പ്ലാവില പോലും കറിയാക്കുന്ന ‘ആന്‍സി മാജിക് ‘timely news image

നാട്ടില്‍ പ്ലാവിനു പെരുമയേറുകയാണ്. ഒരു കാലത്ത് പ്ലാവിന്‍ ചുവടുതോറും പഴുത്തു വീണിരുന്ന ചക്കകള്‍ ഇന്ന് സുവര്‍ണതാരമായിരിക്കുന്നു. ജൈവ ഫലങ്ങളുടെ രാജാവായ ചക്ക ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുമെന്ന കണ്ടെത്തലാണ് മലയാളികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചക്കയില്‍ നിന്ന് നൂറ്റിയന്‍പതോളം ഭക്ഷ്യവിഭവങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് കോട്ടയം പാലാ ഞാവള്ളില്‍ മംഗലം ആന്‍സി മാത്യു എന്ന വീട്ടമ്മ. പത്തു വര്‍ഷമായി പാചകരംഗത്തുള്ള ആന്‍സി മാത്യു മാതാവ് ഏലിയമ്മയില്‍ നിന്നു ലഭിച്ച കൈപുണ്യവും സ്വയം ആര്‍ജ്ജിത അറിവുകളുമായി ചക്ക ചപ്പാത്തിയും, ഹല്‍വയും, പ്ലാവില കറിയും, ചക്കക്കുരു പായസവുമൊക്കെ നിര്‍മിച്ച് രുചിപ്പെരുമ സൃഷ്ടിക്കുകയാണ്. ഇടുക്കി കാഞ്ഞാര്‍, കടയത്തൂര്‍, അരീക്കാട്ട് ജോസഫ് എന്ന ജൈവ കര്‍ഷകന്റെ മകളായ ആന്‍സി വീട്ടില്‍ ചക്ക ഉണക്കാന്‍ ഡ്രയര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കാര്‍ഷിക ഭക്ഷ്യ മേളകള്‍ വഴിയാണ് ഇവരുടെ ഉല്‍പ്പന്നങ്ങളത്രയും വിപണനം ചെയ്യപ്പെടുന്നത്. വിദേശ രാജ്യങ്ങളിലെ ജോലിക്കാരാണ് ആന്‍സിയുടെ ചക്ക ഉള്‍പ്പന്നങ്ങളുടെ ആവശ്യക്കാരിലധികവും. മൂപ്പെത്താത്തതും, വരിയ്ക്കയും, കുഴയുമെല്ലാം ആന്‍സി വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളാക്കി മാറ്റാറുണ്ട്. അരീക്കാട്ട് വീട്ടില്‍ ജോയല്‍ ഫുഡ് പ്രോഡക്ട്‌സ് നിര്‍മാണ യൂണിറ്റില്‍ ചക്കയ്‌ക്കൊപ്പം നാടന്‍ ഫലവര്‍ഗങ്ങളും മൂല്യവര്‍ദ്ധിത ഉള്‍പ്പന്നങ്ങളായി മാറ്റുന്നുണ്ട്. ഇന്ന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും വിവിധ സംഘടനകളുടെയും പരിശീലക കൂടിയാണ് ആന്‍സി മാത്യു. ഓരോ സീസണിലും സ്വന്തം തൊടികളിലെ പ്ലാവുകളില്‍ വിളയുന്ന ചക്കകള്‍ മാത്രം പ്രയോജനപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചാല്‍ വീട്ടമ്മമാര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ ഇവര്‍ സമര്‍ത്ഥിക്കുന്നു. ഭര്‍തൃ വീടായ പാലാ ഞാവള്ളില്‍ മംഗലത്തും പാചക ഗവേഷണങ്ങളുമായി തിരക്കിലായ ആന്‍സി ചക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവുമൊക്കെ പ്രതിപാദിക്കുന്ന പുസ്തകവും രചിച്ചിട്ടുണ്ട്.Kerala

Gulf


National

International