വഴങ്ങാതെ മന്ത്രിയും ഡോക്ടര്‍മാരും; സര്‍ക്കാര്‍ ആദ്യം ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍; സമരം അവസാനിപ്പിച്ച് വന്നാല്‍ ചര്‍ച്ചയാകാമെന്ന് ആരോഗ്യമന്ത്രിtimely news image

തിരുവനന്തപുരം: സമരം പിന്‍വലിക്കാനില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ആദ്യം ചര്‍ച്ചയ്ക്ക് തയ്യാറാകണം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ മന്ത്രിക്ക് കത്ത് എഴുതി നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറായെത്തിയ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ പ്രതിനിധികളെ കാണാന്‍ ആരോഗ്യമന്ത്രി തയ്യാറായില്ല. സമരം അവസാനിപ്പിച്ച് വന്നാല്‍ ചര്‍ച്ചയാകാമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെ.ജി.എം.ഒ.എ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തിയിരുന്നു. നിവേദനവുമായാണ് ഡോക്ടര്‍മാര്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാല്‍ ഡോക്ടര്‍മാരെ കാണാന്‍ മന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തി. നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത് കെജിഎംഒഎ രംഗത്തെത്തുകയായിരുന്നു. ആരോഗ്യസെക്രട്ടറിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. മതിയായ രോഗികളും ആവശ്യത്തിന് ഡോക്ടര്‍മാരും ഉണ്ടെങ്കില്‍ മാത്രമേ ഉച്ചക്ക് ശേഷം ഒ.പി നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് ഡോക്ടര്‍മാരെയെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തില്‍ നിയമിക്കുകയാണെങ്കില്‍ ഉച്ചക്ക് ശേഷം ഒ.പി നടത്താമെന്ന തീരുമാനമാണ് ഡോക്ടര്‍മാര്‍ എടുത്തതെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും നിര്‍ദേശങ്ങള്‍ രേഖാമൂലം എഴുതി ഒപ്പിട്ട് നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാര്‍ തുടങ്ങിയ ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ സായാഹ്‌ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഒ.പി നീട്ടിയതില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ ഒ.പിയില്‍ കയറാതെ അനശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാതെ പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാവില്ലെന്നും സമരം നിര്‍ത്തി വന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചക്കെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച തുടങ്ങേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ സൂചന നല്‍കി. തുടര്‍ന്നാണ് മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.Kerala

Gulf


National

International