പാലക്കാട് നഗരസഭയില്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസായില്ല; ഒരു സിപിഐഎം അംഗത്തിന്റെ വോട്ട് അസാധുവായി



timely news image

പാലക്കാട്:പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരായി യു.ഡി.എഫ് കൊണ്ടുവന്ന ആദ്യത്തെ അവിശ്വാസ പ്രമേയം പാസായില്ല. സി.പി.ഐ.എം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് അവിശ്വാസപ്രമേയം പാസാവാതിരുന്നത്. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. നേരത്തെ നഗരസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കാന്‍ സി.പി.ഐഎം തീരുമാനിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് പാലക്കാട്. നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്‍മയി ജോഷിക്കാണ് ബുധനാഴ്ച യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നോട്ടീസ് നല്‍കിയത്. മരാമത്ത് സ്ഥിരംസമിതി ചെയര്‍മാനെതിരെ കൗണ്‍സിലര്‍ ബി.സുഭാഷ്, വികസന സ്ഥിരംസമിതി ചെയര്‍മാനെതിരെ എം.മോഹന്‍ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ കെ.മണി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ വി. മോഹനന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനെതിരെയും നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയാല്‍ പതിനഞ്ചുനാള്‍ക്കകം അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം. അമ്പത്തിരണ്ടംഗ നഗരസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇരുപത്തിനാല് അംഗങ്ങളുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ്സിന് 13ഉം, മുസ്ലീം ലീഗിന് അഞ്ചും അംഗങ്ങളുള്‍പ്പെടെ പതിനെട്ട് അംഗങ്ങളുണ്ടെങ്കിലും സ്വതന്ത്രനായി ജയിച്ച ഒരംഗത്തിന് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വോട്ടവകാശം ഇല്ല. ഇതുമൂലം ഫലത്തില്‍ പതിനേഴംഗങ്ങളാണുള്ളത്. ഇടതുമുന്നണിയില്‍ സിപിഐഎമ്മിന് ഒമ്പതംഗങ്ങളുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും സിപിഐഎമ്മിനൊപ്പമാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.



Kerala

Gulf


National

International