അവസാന മത്സരത്തില്‍ ഗ്യാലറി നിറയ്ക്കാനുള്ള തന്ത്രവുമായി ബ്ലാസ്‌റ്റേഴ്‌സ്timely news image

കൊച്ചി : ഐഎസ്എല്ലിലെ ഏറ്റവും കൂടുതല്‍ ആരാധക ബലമുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നിറഞ്ഞു കവിയുന്ന ഗ്യാലറിയായിരുന്നു എല്ലാ സീസണുകളിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളുടെ പ്രത്യേകത. എന്നാല്‍ ആ പ്രവണതയ്ക്ക് അല്പം ഇടിവ് സംഭവിക്കുന്നതിനാണ് ഈ സീസണിലെ ഐഎസ്എല്‍ സാക്ഷിയായത്. കാണികള്‍ തിങ്ങിനിറഞ്ഞെത്തിയിരുന്ന ഗ്യാലറിയിലെ ഒഴിഞ്ഞ കസേരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി കുറച്ചതാണ് ആളു കുറയാന്‍ വഴി വെച്ചതെന്ന് ആദ്യമൊക്കെ കരുതിയെങ്കിലും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കൂടാന്‍ തുടങ്ങിയതോടെ അതല്ല ഇതിന് പിന്നിലെ കാരണമെന്ന് മനസിലായി. സീസണിന്റെ തുടക്കത്തില്‍ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനം ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചതോടെയാണ് ഗ്യാലറിയിലേക്കെത്താന്‍ ആരാധകര്‍ മടികാണിച്ച് തുടങ്ങിയത്. എന്നാല്‍ ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനം ഏറ്റെടുത്തതോട് കൂടി ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇപ്പോളിതാ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി നിര്‍ത്തുന്ന ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. അവസാന രണ്ട് മത്സരങ്ങള്‍ ജയിക്കുകയും, മറ്റ് ടീമുകളുടെ ഒന്ന്, രണ്ട് മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ഈ സീസണിലും സെമി ഫൈനലിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് കഴിയും. ലീഗ് ഘട്ടത്തില്‍ കേരളത്തിന്റെ അവസാന ഹോം മത്സരമാണ് വരുന്ന ഇരുപത്തിമൂന്നാം തീയതി ചെന്നൈയിന്‍ എഫ്‌സി ക്കെതിരെ നടക്കുന്നത്. കേരളത്തിന് ഏറെ നിര്‍ണായകമാണ് ചെന്നൈക്കെതിരെയുള്ള പോരാട്ടം. അത് കൊണ്ടു തന്നെ ആര്‍ത്തലയ്ക്കുന്ന ഗ്യാലറിയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിനൊപ്പം അന്നുണ്ടായേ തീരൂ. ടീമില്‍ പുതിയതായെത്തിയ ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാഡ് വില്‍സണും, വിക്ടര്‍ പുള്‍ഗയുമെല്ലാം അവസാന മത്സരം നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ മുന്‍ മത്സരങ്ങളിലെപ്പോലെ ഒഴിഞ്ഞ കസേരകള്‍ അവസാന ഹോം മത്സരത്തില്‍ കൊച്ചിയിലുണ്ടാകില്ലെന്നാണ് സൂചന. കാരണം ഇരുപത്തിമൂന്നാം തീയതി സ്റ്റേഡിയം മഞ്ഞക്കടലാക്കുന്നതിന്റെ ഉത്തരവാദിത്വം ടീമിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പട ഏറ്റെടുത്തു. ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തിലുംഅവര്‍ മുന്‍പന്തിയിലുണ്ട്. ഈ നിര്‍ണായക നീക്കം അവസാന മത്സരത്തില്‍ കൊച്ചിയെ മഞ്ഞക്കടലാക്കുമെന്നാണ് സൂചന. ഇത് വരെ പത്തൊന്‍പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. മത്സരത്തിന് ഇനിയും രണ്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.Kerala

Gulf


National

International