ഷുഹൈബ് വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല; കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുംtimely news image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേസ് സിബിഐ അന്വേഷിക്കുന്നതിന് സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ നിലനിൽക്കുന്നതല്ല എന്ന് ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സർക്കാരിന് വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.Kerala

Gulf


National

International