ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി പാര്‍വതി; പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന്timely news image

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍  നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. കഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പാര്‍വതി പറഞ്ഞു. നിരവധി ലേക സിനിമകളോട് മത്സരിച്ചാണ് പുരസ്‌കാരമെന്നത് പാര്‍വ്വതിയുടെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. നഴ്‌സ് സമീറ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പാര്‍വതി അതിമനോഹരമാക്കിയത്. പാര്‍വതിയെ കൂടാതെ കൂഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തിയിരുന്നു. പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രം ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. മലയാളത്തില്‍നിന്ന് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ടേക്ക് ഓഫ് മാത്രമാണ് ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ കുഞ്ഞില സംവിധാനം ചെയ്ത ഗി, ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഇന്റര്‍ കട്‌സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കോടതി വിധിയുണ്ടെങ്കിലും പ്രദര്‍ശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു. പേരിനെതിരെ വീണ്ടും പരാതി കിട്ടിയതിനാലാണ് നടപടി.Kerala

Gulf


National

International