മൃതദേഹം തടഞ്ഞതിന്‌ ഡിവൈഎസ്‌പി ഉള്‍പ്പടെ 7 പോലീസുകാര്‍ക്കെതിരെ കേസെടുത്തുtimely news image

മൃതദേഹം തടഞ്ഞതിന്‌ ഡിവൈഎസ്‌പി ഉള്‍പ്പടെ 7 പോലീസുകാര്‍ക്കെതിരെ കേസെടുത്തു തൊടുപുഴ : പോലീസ്‌ മര്‍ദ്ദനത്തിലും പീഡനത്തിലും മനംനൊന്ത്‌ ആത്മഹത്യ ചെയ്‌ത ഈസ്റ്റ്‌ കലൂര്‍ കുളങ്ങാട്ടുപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഓട്ടോ സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കുന്നതിനായി കൊണ്ടുവരുന്ന വഴി തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ പഴയ പാലത്തിലേയ്‌ക്കുള്ള പ്രവേശന ഭാഗത്ത്‌ വച്ച്‌ തടഞ്ഞ സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്‌പി എന്‍. എന്‍. പ്രസാദ്‌ അടക്കം ഏഴ്‌ പോലീസുകാര്‍ക്കെതിരെ തൊടുപുഴ സി.ജെ.എം. കോടതി കേസെടുത്തു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം.വൈ. പൗലോസ്‌, അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എ. ആര്‍. കൃഷ്‌ണന്‍ നായര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ തോമസ്‌ മാത്യു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജയേഷ്‌ ബാലകൃഷ്‌ണന്‍, അനില്‍ പി. എസ്‌., സബ്‌ ഇന്‍സ്‌പെക്‌ടര്‍ വി. സി. വിഷ്‌ണുകുമാര്‍ എന്നിവര്‍ക്കെതിരെയാണ്‌ കോടതി കേസെടുത്തത്‌. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ്‌ കോടതി കേസെടുത്തത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 297, 166എ, 294 ബി, 506 (ഐ.ഐ), ആര്‍/ഡബ്ല്യു34 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്ത്‌ സമന്‍സ്‌ അയച്ചത്‌. 2017 ഡിസംബര്‍ നാലാം തീയതിയാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം രജീഷിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ്‌ ഗാന്ധി സ്‌ക്വയറിന്‌ സമീപം തടയുകയും മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടുകയും മൃതദേഹത്തെ അനുഗമിച്ചിരുന്ന ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും അകാരണമായി പോലീസ്‌ സംഘം കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞ്‌ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അടക്കം നിരവധിയാളുകള്‍ സ്ഥലത്തെത്തിയിരുന്നു. നഗരസഭ അദ്ധ്യക്ഷ സഫിയ ജബ്ബാര്‍, മുന്‍ ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, നഗരസഭാ ഉപാധ്യക്ഷന്‍ റ്റി. കെ. സുധാകരന്‍നായര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ട്‌ പ്രശ്‌നപരിഹാരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഇടുക്കി ജില്ലാകളക്‌ടര്‍ സംഭവത്തില്‍ ഇടപെടാന്‍ ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. സംഭവ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ആര്‍.ഡി.ഒ.യുടെ ഫോണ്‍കോള്‍ ഡിവൈഎസ്‌പിക്ക്‌ നല്‍കാനായി ഡിവൈഎസ്‌പിയെ സമീപിച്ചെങ്കിലും ഫോണ്‍ സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയായിരുന്നു. നഗരസഭ അദ്ധ്യക്ഷ ഉള്‍പ്പടെയുള്ളവരെ ഡിവൈഎസ്‌പി പരസ്യമായി അപമാനിക്കുകയും ചെയ്‌തിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട്‌ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും ജില്ലാകളക്‌ടറും ഇടപെട്ട്‌ മൃതദേഹം കടത്തിവിടുവാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘത്തിന്റെ പിടിവാശിമൂലം ഒന്നരമണിക്കൂറോളമാണ്‌ മൃതദേഹം വഴിയില്‍ കിടന്നത്‌. ഇതേ തുടര്‍ന്ന്‌ മതവിശ്വാസ ആചാരങ്ങള്‍ക്ക്‌ അനുസൃതമായി സംസ്‌കാര ചടങ്ങുകളും മറ്റും നടത്തുന്നതിന്‌ സാധിച്ചിരുന്നില്ല. ഒടുവില്‍ തൊടുപുഴ നഗരസഭയുടെ ആംബുലന്‍സില്‍ നഗരസഭ അദ്ധ്യക്ഷ മുന്‍സീറ്റില്‍ കയറി ബന്ധുക്കളോടൊപ്പം രാത്രി വൈകിയാണ്‌ കുളങ്ങാട്ടുപാറയിലെ വീട്ടിലെത്തിച്ചത്‌. മൃതദേഹം തടഞ്ഞതിന്‌ റോയി കെ. പൗലോസ്‌, സഫിയ ജബ്ബാര്‍ എന്നിവരെ പ്രതികളാക്കി പോലീസ്‌ കള്ളക്കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ്‌ മൃതദേഹം തടഞ്ഞ പോലീസ്‌ നടപടികള്‍ക്കെതിരെ നഗരസഭാ അദ്ധ്യക്ഷ തൊടുപുഴ സി.ജെ.എം. കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്‌. മാര്‍ച്ച്‌ രണ്ടാം തീയതി പരാതിക്കാരിയായ സഫിയ ജബ്ബാറില്‍ നിന്നും കോടതി മൊഴി എടുത്തിരുന്നു. സാക്ഷികളായ മുന്‍ ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ലിജോ എം. ജോസ്‌ എന്നിവരില്‍ നിന്നും ഇന്നലെ കോടതി സാക്ഷ്യമൊഴി എടുക്കുകയും കേസെടുത്ത്‌ പ്രതികള്‍ക്ക്‌ സമന്‍സ്‌ അയക്കുകയുമായിരുന്നു. പോലീസിന്റെ നടപടികളെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പരാതിക്കാരിക്കുവേണ്ടി അഡ്വ. സെബാസ്റ്റ്യന്‍ കെ. ജോസ്‌, അഡ്വ. അരുണ കുമാര്‍ എന്നിവര്‍ ഹാജരായി.Kerala

Gulf


National

International