ടീം ഇന്ത്യയില്‍ രണ്ട് താരങ്ങള്‍ മാത്രം സ്ഥാനം ഉറപ്പിച്ചു; ലോകകപ്പ് ടീമിലേക്ക് കൂട്ടയിടിtimely news image

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ കളിക്കാര്‍ക്ക് നല്‍കിയത് വ്യക്തമായ സന്ദേശം. ഈ ടീമില്‍ ആരുടെയും സ്ഥാനം സ്ഥിരമല്ല. മൂന്ന് പരമ്പരകള്‍ക്കുമായി 28 കളിക്കാരെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതില്‍ എല്ലാ ഫോര്‍മാറ്റിലും അന്തിമ ഇലവനില്‍ സ്ഥാനം നേടുമെന്ന് ഉറപ്പുള്ളവര്‍ രണ്ടേ രണ്ടുപേരാണ്. സ്വാഭാവികമായും ഒന്ന് ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കില്‍ രണ്ടാമത്തെയാള്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറാണ്. അതായത്, ടീമിലെ മറ്റാരുടെയും സ്ഥാനങ്ങള്‍ക്ക് വലിയ ഉറപ്പൊന്നുമില്ലെന്ന് ചുരുക്കം. അത് എത്ര സീനിയര്‍ താരമാണെങ്കിലും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ രോഹിത് ശര്‍മയെ അഫ്ഗാനെതിരായ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതുതന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. രോഹിതിന് പകരം കരുണ്‍ നായരെയാണ് സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മികച്ച തുടക്കത്തോടെ കരിയര്‍ തുടങ്ങിയ കരുണിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ രണ്ടാം വരവിനുള്ള അവസരാമാകുമത്. അതുപോലെ വ്യക്തിപരമായ വിവാദങ്ങളില്‍ പെട്ടുഴലുന്ന മുഹമ്മദ് ഷാമിയെ ടെസ്റ്റ് ടീമില്‍ മാത്രമായി പരിമിതപ്പെടുത്തി എന്നതും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ വാര്‍ത്ത സൃഷ്ടിച്ച അജിങ്ക്യാ രഹാനെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെയുള്ള ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍ രഹാനെയില്ല. ടെസ്റ്റില്‍ രോഹിത്തിന്റെ കരിയറിന് തല്‍ക്കാലത്തേക്കെങ്കിലും സെലക്ടര്‍മാര്‍ ഫുള്‍സ്റ്റോപ്പിട്ടതുപോലെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രഹാനെയുടെയും ഷാമിയുടെയും കരിയറിനും ഫുള്‍ സ്റ്റോപ്പിടുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പ്രതിഭാശാലികളായ ഇരുവരെയും ഏകദിനട്വന്റി20 ടീമുകളിലേക്ക് ഇനി പരിഗണിക്കാനിടയില്ലെന്ന് തീര്‍ത്ത് പറയാനാവില്ലെങ്കിലും ഈ ടീമുകളില്‍ തിരിച്ചെത്തുക ഏറെ പ്രയാസകരമാകുമെന്നുറപ്പ്. ഏകദിന, ടെസ്റ്റ്, ട്വന്റി20 ടീമുകളിളെല്ലാം ഒരുപോലെ സ്ഥാനം ലഭിച്ചവര്‍ നാലുപേരാണ്. ശീഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, ഹര്‍ദ്ദീക് പാണ്ഡ്യ തുടങ്ങിയവര്‍. ഇതില്‍ ആദ്യ മൂന്നുപേരും ടീമുകളില്‍ വന്നും പോയും ഇരിക്കുന്നവരാണ്. ഹര്‍ദ്ദീക് പാണ്ഡ്യയാകട്ടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ പേരിലാണ് സെലക്ടര്‍മാരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ക്യാപ്റ്റന്‍ വിരാട് കോലിയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയുമാണ് മൂന്ന് ടീമിലും സ്വാഭാവികമായും സ്ഥാനം നേടാന്‍ ഇടയുള്ള താരങ്ങള്‍. കൗണ്ടി കളിക്കാനായി കോലി ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ വരാനിരിക്കുന്ന പരമ്പരകള്‍ കണിക്കിലെടുത്ത് ബൂമ്രക്കും ഭുവനേശ്വറിനും സെലക്ടര്‍മാര്‍ വിശ്രമം നല്‍കി. ഈ മൂന്ന് പേരൊഴിക മറ്റുള്ളവര്‍ക്കെല്ലാം സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ഈ പരമ്പരകള്‍ നിര്‍ണായകമാണ്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ഏകദിന ടീമിലെത്തിയ അംബാട്ടി റായുഡു, ജഡേജയുടെ പകരക്കാരനായി ടെസ്റ്റ് ടീമിലെത്തിയ കുല്‍ദീപ് യാദവ്, ഐപിഎല്ലിലെ മികവിന്റെ പേരില്‍ ഏകദിനട്വന്റി20 ടീമിലെത്തിയ സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്കെല്ലാം വരാനിരിക്കുന്നത് അതിജീവനത്തിന്റെ പേരാട്ടമാണ്. 2008ല്‍ കോലിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീം അംഗമായിരുന്ന സിദ്ധാര്‍ഥ് കൗളിന് വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ടീമിലിടം നേടാനായതെങ്കില്‍ 33കാരനായ റായുഡുവിനെ ടീമിലുള്‍പ്പെടിത്തിയതിലൂടെ പ്രകടനമികവാണ് പ്രായമല്ല തെരഞ്ഞെടുപ്പിന് മാനദണ്ഡമെന്ന സന്ദേശം നല്‍കാനും സെലക്ടര്‍മാര്‍ക്കായി. ഏത് പൊസിഷനിലും ബാറ്റ് ചെയ്യുമെന്നതും അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാവുമെന്നതും ഫീല്‍ഡിംഗ് മികവും റായിഡുവിന്റെ തെരഞ്ഞെടുപ്പ് എളുപ്പമാക്കി. എന്നാല്‍ ഐപിഎല്ലിലെ മികവിന്റെ പേരിലാണ് റായുഡുവിനെ ടീമിലെടുത്തതെങ്കില്‍ എന്തുകൊണ്ട് ട്വന്റി20 ടീമിലെടുക്കാതെ ഏകദിന ടീമിലെടുത്തു എന്ന ചോദ്യം ബാക്കിയാണെന്ന് മാത്രം. അണ്ടര്‍ 19 ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയ യുവതാരങ്ങളായ പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും എ ടീമിലുള്‍പ്പെടുത്താനും സെലക്ടര്‍മാര്‍ ശ്രദ്ധ കാണിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ഭൂരിഭാഗം മത്സരങ്ങളിലും കളിച്ച ശിവം മാവിയെ ജോലിഭാരം കണക്കിലെടുത്ത് പരിഗണിച്ചില്ലെങ്കിലും വൈകാതെ മാവിയും എ ടീമിലെത്തുമെന്നുറപ്പാണ് ലോകകപ്പ് ടീമിലേക്കും കൂട്ടയിടി 2019ലെ ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കുക എന്ന വലിയ ലക്ഷ്യവും സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. അന്തിമ ടീമില്‍ ആരൊക്കെയുണ്ടാവണമെന്നതിനെക്കുറിച്ച് കോഹ്‌ലിയും രവി ശാസ്ത്രിയും ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിനായി 17-18 കളിക്കാരുടെ അവസാന ചുരുക്കപ്പട്ടിക തയാറാക്കും മുമ്പ് കുറച്ച് കളിക്കാരെക്കൂടി പരീക്ഷിക്കണമെന്നാണ് കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും നിലപാട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇത്രയധികം താരങ്ങള്‍ക്ക് ഒരുമിച്ച് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായത്. ഏകദിന ടീമില്‍ നാലാം നമ്പറിലെ ഞാണിന്‍മേല്‍ കളി തുടരുന്നതിനാല്‍ റായുഡുവിനും കാര്‍ത്തിക്കിനും ശ്രേയസ് അയ്യര്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമാണ്. ഇംഗ്ലണ്ടില്‍ മികവ് കാട്ടിയാല്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ ഇവര്‍ക്കാവും. അതേസമയം, മനീഷ് പാണ്ഡെയെയും കേദാര്‍ ജാദവിനെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ലോകകപ്പ് ടീമില്‍ ഇരുവരുടെയും സ്ഥാനം സംശയത്തിലാവുകയും ചെയ്തു. കുല്‍ദീപിന്റെയും ചാഹലിന്റെയും വരവോടെ ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന് പുറത്തായ അശ്വിനും ജഡേജയ്ക്കും ലോകകപ്പ് ടീമിലിടം നേടണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എ ടീമുകള്‍ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടിയതിലൂടെ സഞ്ജുവിനും ലോകകപ്പ് ടീമില്‍ പ്രതീക്ഷവെക്കാം. പക്ഷെ, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ ശക്തമായ വെല്ലുവിളി മറികടക്കേണ്ടിവരുമെന്ന് മാത്രം.Kerala

Gulf


National

International