ദേശീയ ആരോഗ്യമേഖലയില്‍ കേരളം ഒന്നാം സ്ഥാനത്ത്; നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്ത്timely news image

ന്യൂഡല്‍ഹി: കേരളം ഇനി ഇന്ത്യയിലെ ആരോഗ്യ സംസ്ഥാനം. രാജ്യത്തെ ആരോഗ്യമേഖലയില്‍ സമഗ്രമികവിന് കേരളം ഒന്നാമതെത്തി. നീതി ആയോഗ് പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ്. കേരളത്തെക്കൂടാതെ പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മുന്നിലുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണു നിതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്. വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന വിഭാഗത്തിലായാണു റാങ്കിങ്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണു മുന്നില്‍. വാര്‍ഷിക പ്രകടനത്തില്‍ ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ മിസോറം ഒന്നാമതെത്തി. മണിപ്പുര്‍ ആണു തൊട്ടുപിന്നില്‍. വാര്‍ഷിക പ്രകടനത്തില്‍ ഗോവയാണു മുന്നില്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ സമഗ്ര മികവില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും ചില മേഖലകളില്‍ പിന്നിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്. പൊതുവില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ മൂന്നിലൊന്നു സംസ്ഥാനങ്ങളും ആരോഗ്യമേഖലയില്‍ പിന്നാക്കം പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒഴിഞ്ഞുകിടക്കുന്ന പ്രധാന തസ്തികകള്‍ നികത്തുക, ജില്ലാ കാര്‍ഡിയാക് കെയര്‍ യൂണിറ്റുകള്‍ (സിസിയു) കാര്യക്ഷമമാക്കുക, പൊതു ആരോഗ്യസംവിധാനം കുറ്റമറ്റതാക്കുക, സ്ത്രീപുരുഷ അനുപാതം ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.Kerala

Gulf


National

International