ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം 13 മണിക്കൂര്‍ കഴിഞ്ഞിട്ടും യാത്ര തുടങ്ങിയില്ല; യാത്രക്കാര്‍ ദുരിതത്തില്‍timely news image

ദുബൈ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന എ.ഐ988 വിമാനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാത്ര ആരംഭിച്ചില്ല. രാത്രി ഒരു മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയ നോമ്പുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് കടുത്ത ദുരിതമായി. പലരും രാത്രി നേരത്തേ ഭക്ഷണം കഴിച്ചാണ് ചെക്ക് ഇന്‍ ചെയ്യാന്‍ എത്തിയത്. എന്നാല്‍ നടപടി ക്രമങ്ങള്‍ പുരോഗമിച്ച ശേഷം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. രാത്രി ഒരു മണിക്ക് പുറപ്പെട്ട് 6.10ന് കോഴിക്കോട് എത്തേണ്ട വിമാനം 55മിനിറ്റ് വൈകുമെന്നാണ് ആദ്യ വിവരം ലഭിച്ചത്. എന്നാല്‍ 13 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിച്ച് പുറപ്പെടാന്‍ കഴിഞ്ഞില്ല. വൈകീട്ട് മൂന്നു മണിയോടെ പുറപ്പെടാനായേക്കും എന്ന വിവരമാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും മറ്റൊരു വിമാനത്തില്‍ പോകാന്‍ പുറത്തു വിടുകയെങ്കിലും ചെയ്യണമെന്ന് യാത്രക്കാരിലൊരാള്‍ അപേക്ഷിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അഞ്ചു മണിക്കൂറോളം വിമാനത്തിനകത്ത് ഇരുത്തിയതിനു ശേഷമാണ് യാത്രക്കാരെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചിറക്കിയത്. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമടക്കമുള്ള യാത്രക്കാര്‍ ഏറെ ദുരിതമനുഭവിച്ചു. ശേഷം കുറച്ചു പേരെ എയര്‍ ഇന്ത്യയുടെ തന്നെ മറ്റു സര്‍വീസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിച്ചു. ബാക്കിയുള്ളവര്‍ക്ക് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നത് വരെ ഹോട്ടലില്‍ തങ്ങാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്ന ഒട്ടേറെ യാത്രക്കാര്‍ക്ക് യാത്ര തുടരാനായിട്ടില്ല. വിമാനത്തിന്റെ തകരാര്‍ തിരിച്ചറിയാന്‍ കഴിവുള്ള വിദഗ്ധരോ സംവിധാനമോ എയര്‍ ഇന്ത്യയുടെ പക്കലുണ്ടായിരുന്നില്ല എന്ന് യാത്രക്കാര്‍ പറയുന്നു. സ്ഥിരമായി എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സര്‍വീസുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും, എന്നിട്ടും സര്‍ക്കാരിന്റെയോ അധികൃതരുടെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പ്രവാസി സംഘടനകളും ആരോപിക്കുന്നു. യന്ത്രത്തകരാര്‍ മാത്രമല്ല, പൈലറ്റും എയര്‍ സ്റ്റാഫും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ പോലും എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകാനും മുടങ്ങാനും കാരണമാവുന്നുണ്ടെന്നാണ് പ്രവാസികളുടെ അടക്കംപറച്ചില്‍. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വിമാനത്തില്‍ എലി കയറിയതിനെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള മറ്റൊരു എയര്‍ ഇന്ത്യ സര്‍വീസ് പതിനൊന്ന് മണിക്കൂറോളം വൈകിയിരുന്നു. ഇന്ത്യയില്‍ നിന്ന് എഞ്ചിനിയറിങ് സംഘം പുറപ്പെട്ടിട്ടുണ്ടെന്നും ഇവരെത്തി പരിശോധിച്ചതിനു ശേഷം മാത്രമേ ഈ വിമാനത്തില്‍ യാത്ര തുടരുന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനൊക്കൂ എന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ പക്ഷം. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇരുപത്തിനാല് മണിക്കൂര്‍ വൈകിയെങ്കിലും പറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. റണ്‍വേയില്‍ ഇറങ്ങിയതിനു ശേഷം മാത്രമാണ് വിമാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പെട്ടത് എന്നത് ഏറെ ഗുരുതരമായ പ്രശ്‌നമായിട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അപകടങ്ങളിേക്ക് വഴിവെച്ചേക്കാവുന്ന ഇത്തരം തകരാറുകള്‍ എയര്‍ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലെ സര്‍വീസുകളില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം തന്നെ നിരവധി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ജീവന്‍ പണയം വച്ചുള്ള ഇത്തരം അനാസ്ഥകള്‍ക്ക് നേരെ പ്രവാസികള്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും അധികൃതര്‍ നടപടികളൊന്നും കൈകൊള്ളാറില്ല. സ്വകാര്യ എയര്‍ ലൈന്‍ കമ്പനികളെ സഹായിക്കാനും പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ തകര്‍ക്കാനുമുള്ള താത്പര്യങ്ങളുടെ ഭാഗമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.Kerala

Gulf


National

International