സുന്‍ജ്വാന്‍ ഭീകരാക്രമണം: ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു



timely news image

ശ്രീനഗര്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ ക്യാംപിനുള്ളിൽ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചതോടെ ഭീകരർ ക്യാംപിനുള്ളിലെ ഒരു ക്വാർട്ടേഴ്സിൽ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാർട്ടേഴ്സ് വളഞ്ഞു കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയാണ്. ആക്രമണം നടക്കുന്ന സമയം 150ൽ അധികം കുടുംബങ്ങൾ ക്യാംപിലുണ്ടായിരുന്നു. ക്യാംപിൽ സ്ത്രീകളും കുട്ടികളുമുള്ളതിനാൽ വളരെ സൂക്ഷിച്ചാണു സൈനിക നടപടിയെന്നു പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. കൂടുതൽ ഭീകരർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു നിരീക്ഷണം ശക്തമാക്കി. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) കരസേനയുടെ പ്രത്യേക ദൗത്യസംഘവുമാണു നടപടികൾക്കു നേതൃത്വം നൽകുന്നത്. സിആർപിഎഫും പൊലീസും പുറത്തു നിലയുറപ്പിച്ചിട്ടുണ്ട്. പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ ചരമവാർഷികമായ ഫെബ്രുവരി ഒൻപതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. 15 മാസത്തിനു ശേഷമാണു ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ആക്രമണം നടക്കുന്നത്. 2016 നവംബർ 29നു ജമ്മുവിലെ നെഗ്രോട്ട ക്യാംപ് ആക്രമിച്ച ഭീകരർ ഏഴു സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്നു ഭീകരരെ അന്നു സൈന്യം വധിച്ചു. അതേസമയം, 2003ൽ ഇതേ ക്യാംപിനുനേർക്ക് ഭീകരാക്രമണം ഉണ്ടായിരുന്നു. അന്ന് 12 സൈനികർക്കും മറ്റ് ഏഴുപേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.



Kerala

Gulf


National

International