വേനല്‍ വര്‍ദ്ധിക്കുന്നു; പാമ്പുകള്‍ പുറത്തേയ്‌ക്ക്‌ നൂറിലേറെ പ്രാവശ്യം പാമ്പുകടിയേറ്റ അലോഷ്യസ്‌ അത്ഭുതമാകുന്നുtimely news image

തൊടുപുഴ : നൂറുതവണ പാമ്പുകടിയേറ്റിട്ടും അലോഷ്യസിന്‌ ഒന്നും സംഭവിച്ചില്ല. ഇനിയെന്നാണ്‌ അടുത്ത പാമ്പ്‌ തന്റെ മുമ്പില്‍ ഫണമുയര്‍ത്തി എത്തുന്നതെന്ന്‌ ഭയന്നു കഴിയുകയാണ്‌ അലോഷി. ഒന്നര വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്‌ അലോഷ്യസിന്റെ കഷ്‌ടകാലം. മുറ്റത്ത്‌ സഹോദരിയോടൊപ്പം മണ്ണുവാരി കളിച്ചുകൊണ്ടിരുന്ന അലോഷ്യസിനെ ഒരു പൂവന്‍കോഴി കൊത്തി താഴെയിട്ടു. താഴെവീണ അലോഷ്യസിന്റെ മേലാകെ ആ പൂവന്‍ കൊക്കുകൊണ്ട്‌ വരഞ്ഞു. അമ്മ ഓടിവന്നു നോക്കിയപ്പോള്‍ കുഞ്ഞിന്റെ മേലാകെ ചോര. പെട്ടെന്നു വാരിയെടുത്ത്‌ വൈദ്യന്റെ അടുത്തേയ്‌ക്ക്‌ പാഞ്ഞു. പുള്ളുകളില്‍ ഒരിനമാണത്രേ കോഴി. വിഷമുണ്ട്‌. രാത്രിയില്‍ പനിച്ചില്ലെങ്കില്‍ കുഞ്ഞ്‌ രക്ഷപ്പെടും. അലോഷ്യസിന്റെ മാതാപിതാക്കള്‍ ദൈവത്തെ വിളിച്ച്‌ നേരം വെളുപ്പിച്ചു. കുഞ്ഞിനെ പനിച്ചില്ല. ദൈവാധീനം. അങ്ങനെയൊരു ദൈവാധീനം അലോഷ്യസിന്‌ ഇപ്പോഴുമുണ്ടാവണം. അല്ലെങ്കില്‍ എന്നേ മരിച്ചുപോകേണ്ടതാണ്‌. നൂറോളം തവണ പാമ്പു കടിച്ചു. എന്നിട്ടും അലോഷ്യസിന്‌ ഒരു ചുക്കുമില്ല. കടിച്ച പാമ്പുകളില്‍ പതിനഞ്ചെണ്ണം ഉഗ്രവിഷം മുറ്റി നിന്നവയായിരുന്നു. കരിമണ്ണൂരിലുള്ള വര്‍ക്‌ഷോപ്പിലിരുന്ന്‌ അലോഷ്യസ്‌ പാമ്പുകടി എന്ന തുടര്‍ക്കഥയെക്കുറിച്ചും രക്ഷപെടലുകളെക്കുറിച്ചും ഏറെ സംസാരിച്ചു. പാമ്പുകള്‍ വിടാതെ പിന്തുടരുന്നതെന്തുകൊണ്ടാണെന്ന്‌ അദ്ദേഹത്തിന്‌ ഇന്നും അജ്ഞാതം. ഏഴാമത്തെ വയസ്സിലായിരുന്നു ആദ്യത്തെ പാമ്പുകടി. മൂര്‍ഖനാണ്‌ കടിച്ചതെന്ന്‌ വൈദ്യര്‌ പറഞ്ഞു. പെട്ടെന്നുതന്നെ വൈദ്യരുടെ അടുത്തെത്തിച്ചതുകൊണ്ട്‌ രക്ഷപെട്ടു. അന്നേ വൈദ്യര്‍ പറഞ്ഞു; ഇതൊരു തുടക്കം മാത്രമാണ്‌. ദൂതലക്ഷണത്തില്‍ നിന്നാണ്‌ ഇത്‌ മനസ്സിലാക്കിയത്‌. ഏഴുപ്രാവശ്യം കൂടി സര്‍പ്പദംശമേല്‍ക്കേണ്ടി വരും. അയല്‍വാസിയായ വൈദ്യന്‍ കുന്നപ്പിള്ളില്‍ കെ.എം. പൗലോസ്‌ മുന്നറിയിപ്പു നല്‍കി. പക്ഷെ, വൈദ്യരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ പാമ്പുകള്‍ അലോഷ്യസിന്‌ പിന്നാലെയാണ്‌. അങ്ങനെ കരിമണ്ണൂര്‍ താഴുത്തേടത്ത്‌ വീട്ടില്‍ ടി.സി. അലോഷ്യസിന്‌ പാമ്പ്‌ അലോഷി എന്ന പേരും വീണു. അലോഷ്യസിനെ ആദ്യം പാമ്പുകടിച്ചപ്പോള്‍ മുതല്‍ ചികിത്സിക്കുന്നത്‌ പൗലോസ്‌ വൈദ്യര്‍ തന്നെ. ഇതിനിടെ നാലഞ്ചുതവണ ആശുപത്രിയിലും ചികിത്സിച്ചിട്ടുണ്ട്‌. ആദ്യദംശനത്തിനുശേഷം ഒരു വര്‍ഷത്തിനകം രണ്ടു തവണകൂടി അലോഷ്യസിനെ പാമ്പു കടിച്ചു. അതില്‍ രണ്ടാമത്തേത്‌ ഭീകരമായിരുന്നു. റബ്ബര്‍തോട്ടത്തില്‍ വച്ചാണ്‌ പാമ്പ്‌ കടിച്ചത്‌. മണ്‌ഡലിയായിരുന്നു. കടിയേറ്റത്‌ ഇടത്തേക്കാലില്‍. കടിച്ചശേഷം പാമ്പ്‌ കാലില്‍ ചുറ്റി. പാമ്പിനെ പറിച്ചെറിഞ്ഞിട്ട്‌ വൈദ്യരുടെ അടുത്തേയ്‌ക്ക്‌ ഓടി. രാത്രി പത്തുമണിയായപ്പോഴേയ്‌ക്കും അലോഷ്യസ്‌ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വൈദ്യരുടെ ശ്രമങ്ങളൊന്നും ഫലിക്കാതായി. വെളുപ്പാന്‍കാലത്തോടെ ആശുപത്രിയിലെത്തി. സമയം കഴിഞ്ഞുപോയെന്നും രക്ഷപെടുത്താമോയെന്നു നോക്കാമെന്നുമായിരുന്നു ഡോക്‌ടറുടെ നിലപാട്‌. കുത്തിവയ്‌പ്പുകള്‍ പലതും നടത്തി. ഒടുവില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ അലോഷി കണ്ണു തുറന്നു. ചികിത്സിച്ച ഡോക്‌ടര്‍മാര്‍ക്കും വൈദ്യന്മാര്‍ക്കും അത്ഭുതമാണ്‌ അലോഷ്യസ്‌. രണ്ടു വര്‍ഷത്തിനുശേഷമാണ്‌ വീണ്ടും അലോഷ്യസിന്‌ പാമ്പുകടിയേല്‍ക്കുന്നത്‌. വീടിനു സമീപമുള്ള പറമ്പില്‍ വച്ചാണ്‌ അത്‌. തക്കസമയത്ത്‌ വേണ്ട വൈദ്യസഹായം ലഭിച്ചതിനാല്‍ അപ്പോഴും കുഴപ്പങ്ങളൊന്നും കൂടാതെ രക്ഷപ്പെട്ടു. പാമ്പുകടി തുടര്‍ക്കഥയായതോടെ വീട്ടില്‍ നിന്ന്‌ മാറിത്താമസിക്കാനായി വേണ്ടപ്പെട്ടവരുടെ ഉപദേശം. വീട്‌ നില്‍ക്കുന്ന സ്ഥാനത്തിന്റെയോ പുരയിടത്തിന്റെയോ പ്രശ്‌നമാവുമത്രേ. സ്ഥലദോഷം ഭയന്ന്‌ ജനിച്ച വീട്‌ ഇട്ടെറിഞ്ഞശേഷം സമീപമുള്ള മറ്റൊരു പുരയിടത്തില്‍ പുതിയ വീട്‌ നിര്‍മ്മിച്ചു. പക്ഷെ പാമ്പുകള്‍ അലോഷിയെ പിന്നീടും വിടാതെ പിന്തുടരുകയാണ്‌. പാമ്പുകടി തുടര്‍ക്കഥയായതോടെ പാമ്പുകളെ ഭയമില്ലെന്നാണ്‌ അലോഷി പറയുന്നത്‌. ഒരിക്കല്‍ നാലുപേര്‍ ചേര്‍ന്ന്‌ നടന്നുപോകുമ്പോള്‍ തെരഞ്ഞുപിടിച്ചെന്നപോലെ അലോഷിയെ പാമ്പുകടിയ്‌ക്കുകയുണ്ടായി. എന്തായാലും അലോഷിയും പാമ്പുകളും തമ്മിലുള്ള വിരോധം മാത്രം എന്താണെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല.   Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International