തിരുവനന്തപുരത്തെ ട്വന്റി-20യില്‍ ചപ്പാത്തിയും ചിക്കനും വിറ്റ് ജയില്‍ വകുപ്പ് റെക്കോര്‍ഡിട്ടുtimely news image

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ഹബ്ബ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിനിടെയില്‍ ചപ്പാത്തിയും ചിക്കനും വിറ്റ്‌ ജയില്‍ വകുപ്പ്‌ റെക്കോഡിട്ടു. ആറുമണിക്കൂറില്‍ 12 കൗണ്ടറുകളിലൂടെ 4,51,020 രൂപയുടെ ഉത്‌പന്നങ്ങളാണ്‌ ജയില്‍ വകുപ്പ്‌ വിറ്റഴിച്ചത്‌. 3,21,600 രൂപയ്‌ക്ക്‌ ഭക്ഷണ സാധനങ്ങള്‍ വിറ്റ കുടുംബശ്രീയും പോക്കറ്റ്‌ നിറച്ചു. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ (കെ.സി.എ) ആവശ്യപ്രകാരമാണ്‌ സ്‌റ്റേഡിയത്തില്‍ ചപ്പാത്തി, ചിക്കന്‍, ബിരിയാണി അടക്കമുള്ള ഭക്ഷണങ്ങള്‍ ജയില്‍വകുപ്പും കുടുംബശ്രീയും വിറ്റത്‌. പതിവു വില്‍പ്പനയ്‌ക്കു പുറമേ മത്സര ദിവസം 12,000 പേര്‍ക്കുള്ള ഭക്ഷണം കൂടി ജയില്‍ വകുപ്പ്‌ ഉണ്ടാക്കിയെന്ന്‌ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്‌ സന്തോഷ്‌ പറഞ്ഞു. സ്‌പെഷല്‍ ജയില്‍, വനിത ജയില്‍, നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയില്‍, ജയില്‍ കഫറ്റേരിയ എന്നിവിടങ്ങളില്‍നിന്ന്‌ പലഹാരങ്ങളും കാണികള്‍ക്കായി കരുതിയിരുന്നു. കെ.സി.എ. ഭാരവാഹികള്‍, സുരക്ഷയൊരുക്കിയ പോലീസുകാര്‍, ഗ്രൗണ്ട്‌ സ്റ്റാഫ്‌ എന്നിവരും ജയില്‍ ചപ്പാത്തിയുടെയും ചിക്കന്‍ കറിയുടെയും സ്വാദറിഞ്ഞു. സ്‌റ്റേഡിയത്തിലെ 40 കൗണ്ടറുകളിലൂടെയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണവില്‍പ്പന. കോഴിക്കോട്‌, കണ്ണൂര്‍, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലെ ഇരുപത്തഞ്ചോളം യൂണിറ്റുകള്‍ തയാറാക്കിയ മലബാര്‍ ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വരെയുള്ള ഭക്ഷണത്തിന്‌ ആവശ്യക്കാരേറെയായിരുന്നു. സ്‌റ്റേഡിയത്തിനു സമീപം വീടു വാടകയ്‌ക്കെടുത്തായിരുന്നു പാചകം. ന്യൂസിലാന്‍ഡിനെതിരായ മത്സരം ആറ്‌ റണ്‍സിന്‌ ഇന്ത്യയാണ്‌ സ്വന്തമാക്കിയത്‌. കളിയിലെ താരമായത്‌ ജസ്‌പ്രീത്‌ ഭുംറയാണ്‌. രണ്ടോവറില്‍ 9 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഭുംറയുടെയും രണ്ടോവറില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 8 റണ്‍സ്‌ മാത്രം വഴങ്ങിയ ചഹലിന്റെ ബൗളിങ്ങുമാണ്‌ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്‌. രണ്ടാം ഓവറില്‍ കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ കോളിന്‍ മണ്‍റോയെ രോഹിത്‌ ശര്‍മയുടെ കൈകളിലെത്തിച്ച ഭുംറ നിര്‍ണായക ഏഴാം ഓവറില്‍ അപകടകാരിയായ നിക്കോള്‍സിനെയും മടക്കി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ മത്സരത്തിന്‌ തയ്യാറെടുക്കുകയാണ്‌ ടീം ഇന്ത്യ.Kerala

Gulf


National

International