ഇന്ത്യ എന്നാല്‍ വ്യവസായമെന്ന് പ്രധാനമന്ത്രി; ലോക സാമ്പത്തിക ഉച്ചകോടിക്കായി ദാവോസിലെത്തിയ മോദി സിഇഒമാരും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിtimely news image

ദാവോസ്: ഇന്ത്യ എന്നാല്‍ വ്യവസായമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആഗോള വ്യവസായത്തിന് ഇന്ത്യ ധാരാളം അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്താഴവിരുന്നിനു മുന്നോടിയായാണു കൂടിക്കാഴ്ച നടന്നത്. മോദിയെ മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും അനുഗമിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ ദാവോസിലെത്തിയത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഉള്‍പ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വന്‍ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോള കമ്പനികളുടെ 40 സിഇഒമാരും ഇന്ത്യയില്‍നിന്നുള്ള 20 സിഇഒമാരും പങ്കെടുത്തു. ഇന്ത്യയുടെ വളര്‍ച്ചാ പടവുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ മോദി സംസാരിച്ചെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. അതേസമയം, നാല്‍പ്പത്തിയെട്ടാമത് ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെ എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.ഇരുപതുവര്‍ഷത്തിനുശേഷം ഉച്ചകോടിയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നത് അത്രനല്ല വാര്‍ത്തകളല്ല. സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചകത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ചൈനയ്ക്കും പാകിസ്താനും പുറകിലാണെന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പഠനറിപ്പോര്‍ട്ടാണു ദാവോസില്‍ മോദിയെ കാത്തിരിക്കുന്നത്. സമ്പത്തിന്റെ ഭൂരിഭാഗവും ലഭിച്ചത് ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണെന്ന ഫോറത്തിന്റെ സര്‍വേ ഫലവും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.Kerala

Gulf


National

International