എടപ്പാൾ പീഡനക്കേസിൽ‌ പൊലീസിന്‍റെ പ്രതികാര നടപടി, തിയെറ്റർ ഉടമയെ അറസ്റ്റ് ചെയ്തുtimely news image

എടപ്പാള്‍: കേസെടുക്കാതെ ഒത്തുകളിച്ചതിലൂടെ ഏറെ വിവാദമായ എടപ്പാൾ തിയെറ്റർ പീഡനക്കേസിൽ പൊലീസിന്‍റെ പ്രതികാര നടപടി. മലപ്പുറത്തെ ചങ്ങരംകുളം ഗോവിന്ദ തീയെറ്റർ ഉടമയാ‍യ ഇ.സി. സതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. പീഡനം സംബന്ധിച്ച വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. കൂടാതെ സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍റെ നടപടി. കേസിൽ മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയശേഷം സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 18ന് വൈകീട്ട്​ ആറ് മണിക്കു നടന്ന പ്രദര്‍ശനത്തിനിടെയാണ് കേസിലെ മുഖ്യപ്രതി മൊയ്​തീൻകുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചത്​. പിന്നീട് ഏപ്രില്‍ 26ന് തിയെറ്റർ ജീവനക്കാർ‌ സിസിടിവി പരിശോധിച്ചപ്പോഴാണ് പീഡന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിയെറ്റർ ജീവനക്കാര്‍ ദൃശ്യങ്ങൾ ചൈൽഡ്‌ ലൈനിന്​ കൈമാറി. അവരത് ചങ്ങരംകുളം പൊലീസിന് അറിയിക്കുകയും സംഭവത്തിൽ പരാതി നല്‍കുകയും ചെയ്തിരുന്നു.  എന്നാൽ രണ്ടാഴ്ചയിലേറെ സമയം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടായില്ല. തുടർന്ന് സംഭവം മാധ്യമങ്ങൾ വഴി പുറംലോകം അറിഞ്ഞതോടെയാണ് ഉന്നത ബന്ധങ്ങളുള്ള​ പ്രതി മൊയ്തീൻകുട്ടിയെ അറസ്റ്റ് ചെയ്യാൻ പൊലീസ്​ തയ്യാറായത്​. പൊലീസിന്​ രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്ന കേസ്​ വെളിച്ചത്തു കൊണ്ടുവന്നതിന്​ വനിതാ കമീഷനടക്കം അന്നു തിയെറ്റർ ഉടമയെ അഭിനന്ദിച്ചിരുന്നു. കേസിലെ മുഖ്യപ്രതി മൊയ്തീൻകുട്ടിയും പീഡനത്തിനു ഒത്താശ ചെയ്ത അമ്മ‍യേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. കൂടാതെ സംഭവത്തിൽ കൃത്യവിലോപം കാട്ടിയതിനു ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.നിലവിൽ സസ്പെൻഷനിലാണ് ബേബി.   Kerala

Gulf


National

International