ പാസ്‌വേര്‍ഡും മറ്റും സംഘം ഇയാളില്‍ നിന്ന്‌ അറിഞ്ഞത്‌. രണ്ട്‌ ബാങ്ക്‌ കാര്‍ഡുകളില്‍ നിന്നായി 55,000 ദിര്‍ഹം, 45,000 ദിര്‍ഹം വീതമാണ്‌ കൊള്ളയടിച്ചത്‌. സംഘത്തിലെ നാല്‌ പേര്‍ പൊലീസ്‌ പിടിയിലായ സമയം പ്രതികളുടെ കയ്യിലുണ്ടായിരുന്ന 800 ദിര്‍ഹവും പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. ജൂലൈയില്‍ ഒരു റഷ്യന്‍ യുവതിയുമായി പരിചയത്തില്‍ ആയെന്നും ഇവരുമായി ഓണ്‍ലൈന്‍ വഴി അടുത്തുവെന്നുമാണ്‌ ഇരയായ വ്യക്തി പൊലീസിന്‌ നല്‍കിയ മൊഴി. രാത്രി ഭക്ഷണത്തിനായി യുവതി തന്നെ ക്ഷണിച്ചുവെന്നും അങ്ങനെയാണ്‌ ഫ്‌ളാറ്റിലേക്ക്‌ പോയതെന്നും ഇയാള്‍ വ്യക്തമാക്കി. ദുബൈ ഫസ്റ്റ്‌ ഇന്‍സ്റ്റന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. പിടിയിലായവര്‍ക്കെതിരെ പിടിച്ചുപറി, മോഷണം, ശാരീരിക ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ജൂലൈ 10ന്‌ അല്‍ ബഷ്‌റ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ദുബൈയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുകയാണ്‌ പരാതിക്കാരന്‍. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്‌. കേസ്‌ വീണ്ടും ഡിസംബര്‍ ആറിന്‌ പരിഗണിക്കും.



Kerala

Gulf


National

International