ഓഖിയില്‍ പെട്ട് മുംബൈ; കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി; കേരളത്തില്‍ 72 പേരെ കൂടി രക്ഷപ്പെടുത്തിtimely news image

മുംബൈ: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശംവിതച്ച ഓഖി താണ്ഡവം മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു മുംബൈയില്‍ കനത്ത മഴയാണ്‌. തിങ്കളാഴ്‌ച രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപജില്ലകളിലെയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്‌ച അവധി നല്‍കി. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ റദ്ദാക്കി. ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാന്‍ വന്‍ തയാറെടുപ്പുകളാണ്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്‌. യാത്രക്കാരെ നിയന്ത്രിക്കുന്നതിനു വെസ്‌റ്റേണ്‍ റെയില്‍വേ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുംബൈ മെട്രോപൊളീറ്റന്‍ നഗരം, സിന്ധുദുര്‍ഗ, താനെ, റായ്‌ഗഡ്‌, പല്‍ഗാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നു ജനത്തിന്‌ മുന്നറിയിപ്പുണ്ട്‌. അതിനിടെ, �വെരി സിവിയര്‍� എന്നതില്‍നിന്ന്‌ �സിവിയര്‍� എന്ന തലത്തിലേക്ക്‌ ഓഖി മാറിയത്‌ നേരിയ ആശ്വാസമായി. ഉത്തര കൊങ്കണ്‍, മുംബൈ തുടങ്ങിയവിടങ്ങളില്‍ മഴയ്‌ക്കു സാധ്യതയുണ്ട്‌. തീരദേശങ്ങളില്‍ മണിക്കൂറില്‍ 5060 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയേക്കും. തിങ്കളാഴ്‌ച പുലര്‍ച്ചെ അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ച ഓഖി, മുംബൈ തീരത്തുനിന്ന്‌ 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍നിന്ന്‌ 870 കിലോമീറ്ററും അകലെ എത്തി. കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്‌. തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയരും. താഴ്‌ന്നുകിടക്കുന്ന തീരപ്രദേശങ്ങളില്‍ തിരത്തള്ളലിനും സാധ്യതയുണ്ട്‌. ഓഖിയുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്‌തു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്‌ (30) ആണ്‌ മരിച്ചത്‌. അതേസമയം, 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന്‌ നാവിക സേന അറിയിച്ചു. ഇതില്‍ 14 പേര്‍ മലയാളികളാണ്‌. 6 ബോട്ടുകളിലായുള്ളവരെയാണ്‌ നാവിക സേന രക്ഷപ്പെടുത്തിയത്‌. എല്ലാവരെയും ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിച്ചു. കൊച്ചി, ആലപ്പുഴ തീരങ്ങളിലടക്കം തിരച്ചില്‍ നടത്തുന്നുണ്ട്‌. ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ കടലില്‍ പോകുന്നതിന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കി. കേരളതീരത്ത്‌ മല്‍സ്യബന്ധനം നടത്താമെന്ന്‌ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളുടെ സഹായത്തോടുകൂടിയാണ്‌ ആഴക്കടലില്‍ തിരച്ചില്‍ നടത്തുക. കരയ്‌ക്കെത്തിക്കുന്നവര്‍ക്കു ചികില്‍സയും ഭക്ഷണവും ജില്ലാ ഭരണകൂടം ഉറപ്പാക്കും. കൊച്ചിയില്‍ ചികില്‍സയിലുള്ളവരെ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്ന മുറയ്‌ക്കു നാട്ടിലെത്തിക്കും. തിരച്ചിലിനിടെ മൃതദേഹം ലഭിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന്‌ കലക്ടര്‍ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭത്തില്‍ സെപ്‌റ്റിക്‌ ടാങ്കുകള്‍ തകര്‍ന്ന പ്രദേശങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ ശുചിത്വമിഷന്‍ ശരിയാക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്‌ നടപടികള്‍ തുടങ്ങി. ദുരന്തബാധിത മേഖലകളിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും ക്ലോറിനേഷന്‍ നടത്തുന്നതിന്‌ ആരോഗ്യം, സാമൂഹ്യക്ഷേമം ഓഫിസര്‍മാരെ നിയോഗിച്ചു. സൗജന്യ റേഷന്‍ നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്ക്‌ ഉടന്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ്‌ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അതേസമയം, ഓഖിക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ആന്‍ഡമാനില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെത്തിയ ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ടു ബുധനാഴ്‌ച തമിഴ്‌നാട്‌, ആന്ധ്ര തീരത്തെത്തും. ഇത്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.Kerala

Gulf


National

International