വനിതാ ദിനം അദ്ധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ എല്ലാം വനിതകള്‍ ഇത്‌ ഇടുക്കിയിലെ ഉപ്പുതോട്‌ ഗവ. യു.പി.സ്‌കൂള്‍timely news image

വനിതാ ദിനം  അദ്ധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ എല്ലാം വനിതകള്‍ ഇത്‌ ഇടുക്കിയിലെ ഉപ്പുതോട്‌ ഗവ. യു.പി.സ്‌കൂള്‍ സാബു നെയ്യശ്ശേരി ഇടുക്കി: ഓഫീസ്‌ സ്റ്റാഫ്‌ തുടങ്ങി അദ്ധ്യാപകര്‍, പ്രധാന അദ്ധ്യാപിക, എല്ലാവരും വനിതകള്‍ മാത്രം സേവനം ചെയ്യുന്ന കലാലയം വനിതാദിനത്തില്‍ ശ്രദ്ധേയമാകുന്നു. ഉപ്പുതോട്‌ ഗവ. യു.പി. സ്‌കൂളിലാണ്‌ വനിതാപെരുമ. ഓഫീസ്‌ സ്റ്റാഫ്‌ ഉള്‍പ്പെടെ ഒന്‍പത്‌ വനിതകളാണ്‌ ഇവിടെ ജോലി ചെയ്യുന്നത്‌. വനിതകള്‍ മാത്രമാണെങ്കിലും പഠനത്തിലും പഠനേതര കാര്യങ്ങളിലും ഈ സര്‍ക്കാര്‍ വിദ്യാലയം ഏറെ മുന്നിലാണ്‌. കാര്‍ഷിക കുടിയേറ്റ മേഖലയായ ഉപ്പുതോടില്‍ 1973-ലാണ്‌ ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. മണ്ണിനോടും മലയോടും മല്ലിടുന്ന മലയോരജനതയ്‌ക്ക്‌ അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ആരംഭിച്ച ഇവിടെ ഇപ്പോള്‍ 92 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌. ഇവിടെ വനിതാ മാഹാത്മ്യം തുടങ്ങിയിട്ട്‌ അഞ്ചു വര്‍ഷമായി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഇവിടെ വനിതകള്‍ മാത്രമാണ്‌ ജോലി ചെയ്യുന്നത്‌. പഠനത്തിലെന്ന പോലെപാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. ജില്ലാതല മത്സരങ്ങളില്‍ വിജയികളായവര്‍ നിരവധിയാണ്‌. കുട്ടികള്‍ക്ക്‌ പൊതുവിജ്ഞാന പരിശീലനം എല്ലാ ദിവസവും നല്‍കി വരുന്നു. ഒരു സിവില്‍ സര്‍വ്വീസ്‌ വിജയിയെ ഉപ്പുതോടിന്‌ സമ്മാനിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇതിനായി വിഷന്‍ 2025 എന്ന പേരില്‍ പരിശീലനം നടന്നുവരുന്നു. ഇപ്പോള്‍ ഇവിടെയുള്ള അദ്ധ്യാപകര്‍ക്ക്‌ ഒരു സിവില്‍ സര്‍വ്വീസ്‌ ജേതാവിനെ കാണുവാന്‍ കഴിയണമെന്നാണ്‌ ഗുരുനാഥമാരുടെ ആഗ്രഹം. വനിതകളുടെ മികച്ച പ്രവര്‍ത്തനം സ്‌കൂളിന്റെ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിനും വഴിയൊരുക്കി. എം.പി. അനുവദിച്ച ഫണ്ടുപയോഗിച്ച്‌ വാങ്ങിയ സ്‌കൂള്‍ വാന്‍ യാത്രാസൗകര്യമൊരുക്കുന്നു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ മണ്‌ഡലത്തില്‍ നിന്നും മികവിന്റെ സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത്‌ ഈ സ്‌കൂളിനെയാണ്‌. ഇതിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച്‌ ആധുനിക സൗകര്യങ്ങളോടെ പുതിയ സ്‌കൂള്‍ മന്ദിരം നിര്‍മ്മിക്കും. സ്‌കൂള്‍ പരിസരം പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയാണ്‌ ചുറ്റും മരങ്ങള്‍ പച്ചവിരിച്ച്‌ തണലേകി നില്‍ക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സ്‌ ഡെയ്‌സി ഫിലിപ്പ്‌, പി ടി എ പ്രസിഡനറ്‌ വിനോദ്‌ മാത്യു, എം പി ടി എ പ്രസിഡന്റ്‌ സിനി മനോജ്‌, സ്‌കൂള്‍ ലീഡര്‍ അക്ഷയ്‌ സുനില്‍ എന്നിവര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. വേറെയും സ്‌കൂളുകള്‍ ഉപ്പുതോടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്രയും കുട്ടികള്‍ ഇവിടെ പഠിക്കുന്നത്‌ ഈ സര്‍ക്കാര്‍ വിദ്യാലയത്തിനും ഇവിടുത്തെ വനിതാ കൂട്ടായ്‌മയ്‌ക്കുമുള്ള അംഗീകാരമാണ്‌. Kerala

Gulf


National

International