ജീവനേക്കാള്‍ വില നല്‍കിയത് അച്ഛന്റെ വാഹനത്തിന്; മലവെള്ളപ്പാച്ചിലില്‍ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിട്ടും ആല്‍ബര്‍ട്ട് പുറത്തേക്ക് ചാടിയില്ല; മലയാളി വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നുtimely news image

ദുബൈ: വ്യാഴാഴ്ച മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട്ട് ജോയിയെ ഇതുവരെ കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാവരും രക്ഷപ്പെട്ടു. പിതാവിന്റെ വാഹനം നഷ്ടപ്പെടാതിരിക്കാനാണ് ആല്‍ബര്‍ട്ട് പുറത്തേയ്ക്ക് ചാടാതിരുന്നതെന്ന് കൂട്ടുകാര്‍ പറയുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍ബര്‍ട്ടിന്റേത് കരുതുന്ന ഷര്‍ട്ട് ലഭിച്ചു. ഷീസിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് പൊട്ടിയാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. രണ്ടു വാഹനങ്ങളിലായ വന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സമീപവാസി ഖലീഫ് അല്‍ നഖ്ബി പറഞ്ഞു. അവര്‍ മുന്നോട്ട് പോകുന്നത് അപകടമാണെന്ന് മനസിലാക്കിയതിനാലാണ് അവരെ ശ്രദ്ധിച്ചത്. അപകടം കണ്ട് രക്ഷപ്പെടാന്‍ അവരോട് പറഞ്ഞെങ്കിലും ഒരു കുട്ടി മാത്രം വാഹനത്തില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് നഖ്ബി പറഞ്ഞു. സംഭവം ഉടന്‍ പൊലീസിനെ അറിയിച്ചെന്നും രക്ഷപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒഴുക്കില്‍പ്പെട്ട വാഹനം അണക്കെട്ടിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. ഇവ പിന്നീട് കരക്കെത്തിച്ചു. ഒഴുക്കിനിടെ വാഹനത്തിന്റെ വാതില്‍ തനിയെ തുറന്ന് ആല്‍ബര്‍ട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത. രക്ഷപ്പെടാന്‍ വേണ്ടി അവന്‍ പുറത്തേയ്ക്ക് ചാടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ് ആല്‍ബര്‍ട്ട്. രണ്ട് വാഹനങ്ങളിലായി പത്തോളം വിദ്യാര്‍ഥികളാണ് എത്തിയത്. ഇതില്‍ ഒരു വാഹനം നേരത്തെ മടങ്ങിയെങ്കിലും ആല്‍ബര്‍ട്ട് ഓടിച്ച ഫോര്‍ വീലറിലിരുന്ന് ആറ് കൂട്ടുകാര്‍ കുറേ സമയം തടാകക്കരയില്‍ ചെലവഴിക്കുകയായിരുന്നു. മഴ പെയ്യുമ്പോള്‍ തടാകം നിറയുകയും ആ സൗന്ദര്യം നുകരാന്‍ സ്വദേശികളടക്കം ഒട്ടേറെ പേരെത്തുകയും പതിവാണ്. എന്നാല്‍, ഉറയ്യ തടാകത്തിനടുത്ത് സംഭവ ദിവസം കൂടുതല്‍ ആളുകളുണ്ടായിരുന്നില്ല. ആല്‍ബര്‍ട്ടിന്റെ ജീവന് വേണ്ടി കണ്ണീരോടെ പ്രാര്‍ഥനയിലാണ് കുടുംബവും യുഎഇയിലെ മലയാളികളും. സംഭവം നടക്കുമ്പോള്‍ നാട്ടിലായിരുന്ന ആല്‍ബര്‍ട്ടിന്റെ പിതാവ് ജോയ് യുഎഇയില്‍ തിരിച്ചെത്തി. അമ്മ വത്സമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ പൊലീസിന്റെ റെസ്‌ക്യു യൂണിറ്റും വ്യോമയാന വിഭാഗവുമാണ് തെരച്ചില്‍ നടത്തുന്നത്. റാസല്‍ഖൈമ മലയാളി അസോസിയേഷനിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേരും തെരച്ചിലില്‍ പങ്കാളികളാണ്. യുഎഇ-ഒമാന്‍ അതിര്‍ത്തിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആല്‍ബര്‍ട്ടിന്റെ ഫോര്‍വീലര്‍ കിടന്നിരുന്നത്. ഇവിടെ നിന്ന് നാലു കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് ആല്‍ബര്‍ട്ടിന്റെ ഷര്‍ട്ട് ലഭിച്ചത്. അതേസമയം, അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്ന ഒമാന്‍ ഭാഗത്തും തിരച്ചില്‍ നടത്താന്‍ അവിടെ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഞായറാഴ്ച എത്തുമെന്നാണ് കരുതുന്നത്.Kerala

Gulf


National

International