കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചുtimely news image

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സമരം ചെയ്ത വയല്‍കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോഴായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് സമരപ്പന്തലിലെ തീ അണച്ചത്. വയല്‍ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ആത്മാഹൂതി ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ മണ്ണെണ്ണയും  ഡീസലുമായി രാവിലെ വയലില്‍ ഇറങ്ങിയിരുന്നു. ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിരുന്നു. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ ഇന്നു മുതല്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചത്. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഐഎം നേരിട്ട് രംഗത്ത് ഇറങ്ങിയതോടെയാണ് സമരം ശക്തിപ്രാപിച്ചത്. നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എം.എല്‍.എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപിഐഎമ്മിന്റെ അവകാശവാദം. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക ഓഫര്‍ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്. കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയാണ് സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമരത്തിനിറങ്ങിയത്. പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ പദ്ധതിക്കെതിരെ വിമത സ്വരം ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിക്കുകയും വയല്‍ക്കിളി എന്ന പേരില്‍ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം കൂടുതല്‍ ശക്തമാക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.Kerala

Gulf


National

International