ആദ്യകുര്‍ബാന ആഘോഷത്തോടൊപ്പം അഗതികള്‍ക്കും ഒരു വിഹിതം നല്‍കിയ സഹോദരന്മാര്‍ മാതൃകയായി.timely news image

.  തൊടുപുഴ : ഇത്‌ ആഘോഷങ്ങളുടെ കാലഘട്ടം. എന്തിനും ഏതിനും ആഘോഷം. എന്നാല്‍ ആഘോഷം നടത്തുമ്പോള്‍ ബുദ്ധിമുട്ടിലും കഷ്‌ടപ്പാടിലും കഴിയുന്നവര്‍ക്ക്‌ ആഘോഷത്തിന്‌ ചിലവാകുന്ന തുകയ്‌ക്ക്‌ തുല്യമായ തുക സംഭാവന നല്‍കി ഒരു ആഘോഷം. വാഴക്കാല പള്ളിയില്‍ കഴിഞ്ഞദിവസം നടന്ന ആദ്യകുര്‍ബാനസ്വീകരണ ചടങ്ങിലാണ്‌ സഹോദരന്മാരായ സാബുവും സിബിനും ആഘോഷത്തോടൊപ്പം ഒരു കൈ സഹായം നല്‍കി മാതൃകയായത്‌. കോഴിക്കോട്‌ ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ്‌ ഓഫീസര്‍ വാഴക്കാല കോപ്രത്ത്‌ ഡോ. സാബു വര്‍ഗീസ്‌ - കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക ലിജി സാബു ദമ്പതികളുടെ മകള്‍ ആന്‍ ട്രീസ, സാബുവിന്റെ സഹോദരന്‍ റബര്‍ വ്യാപാരിയായ സിബിന്‍ വര്‍ഗീസ്‌-കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ രണ്ടാംവാര്‍ഡ്‌ മെമ്പര്‍ ലിന്റ സിബിന്‍ ദമ്പതികളുടെ മക്കളായ മരിയറ്റ്‌, പോള്‍വിന്‍ എന്നിവരുടെ ആദ്യകുര്‍ബാന സ്വീകരണമാണ്‌ ആഘോഷത്തിലെ വ്യത്യസ്ഥത കൊണ്ട്‌ ശ്രദ്ധേയമായത്‌. തങ്ങളുടെ കുട്ടികളുടെ ആദ്യകുര്‍ബാന ആഘോഷത്തിന്‌ ചെലവിടുന്ന തുകയ്‌ക്ക്‌ തുല്യമായ തുക അനാഥരായ കുട്ടികള്‍ വളരുന്ന മൈലക്കൊമ്പ്‌ മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഫൗണ്ടേഷന്‌ നല്‍കി അനാഥരായ കുരുന്നുകള്‍ക്ക്‌ ഇവര്‍ പിന്തുണ നല്‍കുകയായിരുന്നു. അതോടൊപ്പം മദര്‍ ആന്‍ഡ്‌ ചൈല്‍ഡിലെ കുട്ടികള്‍ ഒരുക്കിയ കലാസന്ധ്യ ആഘോഷത്തിന്‌ കൊഴുപ്പേകി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക്‌ അനാഥരായ കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഫൗണ്ടേഷനിലെ ജോഷി മാത്യു വിവരിച്ചു കൊടുത്തപ്പോള്‍ പലരുടെയും ഉള്ളില്‍ നൊമ്പരവും സഹാനുഭൂതിയും ഉണ്ടായി എന്നതും ഈ ആഘോഷം സമൂഹത്തിന്‌ ഒരു സന്ദേശം നല്‍കാന്‍ വഴിയൊരുക്കി. മികച്ച ഗാനങ്ങള്‍ കൊണ്ട്‌ കൊച്ചുകുട്ടിയായ തുമ്പി കാണികളുടെ മനം കവര്‍ന്നു. ആഘോഷത്തോടൊപ്പം അനാഥബാല്യങ്ങളെ സംരക്ഷിക്കുന്നതിന്‌ നേതൃത്വം നല്‍കുന്ന ജോഷി മാത്യു ഓടയ്‌ക്കലിനെ പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു. കിഡ്‌നി ദാനം ചെയ്‌ത്‌ മാതൃകയായ വാഴക്കാല സ്വദേശിനിയും ഇപ്പോള്‍ കോട്ടയത്ത്‌ താമസിക്കുന്ന മണിയങ്കേരിയില്‍ ബിന്ദു ഷാജിയെ മുന്‍ എം.പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ഉപഹാരം നല്‍കി ആദരിച്ചു. ആദ്യകുര്‍ബാന ആഘോഷം ഒരു സാംസ്‌ക്കാരിക സമ്മേളനമായി മാറുകയായിരുന്നു. പള്ളി വികാരി ഫാ. ജോസഫ്‌ വെള്ളിയാംതടം, ജില്ലാ ജഡ്‌ജി സി വി ഫ്രാന്‍സിസ്‌, മുന്‍ എം.എല്‍.എ. പി.സി.ജോസഫ്‌, കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. സിന്ധുകുമാര്‍, മുന്‍ പ്രസിഡന്റ്‌ നിസാര്‍ പഴേരി, പ്രൊഫ. എം.ജെ.ജേക്കബ്ബ്‌, പ്രൊഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ എരിച്ചിലിക്കാട്ട്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ മനോജ്‌ തങ്കപ്പന്‍, തെക്കുംഭാഗം സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ടോമി കാവാലം, തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിനി ജോഷി, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഉഷ തോമസ്‌, ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്‌. മധു, ആസാദ്‌ മൂപ്പന്‍ ഫൗണ്ടേഷന്‍ മാനേജര്‍ ലത്തീഫ്‌ കാസിം, തുടങ്ങി നിരവധിയാളുകള്‍ കലാസന്ധ്യയിലും സ്‌നേഹവിരുന്നിലും പങ്കെടുത്തു. പങ്കുവയ്‌ക്കലിന്റെ സന്ദേശം സമൂഹത്തിന്‌ നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ ഈ സഹോദരന്മാര്‍.          Kerala

Gulf


National

International