യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു; ഗവര്‍ണറെ കണ്ടു; നാളെ സത്യപ്രതിജ്ഞ നടത്താന്‍ നീക്കംtimely news image

ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുവാദം ചോദിക്കാന്‍ യെദ്യൂരപ്പ വീണ്ടും രാജ്ഭവനിലെത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെദ്യൂരപ്പ അറിയിച്ചിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കര്‍ ബെംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാകക്ഷി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസ് ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും ജെഡിഎസിലും പുതിയ സംഭവവികാസങ്ങളില്‍ അസംതൃപ്തര്‍ ഏറെ ഉണ്ടെന്നും ജാവഡേക്കര്‍ വിശദമാക്കി. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ക്കാനുള്ള മുഖ്യ ചുമതല ബിജെപി ബി.ശ്രീരാമുലുവിനാണ് നല്‍കിയത്. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ഈശ്വരപ്പ സ്ഥിരീകരിച്ചു. ബി.ജെ.പിയുടെ കുതിരക്കച്ചവടം പ്രതിരോധിക്കാന്‍ മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതോടെ വോട്ടിനേക്കാള്‍ വീറും വാശിയുമുള്ള തട്ടകമായി ബെംഗളൂരു. ഇപ്പോള്‍ ചേരുന്ന നിയമസഭാകക്ഷിയോഗം കഴിഞ്ഞാല്‍ എം.എല്‍.എമാരെ ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. ജെഡിഎസ് എംഎല്‍എമാരെയും ബെംഗളൂരുവിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. അല്‍പസമയത്തിനകം ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം അവിടെ ചേരും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. സിദ്ധരാമയ്യ രാവിലെ തന്നെ കോണ്‍ഗ്രസ് ഓഫിസിലെത്തി. നിയമസഭാകക്ഷിയോഗം ഉടന്‍ ചേരും. നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സിദ്ധരാമയ്യ നിഷേധിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ഇതുവരെ എത്തിയത് 42 പേര്‍ മാത്രമാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ച് പിന്തുണ ഉറപ്പാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.Kerala

Gulf


National

International