ഡിആര്‍എസിന് വീണ്ടും ഡ്രസ്സിങ് റൂമിന്റെ സഹായം; ശ്രീലങ്കന്‍ താരം വിവാദത്തില്‍timely news image

കൊല്‍ക്കത്ത : ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ സമാനമായി ശ്രീലങ്കയ്‌ക്കെതിരായ സീരീസിലും ഡിആര്‍എസ്‌ വിവാദം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം ദില്‍റുവാന്‍ പെരേര ഡ്രസ്സിങ്‌ റൂമില്‍ നിന്നും ഡിആര്‍എസ്‌ സഹായം തേടിയെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ആദ്യ ഇന്നിങ്‌സിലായിരുന്നു ആരോപണത്തിനിടയാക്കിയ സംഭവം. മത്സരത്തിന്റെ നാലാം ദിവസം 57ാം ഓവറില്‍ മുഹമ്മദ്‌ ഷമിയുടെ പന്തില്‍ ദില്‍റുവാന്‍ ഔട്ടായതായി അമ്പയര്‍ വിധിച്ചു. ഇതോടെ ബാറ്റുമായി പുറത്തേക്ക്‌ നടന്ന പെരേരെ പൊടുന്നനെ നില്‍ക്കുകയും ഡിആര്‍എസ്‌ ആവശ്യപ്പെടുകയുമായിരുന്നു. ഡിആര്‍എസ്സില്‍ പെരേര ഔട്ടായില്ലെന്ന്‌ വിധിക്കുകയും ചെയ്‌തു. പിന്നീട്‌ രംഗണ ഹെറാത്തുമൊത്ത്‌ 36 റണ്‍സെടുത്തശേഷമാണ്‌ പെരേര പുറത്താകുന്നത്‌. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്കയ്‌ക്ക്‌ 122 റണ്‍സ്‌ ലീഡ്‌ സമ്മാനിക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായകമായതോടെയാണ്‌ വിവാദം തലപൊക്കിയത്‌. അതേസമയം, താന്‍ ഡ്രസ്സിങ്‌ റൂം സഹായം തേടിയില്ലെന്ന്‌ താരം വ്യക്തമാക്കി. ഒപ്പം ബാറ്റ്‌ ചെയ്യുകയായിരുന്ന ഹെറാത്തും ആരോപണം നിഷേധിച്ചിട്ടുണ്ട്‌. എത്ര ഡിആര്‍എസ്‌ അവസരം ശേഷിക്കുന്നുണ്ടെന്ന്‌ താന്‍ അമ്പയറോട്‌ ചോദിക്കുകയായിരുന്നു. ഇതുകേട്ട പെരേര ഡിആര്‍എസ്‌ ആവശ്യപ്പെടുകയായിരുന്നെന്നും ഹെറാത്ത്‌ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കൊഹ്‌ലി പ്രതികരിച്ചിട്ടില്ല. നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ സ്റ്റീവ്‌ സ്‌മിത്ത്‌ ഡ്രസ്സിങ്‌ റൂം സഹായം തേടിയത്‌ വന്‍ വിവാദമായിരുന്നു.ഇതേത്തുടര്‍ന്ന്‌ ഇരു ടീമിന്റെ ക്യാപ്‌റ്റന്‍മാര്‍ പരസ്‌പരം കൊമ്പുകോര്‍ക്കുകയും ചെയ്‌തിരുന്നു.Kerala

Gulf


National

International