Timely news thodupuzha

logo

അഗസ്ത്യമലയില്‍ പുതിയ  ആന സങ്കേതം സ്ഥാപിക്കും

തേക്കടി: 

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീഷിക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളത്തിലെ ഒട്ടേറെ പേര്‍ സമീപിച്ചിരുന്നു. മനുഷ്യരും വന്യജീവികളും തമ്മിലെ സംഘര്‍ഷ വിഷയത്തില്‍ മന്ത്രാലയം 2021 ല്‍ തന്നെ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.  ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കേരളത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിഷയത്തില്‍ വനം വകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ചെയര്‍മാനായി കേന്ദ്രം നിയോഗിച്ച സമിതി കസ്തൂരി രംഗന്‍-ഗാഡ് ഗില്‍ കമ്മറ്റി വിഷയത്തില്‍ സമഗ്രമായ സമീപനം സ്വീകരിക്കുമെന്നും ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാട്ടാനകളെ കേരളത്തില്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിഷയത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിലവിലെ ഉപയോഗം തുടരാമെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കി ജില്ലയുടെ ആവശ്യം പരിഗണിച്ച് കട്ടപ്പനയില്‍ 100 കിടക്കകളുടെ ഇ എസ് ഐ ആശുപത്രി ഉടനേ സ്ഥാപിക്കുമെന്നും മന്ത്രി പരിപാടിയില്‍ പ്രഖ്യാപിച്ചു.  ഇ എസ് ഐ സി ബോര്‍ഡും മന്ത്രാലായും എല്ലാ സൗകര്യങ്ങളോടെയും കട്ടപ്പനയില്‍ ആശുപത്രി തുടങ്ങാന്‍ തീരുമാനമെടുത്തതായും ഭാവിയില്‍ ആയുഷ്മാന്‍ ഭാരത് യോജന ഗുണഭോക്താക്കള്‍ക്കും ആശുപത്രിയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

ആനയും-മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിലാണ്  കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന ശ്രദ്ധയെന്നും മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞു. ആനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ സഹായധനം 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ കാതല്‍ ജനങ്ങളുടെ ക്ഷേമമാണെന്ന് കേന്ദ്ര ഗവണ്‍മെന്റ്   തിരിച്ചറിയുന്നു. ആന-മനുഷ്യ സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം ശരാശരി 500 പേര്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും, നൂറോളം ആനകള്‍ ആളുകളുടെ പ്രതികാരത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ അഗസ്ത്യമലയില്‍ പുതിയ  ആന സങ്കേതം സ്ഥാപിക്കുമെന്നും  കേന്ദ്ര മന്ത്രി അറിയിച്ചു.

കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. കാട് സംരക്ഷിക്കുന്നതില്‍ കേരളവും ഇടുക്കിയും ഏറെ മുന്നില്‍ ആണെങ്കിലും വന്യമൃഗ ആക്രമണത്തില്‍ കേരളം ഏറെ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40 പേരാണ് ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഇടുക്കി എംപി അഡ്വ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രകൃതി സംരക്ഷിക്കപ്പെടണം, ആനകളുടെ സംരക്ഷണവും ആവശ്യമാണ.് പക്ഷെ ജനങളുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെ ഫണ്ടിന്റെ അപര്യാപ്തത അദ്ദേഹം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എംപി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വാഴൂര്‍ സോമന്‍ എംഎല്‍എ പിന്തുണ അറിയിച്ചു.  

ചടങ്ങില്‍ രാജ്യത്തെ ആനകളുടെ സംരക്ഷണം  സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗജദിന പോസ്റ്റര്‍, പുസ്തക പ്രകാശനവും കേന്ദ്രമന്ത്രി ഭൂപെന്ദ്ര യാദവ് നിര്‍വഹിച്ചു. കെയറിങ് ഫോര്‍ എലെഫന്റ്സ്; മാനേജിങ് ഹെല്‍ത്ത് & വെല്‍ഫയര്‍ ഇന്‍ ക്യാപ്റ്റിവിറ്റി,

എലെഫന്റ് റീസര്‍വ്സ് ഓഫ് ഇന്ത്യ: ആന്‍ അറ്റ്ലസ്, എലെഫന്റ് റിസര്‍വ്സ് ഓഫ് ഇന്ത്യ; ലാന്‍ഡ് യൂസ് ലാന്‍ഡ് കവര്‍ ക്ലാസിഫിക്കേഷന്‍, സ്പെഷ്യല്‍ എഡിഷന്‍ ഓഫ് ട്രമ്പറ്റ് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. 

ഗജഗൗരവ് അവാര്‍ഡും ഗജ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി  നിര്‍വഹിച്ചു. ആനകളുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണം ഉറപ്പാക്കുന്ന സമൂഹങ്ങള്‍, മുന്‍നിര ജീവനക്കാര്‍ എന്നീ രണ്ട് തലങ്ങളിലാണ് ഗജ ഗൗരവ് അവാര്‍ഡ് സമ്മാനിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ മലസര്‍ ട്രൈബല്‍ കമ്യുണിറ്റി, കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിലെ ആന പാപ്പാന്‍ കെ. ബാബുരാജ്, ആസാം  മനാസ് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഡാന്‍ഡേശ്വര്‍ ബാരോ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി.

ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് രമേശ് കെ. പാണ്ഡേ, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ്, സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് സി. പി ഗോയല്‍, കേന്ദ്രവനം സെക്രട്ടറി ലീന നന്ദന്‍,ഡീന്‍ കുര്യാക്കോസ് എം.പി വാഴൂർസോമൻ എംഎൽഎ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്  & ഡയറക്ടര്‍ ( എലഫെന്റ് പ്രൊജക്ട് ) രമേഷ് കുമാര്‍ പണ്ഡേ സ്വാഗതവും, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം ക്ഷണിക്കപ്പെട്ട ഇ. ഡി. സി. അംഗങ്ങളുമായി കേന്ദ്രമന്ത്രി  ഭൂപേന്ദര്‍  യാദവ് ചര്‍ച്ച നടത്തി. കോവില്‍മല രാജാവ് രാമന്‍ രാജ മന്നാന്‍, ഉൾപ്പെടെയുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു.ഓരോ പ്രദേശങ്ങത്തെയും വിവിധ പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസം, റോഡ്, വന്യമൃഗ ശല്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ വിവിധ കര്‍ഷക അനുകൂല സംഘടനകള്‍ കേന്ദ്രമന്ത്രിക്ക് നിവേദനവും നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *